സിക: ചികിത്സയിലുള്ളത് എട്ടു പേർ, ഡെങ്കിപ്പനി വ്യാപനത്തിനും സാധ്യതയെന്ന് ആരോഗ്യ മന്ത്രി
text_fieldsതിരുവനന്തപുരം: സിക വൈറസ് ബാധിച്ച് സംസ്ഥാനത്ത് എട്ടു പേർ ചികിത്സയിൽ തുടരുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. ആകെ 23 പേർക്കാണ് സിക ബാധിച്ചത്. സംസ്ഥാനത്ത് സികയ്ക്കൊപ്പം ഡെങ്കിപ്പനി വ്യാപനത്തിനും സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി.
സിക വൈറസിനെ പോലെ ഡെങ്കിപ്പനിയും ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. വീടുകളുടേയും, സ്ഥാപനങ്ങളുടേയും പരിസരങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യമുണ്ടാകരുത്. ഒരു തുള്ളി വെള്ളം പോലും കെട്ടി നില്‍ക്കുന്ന അവസ്ഥയുണ്ടാകരുത്. വീട്ടിനകത്തും കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും സ്വയം പങ്കാളിത്തം ഉറപ്പുവരുത്തണം.
സിക വൈറസിനെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. സംസ്ഥാനമാകെ സിക വൈറസിനെതിരെ ജാഗ്രത പുലര്‍ത്തണം. തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൊതുക് നശീകരണത്തിന് ശക്തമായ ഇടപെടലുകള്‍ നടത്തണം.
ആരോഗ്യ മന്ത്രി, തദ്ദേശ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ഏകോപന യോഗം ചേർന്നു. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുക. രോഗവ്യാപന സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകളുടെ വിവരം ഡി.എം.ഒമാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. അതനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.