സിൽവർ ലൈനും വന്ദേഭാരതും വാദപ്രതിവാദത്തിന് അതിവേഗം
text_fieldsതിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ 400 വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപന പശ്ചാത്തലത്തിൽ സിൽവർ ലൈനിന്റെ പ്രസക്തിയെച്ചൊല്ലി ചൂടേറിയ വാദ-പ്രതിവാദം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശശി തരൂർ എം.പിയുമടക്കം വന്ദേഭാരത് വരുന്നതോടെ സിൽവർ ലൈനിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും സർക്കാർ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കേരളത്തിലേക്ക് വന്ദേഭാരത് എക്സ്പ്രസുകൾ എത്തിയാലും നിലവിലെ പാളങ്ങളിലൂടെ ജനശതാബ്ദിയുടെ വേഗത്തിലേ ഓടിക്കാനാകുവെന്നാണ് കെ-റെയിലിന്റെ വാദം.
മൂന്നു വർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകളെന്നാണ് ബജറ്റ് പ്രഖ്യാപനം. മണിക്കൂറിൽ 160-180 കിലോമീറ്ററാണ് വേഗം. നിലവിൽ രണ്ട് റൂട്ടുകളിൽ ഇവ ഓടുന്നുണ്ട്. പുതിയ പാളങ്ങൾ നിർമിക്കാതെതന്നെ, നിലവിലെ ലൈനുകൾ ശാക്തീകരിച്ച് ഓടിക്കാനാകും. സ്ഥലമേറ്റെടുക്കൽ, നിർമാണച്ചെലവ്, കുടിയൊഴിക്കൽ, പരിസ്ഥിതി ആഘാതം എന്നിവയൊഴിവാക്കാമെന്നതും ഗുണമാണ്. ഡി.പി.ആർ പ്രകാരം 2025 മാർച്ച് ആണ് സിൽവർ ലൈൻ കമീഷനിങ് നടക്കേണ്ടത്. എന്നാൽ, വായ്പ നടപടികളടക്കം കടമ്പകളേറെ. നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷിച്ച സമയത്ത് പൂർത്തിയാക്കാനാകില്ല. എന്നാൽ, വന്ദേഭാരതിൽ സമയപരിധി പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു വർഷമായി കേരളം സിൽവർ ലൈൻ അനുമതിക്ക് ശ്രമിക്കുകയാണ്. കേന്ദ്രബജറ്റിൽ സിൽവർ ലൈനിനെക്കുറിച്ച് പരാമർശം പ്രതീക്ഷിച്ചിച്ചെങ്കിലും അതുണ്ടായില്ല. കേന്ദ്രമന്ത്രി അശ്വിനികുമാർ വൈഷ്ണവ് ബജറ്റിലെ റെയിൽവേ പദ്ധതികൾ സംബന്ധിച്ച് നടത്തിയ വിശദീകരണത്തിലും സിൽവർ ലൈനില്ല. എന്നാൽ, മുംബൈ -അഹ്മദാബാദ് അതിവേഗപാതയുടെ കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. പദ്ധതിയോടുള്ള കേന്ദ്രസമീപനത്തിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ.
താരതമ്യം ചെയ്യാനാകില്ല -കെ റെയിൽ
തിരുവനന്തപുരം: സിൽവർ ലൈനും വന്ദേഭാരതും രണ്ടാണെന്നും താരതമ്യം ചെയ്യാനാകില്ലെന്നും കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. വന്ദേഭാരതിന്റെ വേഗം മണിക്കൂറിൽ 160 ആയിരിക്കാം. എന്നാൽ, കേരളത്തിലെ പാളത്തിൽകൂടി ഈ വേഗത്തിൽ ഓടിക്കാനാകില്ല. ശതാബ്ദിയുടെയും രാജധാനിയുടെയും വേഗത്തിലേ സർവിസ് സാധിക്കൂ.
എറണാകുളം-ഷൊർണൂർ പാതയിൽ 80 കിലോമീറ്ററാണ് വേഗം. ഷൊർണൂർ-കാസർകോട് പാതയിൽ 110 കിലോമീറ്ററും തിരുവനന്തപുരം-കായംകുളം-എറണാകുളം വഴി 100 കിലോമീറ്ററും കോട്ടയം-എറണാകുളം വഴി 90 കിലോമീറ്ററും വേഗത്തിലേ ഓടിക്കാനാകൂ. തിരുവനന്തപുരത്തിനും കാസർകോടിനുമിടയിൽ 626 വളവുണ്ട്. മൊത്തം പാതയുടെ 36 ശതമാനവും വളവാണ്. ഗതാഗതം പൂർണമായും നിർത്തിവെച്ചാലും മൂന്നു -നാല് വർഷമെടുക്കും ഈ വളവുകൾ നിവർത്താൻ. ട്രെയിനുകൾ ഓടിക്കുന്നതിനൊപ്പമാണ് ജോലികളെങ്കിൽ പത്ത് മുതൽ 20 വർഷമെടുക്കും. കെ-റെയിൽ ലക്ഷ്യമിടുന്നത് പ്രതിദിനം 37 ട്രെയിനാണ്. പീക്ക് സമയങ്ങളിൽ ഓരോ 20 മിനിറ്റിലും ഓരോ ട്രെയിനുണ്ടാകും- എം.ഡി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.