എം.ടി പഠിപ്പിച്ച നിശ്ശബ്ദ പാഠങ്ങൾ
text_fieldsകാലത്തിന്റെ സ്പന്ദനങ്ങൾ ഇത്രയധികം സൂക്ഷ്മതയോടെ മനസ്സിലാക്കിയ ഒരു എഴുത്തുകാരൻ, സാംസ്കാരിക നായകൻ ഈയടുത്ത കാലത്തുണ്ടായിട്ടില്ല. കാലം, സമൂഹം, സമൂഹത്തിന്റെ മനഃസാക്ഷി എങ്ങനെയാണ് പ്രതികരിക്കുന്നത്, എന്താണ് ആവശ്യപ്പെടുന്നത് എന്ന് കൃത്യമായി മനസ്സിലാക്കി അത് എഴുത്തിലൂടെയും സിനിമകളിലൂടെയും കൊണ്ടുവന്നതാണ് എം.ടിയെ ഇത്രയധികം വലിയ ഒരു വിജയിയാക്കി മാറ്റിയത്.
കേരളസമൂഹത്തിനുതന്നെ ഉയരാനുള്ള ഒരു മാതൃക, കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാനുള്ള മാതൃക അദ്ദേഹം ജീവിതത്തിലൂടെ കാണിച്ചുതന്നു. എം.ടിയുടെ എഴുത്തുതന്നെ കാലത്തിനോട് വളരെയധികം സ്പന്ദിക്കുന്നതാണ്. ഫ്യൂഡൽ ഘടനയിലെ കാറ്റും വെളിച്ചവും തട്ടാത്ത നാലുകെട്ടിൽനിന്ന് കാറ്റും വെളിച്ചവും തുറന്നുവരുന്ന ഒരു കാലത്തിലേക്കുള്ള മാറ്റം അദ്ദേഹം സ്വപ്നം കണ്ടു. കാലത്തിന് അനുസരിച്ചുള്ള പരിവർത്തനത്തിനൊപ്പം അദ്ദേഹം പ്രതികരിക്കുകയും മുന്നോട്ടുപോവുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ എഴുത്തിലും സിനിമയിലുമുള്ള വിജയം. സമൂഹത്തിന് എന്താണ് വേണ്ടത്, ആളുകൾക്ക് എന്താണ് വേണ്ടത് എന്ന് കൃത്യമായി മനസ്സിലാക്കാനുള്ള ഒരു മൂന്നാംകണ്ണ്, ഒരു അതീന്ദ്രിയ ജ്ഞാനം എം.ടിയിലുണ്ടായിരുന്നു. അതാണ് അദ്ദേഹത്തെ എല്ലാ തലമുറയിലുമുള്ള എഴുത്തുകാർക്കും ബഹുമാന്യനും ആരാധ്യനുമാക്കി മാറ്റിയത്.
ആധുനികന്റെ മനസ്സ്
ആധുനിക എഴുത്തുകാരുടെ രീതിയേയല്ല എം.ടിക്കുള്ളത്. അവരുടെപോലെ വിസ്ഫോടനാത്മകമായ ഒരു ആധുനിക എഴുത്തല്ല എം.ടിയുടേത്. പക്ഷേ, ഒരാധുനികന്റെ മനസ്സ് എം.ടിക്കുണ്ടായിരുന്നു. മലയാളത്തിൽ ഒരു ആധുനികവാദ സാഹിത്യത്തിന്റെ വലിയൊരു വിസ്ഫോടനം അദ്ദേഹമുണ്ടാക്കി. സിനിമയിലും അങ്ങനെതന്നെ. അദ്ദേഹം തുഞ്ചൻ സ്മാരകത്തിൽ ജോലി ചെയ്യുമ്പോൾ ജനങ്ങളുടെ മനസ്സുകളിൽ തുഞ്ചത്തെഴുത്തച്ഛന്റെ പ്രാധാന്യം, അദ്ദേഹത്തിനോടുള്ള ആദരവ്, സ്നേഹം, ഭക്തി വളർന്നുവരുന്നത് മനസ്സിലാക്കി അദ്ദേഹം അതിനനുസരിച്ച് അവിടെയുള്ള എഴുത്തിനിരുത്തടക്കം ജനകീയമാക്കി, മതേതരമാക്കി. തുഞ്ചൻ സ്മാരകത്തിന്റെ ചെയർമാനായി വന്നപ്പോൾ ജനങ്ങളുടെ അഭിലാഷം മനസ്സിലാക്കി അവിടെ വലിയ സാഹിത്യ സമ്മേളനങ്ങളടക്കം സംഘടിപ്പിച്ചു. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലെല്ലാം എങ്ങനെ ഒരു സാംസ്കാരിക സ്ഥാപനം നടത്തണം എന്നതിന്റെ ഉദാഹരണമായി എം.ടി മാറി. തുഞ്ചൻപറമ്പിലെ സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഇതരസംസ്ഥാനക്കാർ നിരവധിയെത്തി. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്ന സമയത്ത് സാഹിത്യ അക്കാദമിയുടെ വിശ്വാസ്യത ഏറെ വർധിപ്പിക്കാനും എം.ടിക്ക് കഴിഞ്ഞു. അത് കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും സുവർണ കാലഘട്ടമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കാനുള്ള കഴിവ് എം.ടിക്കുണ്ടായിരുന്നു. അത് കാലത്തിന്റെ സ്പന്ദനങ്ങളെ മനസ്സിലാക്കിയതുകൊണ്ടായിരുന്നു. കാലത്തിന്റെ ആവശ്യം മനസ്സിലാക്കിയത് കൊണ്ടായിരുന്നു. എം.ടിയുടെ ഒരു മിനിറ്റ് പോലും അനാവശ്യമായി അപഹരിക്കാൻ ആരെയും സമ്മതിക്കാറില്ലായിരുന്നു. സമയത്തിന് അത്ര വില കണക്കാക്കിയ ആളായിരുന്നു എം.ടി. എഴുത്തിലെ ഗൗരവം പോലെ തന്നെ ജീവിതത്തിലും ഗൗരവം സൂക്ഷിച്ചിരുന്നയാളാണ് എം.ടി.
എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ അനുഗ്രഹമായി വന്നയാളാണ് എം.ടി. ഞാൻ ബാങ്കിൽനിന്ന് വൊളന്ററി റിട്ടയർമെന്റ് ചെയ്യുന്നതിനുമുമ്പ് എം.ടിയോട് ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്താണ് അഭിപ്രായമെന്ന് അദ്ദേഹത്തോട് ആരാഞ്ഞു. അദ്ദേഹം ആദ്യം പറഞ്ഞത് പോരുന്നതിന് കുഴപ്പമൊന്നുമില്ല പക്ഷേ, സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു വരുമാനമുണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ വരുമാനത്തിന് വേണ്ടിയുള്ള ഓട്ടത്തിനിടയിൽ ഗൗരവത്തോടെയുള്ള എഴുത്തിലേക്ക് കടക്കാൻ കഴിയാതെയാകും. അത് സൂക്ഷിക്കണം. എം.ടിയുടെ കൂടെ പ്രവർത്തിക്കാൻ എന്നും എനിക്ക് ഇഷ്ടമായിരുന്നു. എം.ടി ഇതേക്കുറിച്ച് രണ്ട് ഓപ്ഷനുകൾ എന്റെ മുന്നിൽ വെച്ചിരുന്നു. ഒന്ന്, മാതൃഭൂമിയുടെ പബ്ലിക്കേഷൻ വിങ്ങിലേക്ക് വരാം. അതല്ലെങ്കിൽ തുഞ്ചൻ സ്മാരകത്തിന്റെ അഡ്മിനിസ്ട്രേഷനിലേക്ക് വരാം. പിന്നെയും കുറേക്കാലം കഴിഞ്ഞിട്ടാണ് ഞാൻ വൊളന്ററി റിട്ടയർമെന്റ് എടുത്തത്. അതിനുശേഷം ഉടൻതന്നെ ‘മാധ്യമ’ത്തിൽ ചേർന്നു. അത് ഞാൻ എം.ടിയോട് പറഞ്ഞപ്പോൾ ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കാൻ ഒരു കഥ തന്നു. പിന്നീട് ‘മാധ്യമ’ത്തിൽനിന്ന് ഇറങ്ങിയ സമയത്ത് എം.ടി തന്നെയാണ് തുഞ്ചൻ സ്മാരകത്തിലെ അഡ്മിനിസ്ട്രേഷനിലേക്ക് എത്തിച്ചതും.
‘എല്ലാവരും നന്നാവണമെന്നതാണ് എന്റെ ആഗ്രഹം’
തുഞ്ചൻ പറമ്പിൽ എത്തിയശേഷം ദേശീയ അന്തർദേശീയ തലത്തിലുള്ള സാഹിത്യ ലോകവുമായും സാഹിത്യ പ്രവർത്തകരുമായുമെല്ലാം അടുത്ത ബന്ധമുണ്ടാക്കാൻ സാധിച്ചു. എം.ടിയുടെ കൂടെ വെറുതെ നിന്നാൽപോലും നമുക്ക് നമ്മുടെ എല്ലാ തലത്തിലും ഉന്നതിയിലെത്താൻ വഴികൾ തുറന്നുവരും. അതുകൊണ്ടുതന്നെയാകും പലരും പല പുതിയ ചുവടുവെപ്പുകളും എം.ടിയിൽനിന്ന് തുടങ്ങുന്നത്. ‘എല്ലാവരും നന്നാവണമെന്നതാണ് എന്റെ അടിസ്ഥാനപരമായ ആഗ്രഹം’ -ഇതാണ് എം.ടി എപ്പോഴും പറയാറ്. അർഹതയില്ലാത്തത് ആർക്കും അദ്ദേഹം നൽകാറില്ല. എന്നാൽ, നിശ്ശബ്ദമായി അദ്ദേഹം പഠിപ്പിക്കുന്ന പാഠങ്ങളിലൂടെ അദ്ദേഹത്തിന് ചുറ്റുമുള്ളവരെല്ലാം ഉയരങ്ങളിലെത്തും. കൂടുതൽ ഉത്തരവാദിത്തത്തോടുകൂടി എല്ലാ കാര്യങ്ങളെയും കാണാൻ അദ്ദേഹം അറിയാതെ നമ്മളെ പഠിപ്പിക്കും. ജീവിതത്തിൽ അദ്ദേഹം പുലർത്തുന്ന സമയനിഷ്ഠ തന്നെയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. ഇതെല്ലാം അറിയാതെതന്നെ നമ്മളും സ്വാംശീകരിക്കും. ജീവിതത്തിന്റെ വിജയത്തിലേക്കുള്ള ഒരു വഴിയാണ് എം.ടി. ജീവിത വിജയത്തിലേക്കുള്ള ഒരു മന്ത്രം പോലെ നമുക്ക് എം.ടിയെ കാണാം. എപ്പോഴും ജീവിതത്തിൽ വിജയിക്കുന്ന ഒരാളെന്ന് പറയുമ്പോൾ അത് അവനവനെയും സമയത്തെയും സമൂഹത്തെയും മനസ്സിലാക്കാനും അറിയാനുമുള്ള ഒരു സിദ്ധിയാണ്.
തയാറാക്കിയത്: പ്രമോദ് ഗംഗാധരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.