സിൽവർ ലൈൻ: ഏറ്റെടുക്കേണ്ടി വരുക 1198 ഹെക്ടർ സ്വകാര്യ ഭൂമി
text_fieldsതിരുവനന്തപുരം: സിൽവർ ലൈനിന് ഭൂമി ഏറ്റെടുക്കാൻ മാത്രം വേണ്ടിവരുന്നത് 13265.30 കോടി രൂപ. പദ്ധതിക്ക് വേണ്ട 1383 ഹെക്ടർ ഭൂമിയിൽ 1198 ഹെക്ടറും സ്വകാര്യ വ്യക്തികളുടേതാണ്. 185 ഹെക്ടർ റെയിൽവേയുടേതും. സ്വകാര്യഭൂമിക്ക് 6100 കോടിയും റെയിൽവേ ഭൂമിക്ക് 975 കോടിയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരത്തിന് 4460 കോടിയും ആർ.ആർ കോസ്റ്റായി 1730 കോടിയും നീക്കിവെച്ചിട്ടുണ്ടെന്ന് സിൽവർ ലൈനിന്റെ സമ്പൂർണ പദ്ധതിരേഖയിൽ പറയുന്നു.
താരതമ്യപഠനത്തിൽ സിൽവർ ലൈനാണ് മെച്ചം. ഒരു കിലോമീറ്റർ സിൽവർ ലൈനിന് വേണ്ടത് 2.4 ഹെക്ടർ മാത്രമാണ്. എന്നാൽ, റോഡിനും റെയിൽപാത ഇരട്ടിപ്പിക്കലിനും വേണ്ടത് കിലോമീറ്ററിന് 6.1 ഹെക്ടർ. ആറ് വരിപ്പാതക്ക് ഇതിന്റെ മൂന്നിരട്ടി ഭൂമി വേണ്ടിവരും. പ്രധാന നഗരങ്ങളെയും ബസ് ടെർമിനലുകളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് ടൂറിസം ട്രെയിനുകൾ. കൊങ്കൺ മാതൃകയിൽ ചരക്ക് ഗതാഗതത്തിന് റോറോ സർവിസ്. റെയിൽ ലൈൻ, വ്യോമ, കര, ജല മാർഗങ്ങളെയെല്ലാം സിൽവൻ ലൈൻ ഏകോപിപ്പിക്കും. കായംകുളം, ആലപ്പുഴ, കൊച്ചി തീരത്തുകൂടി പാത പോകുന്ന സാധ്യത പരിശോധിച്ചിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തിന്റെയും സാധ്യതകൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ അലൈൻമെൻറ്. രാജ്യത്തെയും വിദേശത്തെയും സമാന പദ്ധതികളെക്കുറിച്ചും വിശദപഠനം നടത്തിയിരുന്നു.
ജനവാസമേഖലകളും ആരാധനാലയങ്ങളും പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു. ഉദ്ദേശിച്ച വേഗം നിലനിർത്താൻ വളവില്ലാത്ത പാതക്ക് മുൻഗണന നൽകി. കെ- റെയിലിനെ പ്രധാന നഗരങ്ങളുമായും വ്യവസായ കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കും.ഗതാഗതക്കുരുക്കുള്ളതിനാൽ നിലവിലെ ഹൈവേകളിലൂടെ വേഗത്തിൽ യാത്ര ചെയ്യാനാകില്ല. സമീപ സംസ്ഥാനങ്ങളെക്കാൾ 30-40 ശതമാനം വേഗം കുറവാണ് കേരളത്തിൽ. മറ്റ് സംസ്ഥാനങ്ങളിലെയും മറ്റ് രാജ്യങ്ങളിലെയും അതിവേഗ പാതകൾ പരിശോധിച്ചാണ് റിപ്പോർട്ട്. വശങ്ങളിലെ ഉയരം പരമാവധി എട്ട് മീറ്ററാകും. സുസ്ഥിര പരിസ്ഥിതി സൗഹൃദ-ഊർജക്ഷമതയുള്ള ഗതാഗത സംവിധാനമാണ് സിൽവർ ലൈൻ. സുഗമവും സുരക്ഷിതവും സുസ്ഥിരവും താങ്ങാനാകുന്നതുമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്ന സിൽവർ ലൈൻ നടപ്പാക്കുമ്പോൾ സമ്പദ്രംഗവും ജനങ്ങളുടെ ജീവിതവും മെച്ചപ്പെടും. പരിസ്ഥിതി സൗഹൃദ ഗതാഗത മാതൃകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സർവിസ് പ്രതിദിനം 18 മണിക്കൂർ
തിരുവനന്തപുരം: പുലർച്ച അഞ്ചിനും രാത്രി 11നും ഇടയിലാണ് സിൽവർ ലൈൻ സർവിസ്. ആകെയുള്ള 11 സ്റ്റേഷനുകളെ മൂന്ന് വിഭാഗമായി തിരിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവ എ ക്ലാസായിരിക്കും. ചെങ്ങന്നൂർ, കോട്ടയം, തിരൂർ എന്നിവ ബി ക്ലാസും കൊച്ചി എയർപോർട്ട് -സി ക്ലാസുമാണ്. കോഴിക്കോട് ഭൂഗർഭ സ്റ്റേഷനാകും. കൊച്ചുവേളി, എറണാകുളം, തൃശൂർ ഭൂനിരപ്പിൽനിന്ന് ഉയർന്നാകും. ബാക്കി ഭൂനിരപ്പിലും. ആറ് ഭാഗങ്ങളിൽ കെ-റെയിൽ നിവിലെ റെയിൽപാത ക്രോസ് ചെയ്യും. തിരൂർമുതൽ കാസർകോടുവരെ നിലവിലെ ലൈനിന് സമാന്തരമാകും. ജീവനക്കാരുടെ ശമ്പളത്തിന് 271 കോടി കണക്കാക്കുന്നു. യാത്രക്കാരിൽനിന്നുള്ള വരുമാനം ഓടിത്തുടങ്ങുന്ന 2025-26ൽ 2276 കോടിയായിരിക്കും. 2032-33ൽ 4504 കോടിയായും 2072-73ൽ 81139 കോടിയായും വർധിക്കും. ആദ്യവർഷം 237 കോടിയാണ് ചരക്ക് നീക്കത്തിൽ കിട്ടുക. 2032-33ൽ 374 കോടിയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.