സിൽവർ ലൈനിൽ ഇന്ന് ചർച്ച
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ ഡി.പി.ആർ പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്രം മുന്നോട്ടുവെച്ച നിർദേശങ്ങൾ സർക്കാർ വിഭാവനം ചെയ്ത പദ്ധതിക്ക് കടകവിരുദ്ധം. തത്ത്വത്തിൽ തന്നെ ഭിന്നതയുള്ളതിനാൽ വ്യാഴാഴ്ച കൊച്ചിയിൽ കെ-റെയിൽ പ്രതിനിധികളും റെയിൽവേ അധികൃതരും യോഗം ചേരുമെങ്കിലും ധാരണയിലെത്താനുള്ള സാധ്യത വിരളം. ഡി.പി.ആറിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്തിയുള്ള പദ്ധതിക്ക് സർക്കാറിന് താൽപര്യമില്ല. പാസഞ്ചര്‍ ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളുമടക്കം സമ്മിശ്ര സര്‍വിസിന് കഴിയുന്ന ബ്രോഡ്ഗേജ് പാതയാകണം സിൽവർ ലൈൻ എന്നതാണ് ദക്ഷിണ റെയിൽവേയുടെ പ്രധാന നിർദേശം. അതേ സമയം സിൽവർ ലൈനിനുവേണ്ടി രൂപകൽപന ചെയ്ത ട്രെയിനുകൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന സ്റ്റാൻഡേർഡ് ഗേജിലെ ഡെഡിക്കേറ്റഡ് പാതയാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. ഡി.പി.ആറിന്റെ പ്രധാന ഭാഗം തുടങ്ങുന്ന ഒന്നാം വാള്യം ഭാഗം എയില്‍ തന്നെ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര നിർദേശത്തിന് വഴങ്ങിയാൽ പദ്ധതി തന്നെ മാറ്റിവെക്കുന്നതിന് തുല്യമാകുമെന്നതാണ് സർക്കാറിന്റെ വിലയിരുത്തൽ. സംസ്ഥാന സര്‍ക്കാറും റെയില്‍വേ ബോർഡ് അധികൃതരും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ്, സ്റ്റാന്‍ഡേര്‍ഡ് ഗേജ് ഉള്‍പ്പെടെ സാങ്കേതിക കാര്യങ്ങള്‍ ഡി.പി.ആറില്‍ ഉള്‍പ്പെടുത്തിയതെന്നും ഇക്കാര്യം ഡി.പി.ആറിന്റെ എക്സിക്യൂട്ടിവ് സമ്മറിയില്‍ പരാമർശിക്കുന്നുണ്ടെന്നുമാണ് സർക്കാർ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നതും.
പദ്ധതി ഇത്രയധികം വൈകിയതിനാൽ, 2020ൽ കെ-റെയിൽ സമർപ്പിച്ച ഡി.പി.ആർ ഇനി കേന്ദ്രം അംഗീകരിച്ചാൽ പോലും പ്രാവർത്തികമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ. കണ്ടെത്തേണ്ട ഭൂമിയും ഭാരിച്ച സാമ്പത്തികച്ചെലവും മുതൽ സർക്കാറിന്റെ കാലാവധി അവസാനിക്കാറായതും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമടക്കം നിരവധി കാരണങ്ങളാണ് ഇതിന് പിന്നിൽ. 2020ൽ തയാറാക്കിയ ഡി.പി.ആർ പ്രകാരം 2025 മാർച്ചിലാണ് പദ്ധതി പൂർത്തിയാക്കേണ്ടത്. ഡി.പി.ആറിലെ ആകെ നിർമാണച്ചെലവായി കണക്കാക്കിയത് 64,000 കോടി രൂപയാണ്. ഇത് യാഥാർഥ്യബോധത്തോടുള്ള കണക്കുകളല്ലെന്നും ഒരു ലക്ഷം കോടി വരെ നിർമാണച്ചെലവ് വരുമെന്നും അന്നുതന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. കെ-റെയിലിന്റെ തന്നെ കണക്കുകൾ പ്രകാരം പദ്ധതി ഒരു വർഷം വൈകിയാൽ 3500 കോടിയുടെ അധിക വർധനയുണ്ടാകും.
റെയിൽവേ നിർദേശങ്ങൾ
- പദ്ധതി നാഷനല്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തണം.
- പാലങ്ങളും ആർ.ഒ.ബികളും റെയില്‍വേ റൂള്‍സ് അനുസരിച്ചായിരിക്കണം.
- നിര്‍മാണ ഘട്ടത്തിലോ സര്‍വിസ് ഘട്ടത്തിലോ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാന്‍ പാടില്ല.
- പാതകള്‍ക്കും ട്രെയിനുകൾക്കും കവച് സുരക്ഷാ സംവിധാനം വേണം.
- റെയില്‍വേ ചട്ടങ്ങള്‍ അനുസരിച്ചുള്ള മാലിന്യനിര്‍മാര്‍ജന സംവിധാനം ഏര്‍പ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.