സിൽവർ ലൈൻ: ഒരു തുണ്ടുഭൂമിയേറ്റെടുത്തില്ല; ശമ്പളത്തിനായി ചെലവിട്ടത് 13.49 കോടി
text_fieldsതിരുവനന്തപുരം: സിൽവർ ലൈനിൽ ഭൂമിയേറ്റെടുക്കാൻ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥർക്ക് ഒരു വർഷത്തെ ശമ്പളത്തിനായി മാത്രം ചെലവിട്ടത് 13.49 കോടി രൂപ. ജോലിയൊന്നുമില്ലെന്നുകണ്ട് ഭൂമിയേറ്റെടുക്കൽ സെല്ലുകളിൽ നിയോഗിച്ച 205 റവന്യൂ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനും മറ്റ് ജോലികൾക്ക് നിയോഗിക്കാനും നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം പാഴ്ച്ചെലവിന് ആരാണ് ഉത്തരവാദിയെന്നതിന് ഉത്തരമില്ല.
2022 ജനുവരി ഒന്നിന് ഈ തുക റവന്യൂ വകുപ്പിന് കെ-റെയിൽ നൽകിയിട്ടുണ്ട്. ഇത് ഒരുവർഷത്തെ മാത്രം കണക്കാണ്. ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉത്തരവിറങ്ങുന്നതുവരെ ഇവരുടെ വേതനകാര്യത്തിലെ സാമ്പത്തിക ഉത്തരവാദിത്തം കെ-റെയിലിനാണ്. ആഗസ്റ്റ് മുതൽ ഒരു വർഷത്തേക്കുകൂടി കരാർ പുതുക്കിയത് പ്രകാരം മൂന്നുമാസമായി റവന്യൂ ഉദ്യോഗസ്ഥർ ഭൂമിയേറ്റെടുക്കൽ സെല്ലുകളിൽ പ്രവർത്തിക്കുകയാണ്.
കേന്ദ്രാനുമതിയില്ലാതെ ഭൂമിയേറ്റെടുക്കാനാവില്ലെന്ന് വ്യക്തമായിട്ടും സാമൂഹികാഘാത പഠനം പോലും എങ്ങുമെത്താത്ത പദ്ധതിക്കായി ധിറുതിപിടിച്ച് സെല്ലുകൾ രൂപവത്കരിച്ചതാണ് തിരിച്ചടിയായത്.
പാഴ്ച്ചെലവുകൾ ഇവിടെയും തീരുന്നില്ല. ഡി.പി.ആർ തയാറാക്കാൻ കൺസൾട്ടൻസിക്ക് നൽകിയത് 27.96 കോടിയെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ആദ്യം നൽകിയ മറുപടി. പിന്നീടിത് 29 കോടിയായെന്ന് മറ്റൊരു വിവരാവകാശ രേഖ. ഇത്രയധികം ചെലവഴിച്ച ഡി.പി.ആർ അപൂർണമെന്ന് റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടിയതോടെ 51 ലക്ഷം ചെലവഴിച്ച് അനുബന്ധ പഠനം. മഞ്ഞക്കുറ്റികൾ വാങ്ങിയ ഇനത്തിലെ ചെലവ് 1.33 കോടിയെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. കല്ലിടലിനുള്ള ചെലവടക്കം 2.44 കോടിവരും. പ്രതിഷേധം കനത്തതോടെ കല്ലിടലിനു പകരം ജിയോ ടാഗിങ് മതിയെന്ന് വെച്ചതോടെ ഈ തുകയും വെറുതെയായി. മൂന്നുമാസമെടുത്ത് ആദ്യം നടത്തിയ അതിവേഗ പാരിസ്ഥിതികാഘാത പഠനത്തിന് ചെലവിട്ടത് 40.12 ലക്ഷം രൂപ. കോടതിയിലടക്കം ഇത് ചോദ്യംചെയ്യുമെന്ന് കണ്ടതോടെ വിശദവും സമഗ്രവുമായ പഠനത്തിനായി വിനിയോഗിച്ചത് 85 ലക്ഷം.
കെ-റെയിൽ ജീവനക്കാർക്കുള്ള ശമ്പളം രണ്ടു കോടിയോളം വരും. ഓഫിസുകൾ സ്ഥാപിക്കൽ, അനുബന്ധപഠനങ്ങൾക്കും കൺസൾട്ടൻസികൾക്കുമായി ചെലവഴിച്ചവ, സമൂഹമാധ്യമ പ്രചാരണം, പരസ്യങ്ങൾ, ജനസമക്ഷം എന്ന പേരിൽ ജില്ലകളിൽ നടത്തിയ സംശയനിവാരണ പരിപാടികൾ എന്നിവയടക്കം പുറത്തുവരാത്ത മറ്റ് കണക്കുകൾ ഇതിനു പുറമെയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.