സിൽവർ ലൈൻ മുറിയുന്നത് 1115 റോഡ്; പണിയുന്നത് 595 അടിപ്പാതയും മേൽപാലങ്ങളും മാത്രം
text_fieldsകോട്ടയം: സിൽവർ ലൈൻ യാഥാർഥ്യമായാൽ അടച്ചുപൂട്ടേണ്ടിവരുന്നത് 520 റോഡെന്ന് സൂചന. റെയിൽ കടന്നുപോകുന്ന തിരുവനന്തപുരം-കാസർകോട് റൂട്ടിൽ നടത്തിയ ആകാശസർവേയിൽ 1115 ഇടത്ത് കെ-റെയിൽ പാത ചെറുതും വലുതുമായ റോഡുകൾ മുറിച്ചുകടക്കുന്നുണ്ട്. വിശദ പദ്ധതിരേഖയുടെ നാലാം ഭാഗത്തിന്റെ പാർട്ട് ബിയിൽ ഇക്കാര്യം വിശദമാക്കുന്നുണ്ട്. 1115 റോഡിന്റെ വിശദാംശങ്ങളും ഇവിടെ ലഭ്യമാണ്. ഇതിൽ 13 റോഡുമാത്രമാണ് 10 മീറ്ററിൽ കൂടുതൽ വീതിയുള്ളത്.
161ാമത്തെ ഇനമായി 10.25 മീറ്റർ വീതിയുള്ള സേലം-കൊച്ചി കന്യാകുമാരി ദേശീയപാതയുടെയും 346ാമത്തേതായി 16.86 മീറ്റർ വീതിയും രണ്ടുമീറ്റർ വീതിയിൽ മീഡിയനുമുള്ള കൊച്ചി എയർപോർട്ട് റോഡും 356ാമത്തേതായി 22.55 മീറ്റർ വീതിയിൽ ദേശീയപാത 544ഉം 639ാമത്തേതായി ഇടപ്പള്ളി-പനവേൽ ദേശീയപാതയും 1095-ാമത്തേതായി കണ്ണൂർ-കാസർകോട് റോഡും പരാമർശിച്ചിട്ടുണ്ട്. ഇവിടെയെല്ലാം അടിപ്പാതയോ മേൽപാലമോ നിർമിക്കാൻ നിർദേശവുമുണ്ട്.
ഇത്തരത്തിൽ റെയിൽ കടന്നുപോകുന്ന റൂട്ടിൽ നിലവിലെ റോഡുകൾക്കും തോടുകൾക്കുമൊക്കെ മേൽപാലങ്ങൾ അല്ലെങ്കിൽ അടിപ്പാതകൾ നിർമിക്കുമെന്നാണ് മുഖ്യമന്ത്രിതന്നെ ജനസമക്ഷം വിശദീകരിച്ചത്. എന്നാൽ, 3720 പേജുള്ള വിശദ പദ്ധതിരേഖയിൽ 1.48 കി.മീ. നീളമുള്ള ഒരു റെയിൽവേ അടിപ്പാത, 322 സിംഗിൾ സ്പാൻ റെയിൽവേ മേൽപാലങ്ങൾ, 94 ഇടത്ത് ബോക്സ് ടൈപ് കോൺക്രീറ്റ് അടിപ്പാതകൾ, 1.08 കി.മീ. നീളത്തിൽ ഒരു സബ്വേ, 140 പൈൽ ഫൗണ്ടഷൻ റെയിൽവേ മേൽപാലങ്ങൾ, 39 വെന്റ്വേ മേൽപാലം അടക്കം 595 മേൽപാലത്തിനും അടിപ്പാതകൾക്കുമായി 4425.29 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നത്.
88.41 കി.മീ. നീളത്തിൽ ആകാശപാത പണിയുമെന്ന് പറയുന്നുണ്ടെങ്കിലും അത് വെള്ളക്കെട്ടുകൾക്കും കൃഷിസ്ഥലങ്ങൾക്കും മുകളിലൂടെയാണ്. റോഡ്ക്രോസിങ്ങുകളിലെ മേൽപാലങ്ങൾ ഇതിൽപെടുന്നില്ല. മുഖ്യമന്ത്രിയും കെ-റെയിൽ മേധാവികളും പറയുന്നതു ശരിയെങ്കിൽ 1115 റെയിൽ മേൽപാലമോ അടിപ്പാതകളോ പദ്ധതിരേഖയിൽ ഉണ്ടാവണം. 1115 റോഡ് ക്രോസിങ്ങുകളിൽ 595 ഇടത്തുമാത്രം മേൽപാതയും അടിപ്പാതയും നിർമിക്കാൻ തീരുമാനിച്ചാൽ ബാക്കി 520 റോഡിൽ എന്തുസംഭവിക്കും എന്നതിൽ വ്യക്തതയില്ല. ഈ റോഡുകൾ സിൽവർ ലൈനിനുസമീപം അടച്ചുപൂട്ടപ്പെടാനാണ് സാധ്യത. ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിച്ച് മേൽപാലമോ അടിപ്പാതയോ ഉള്ളയിടങ്ങളിൽ എത്തിയാൽ മാത്രമെ സിൽവർ ലൈൻ മുറിച്ചുകടന്ന് യാത്ര തുടരാനാവൂ എന്നാണ് വിശദപദ്ധതി രേഖയിൽനിന്ന് ലഭിക്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.