പ്രതികരിക്കാൻ ഭയന്ന് മൗനത്തിലാണ്ട എഴുത്തുകാരുടെ എണ്ണം കൂടുന്നു -പി.കെ. പാറക്കടവ്
text_fieldsകാസർകോട്: പ്രതികരിക്കാൻ ഭയന്ന് മൗനത്തിലാണ്ട എഴുത്തുകാരുടെ എണ്ണം വർധിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരൻ പി.കെ. പാറക്കടവ്. മാധ്യമപ്രവർത്തകനും പത്രപ്രവർത്തക യൂനിയൻ മുൻ ജില്ല സെക്രട്ടറിയുമായിരുന്ന രവീന്ദ്രൻ രാവണേശ്വരത്തിന്റെ ‘ഇന്ത്യ: സ്വസ്തികയുടെ നിഴലിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിണ്ടാതിരിക്കുന്നത് ഒരു രക്ഷയായി കരുതുന്നത് എഴത്തുകാരന് ഭൂഷണമല്ല. ഗൗരീലങ്കേഷിനെയും ഗോവിന്ദ പൻസാരെയെയും നരേന്ദ്ര ധാബോൽക്കറെയും വെടിവെച്ചുകൊന്ന തോക്ക് ഇപ്പോഴും ഇന്ത്യയിൽ അവശേഷിക്കുന്നുണ്ട്. ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥൂറാം വിനായക് ഗോദ്സെയെ ആരാധിക്കുന്ന ഒരു ഭരണകൂടവും ഗാന്ധിയുടെ ചിത്രത്തിനുനേരെ വെടിയുതിർത്ത് ഗാന്ധിവധം പുനരാവിഷ്കരിച്ചവരുമുള്ള നാടാണ് നമ്മുടേത് -അദ്ദേഹം പറഞ്ഞു.
കാസർകോട് പ്രസ് ക്ലബിൽ നടന്ന പുസ്തകപ്രകാശനത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. ഡോ. സി. ബാലൻ പുസ്തകം പരിചയപ്പെടുത്തി. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ, മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാൻ, ടി.എ. ഷാഫി, അബൂത്വായി, പി.ദാമോദരൻ, അഷ്റഫ് അലി ചേരൈങ്ക എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പ്രദീപ് നാരായണൻ സ്വാഗതവും രവീന്ദ്രൻ രാവണേശ്വരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.