സിൽവർ ലൈൻ: ബദലായി ഉയരുന്നത് 2015ൽ ഉപേക്ഷിച്ച പദ്ധതി
text_fieldsതിരുവനന്തപുരം: സിൽവർ ലൈനിന് ബദലായി ഇ. ശ്രീധരൻ മുന്നോട്ടുവെക്കുന്നത് 2015ൽ അന്നത്തെ യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ച അതിവേഗ പാത പദ്ധതി. 23 കോടി രൂപ ചെലവിൽ ഡി.എം.ആർ.സിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ വിശദ പദ്ധതി രേഖ (ഡി.പി.ആർ) സാമ്പത്തികമായും പ്രായോഗികമായും കേരളത്തിന് അനുയോജ്യമല്ലെന്ന വിലയിരുത്തലിൽ അന്ന് മന്ത്രിസഭ തള്ളുകയായിരുന്നു.
297 കിലോമീറ്റർ ദൂരം തൂണിന് മുകളിലൂടെയും 126 കിലോമീറ്റർ ഭൂമിക്കടിയിലൂടെയുമാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 2015 ൽ ഡി.പി.ആർ പൂർത്തിയാകുന്ന ഘട്ടത്തിൽ തന്നെ 1.2 ലക്ഷം കോടിയായിരുന്നു െചലവ്.
അന്ന് തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയാണ് പാത നിശ്ചയിച്ചിരുന്നതെങ്കിൽ പുതിയ പദ്ധതിരേഖയിൽ ശ്രീധരൻ അത് കണ്ണൂർ വരെയാക്കി ചുരുക്കി. ഇതോടെ ഭൂമിക്ക് മുകളിലൂടെ ആദ്യം വിഭാവനം ചെയ്തിരുന്ന 86 കിലോമീറ്റർ പുതിയ പദ്ധതിരേഖയിൽ ഒഴിവാക്കപ്പെട്ടു.
സിൽവർ ലൈൻ അപ്രായോഗികമെന്ന് ആവർത്തിക്കുന്ന ശ്രീധരൻ, തന്റെ ബദൽ പദ്ധതി പരിഗണിച്ചാൽ സഹകരിക്കാൻ തയാറാണെന്ന് തുറന്നുപറയുന്നു. അപ്പോഴും സിൽവർ ലൈനടക്കം വിവിധ റെയിൽ പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ രൂപവത്കരിച്ച കെ-റെയിലിൽ (കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) അദ്ദേഹത്തിന് വിശ്വാസമില്ല.
പുതിയ പാത നിർമിക്കാനുള്ള ചുമതല ഡി.എം.ആർ.സിയെ എൽപിച്ചാൽ ആറ് വർഷം കൊണ്ട് പൂർത്തിയാക്കുമെന്നും കെ-റെയിലാണെങ്കിൽ 15 വർഷമെടുക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
ഒരു കിലോമീറ്റർ പാത പണിയാൻ 200 കോടിയാണ് ശ്രീധരൻ ചെലവ് കണക്കാക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പാത പണിയാൻ 84,000 കോടിയാണ് എസ്റ്റിമേറ്റ് െചലവ്. പദ്ധതി പൂർത്തിയാകുമ്പോൾ ഒരുലക്ഷം കോടി കവിയും. 2015ൽ 1.2 ലക്ഷം കോടി വരെ ചെലവ് പ്രതീക്ഷിച്ച പദ്ധതി എട്ടുവർഷത്തിനിപ്പുറം ഒരു ലക്ഷം കോടിയിൽ പൂർത്തിയാക്കാനാകുമോ എന്നതിൽ കൃത്യമായ ഉത്തരമില്ല.
പുതിയ ഡി.പി.ആർ തയാറാക്കിയാലേ കേന്ദ്രാനുമതിക്കായി സമർപ്പിക്കാനാകൂ.
ഡി.പി.ആറിന് മാത്രം ഒന്നരവർഷം സമയമെടുക്കും. നിലവിൽ 30 കോടി രൂപ ചെലവഴിച്ച് തയാറാക്കിയ ഡി.പി.ആറും ലക്ഷങ്ങൾ ചെലവഴിച്ച പാരിസ്ഥിതികാഘാത പഠനവുമെല്ലാം നിലവിലുണ്ടായിരിക്കെ സർക്കാർ ഒരു സാഹസിക മാറ്റത്തിന് മുതിരുമോ എന്നതാണ് പ്രധാനം.
സിൽവർലൈൻ പദ്ധതി പൊളിച്ചെഴുതുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രതികരണം വ്യക്തമായ സൂചന കൂടിയാണ്.
അതേസമയം ഡൽഹി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ കെ.വി. തോമസ്-ഇ. ശ്രീധരൻ കൂടിക്കാഴ്ചക്കും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പിന്തുണക്കുമെല്ലാം റെയിൽപദ്ധതി എന്നതിനപ്പുറം അതിവേഗം രാഷ്ട്രീയമാനം കൂടി കൈവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.