സിൽവർ ലൈൻ: പ്രതിവർഷ പ്രതീക്ഷ 2500 കോടി
text_fieldsതിരുവനന്തപുരം: യാത്രാനിരക്കിനത്തിൽ സിൽവർലൈൻ പ്രതിവർഷം പ്രതീക്ഷിക്കുന്നത് 2276 കോടി. കെ-റെയിൽ കോർപറേഷൻ നടത്തിയ ഗതാഗത പഠനപ്രകാരമുള്ള യാത്രക്കാരുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ഈ വരുമാനം കണക്കാക്കുന്നത്. ഇതോടൊപ്പം ചരക്കുനീക്കം വഴി 237 കോടി രൂപ പ്രതീക്ഷിക്കുന്നതായും വിശദപദ്ധതി രേഖയുടെ (ഡി.പി.ആർ) സംക്ഷിപ്തത്തിൽ വ്യക്തമാക്കുന്നു.
പ്രതിദിനം 79,000 യാത്രക്കാർ സിൽവർലൈനെ ആശ്രയിക്കുമെന്നാണ് കെ-റെയിലിെൻറ കണക്കുകൂട്ടൽ. കേരളത്തിലെ റോഡുകളിൽ കൂടി 150 കിലോമീറ്റർ ദൂരത്തിന് മുകളിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം 1.25 ലക്ഷമാണ്. ഒരു കാറിൽ 1.6 യാത്രക്കാരെയാണ് കണക്കാക്കുന്നത്. ഇതിെൻറ നിശ്ചിത വിഹിതം സിൽവർ ലൈനിലേക്കെത്തുമെന്നാണ് കെ-റെയിലിെൻറ പ്രതീക്ഷ. ഇത്രയധികം യാത്രക്കാരെ പ്രതിദിനം ലഭിക്കുമോ എന്നതിലും അവ്യക്തയുണ്ട്. മൂന്നുകോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കൂടി കടന്നുപോകുന്ന നിർദിഷ്ട മുംബൈ-അഹമ്മദാബാദ് അതിവേഗപാതയിൽ പോലും പ്രതീക്ഷിക്കുന്നത് പ്രതിദിനം പരമാവധി 40,000 യാത്രക്കാരെയാണ്. താരതമ്യേന ഇത്രയൊന്നും തിരക്കില്ലാത്ത, 40 ലക്ഷം ആളുകൾ താമസിക്കുന്ന മേഖലയിൽ കൂടി കടന്നുപോകുന്ന സിൽവർ ലൈനിൽ പ്രതീക്ഷിക്കുന്നതാകട്ടെ 79,000 യാത്രക്കാരെയും.
അതേസമയം മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്ക് പോകുന്നവർ ബിസിനസ് ആവശ്യത്തിന് വേണ്ടി മാത്രം ചെയ്യുന്നവരാണെന്നും കേരളത്തിലെ യാത്ര രീതി വ്യത്യസ്തമാണെന്നുമാണ് കെ-റെയിലിെൻറ വാദം. യാത്രക്കാരുടെ എണ്ണം കണക്കാക്കുന്നതിലെ പാളിച്ച കൊച്ചി മെട്രോയുടെ കാര്യത്തിലും അനുഭവസാക്ഷ്യമാണ്. 1.25 കോടിയോളം ജനസംഖ്യയുള്ള മുംബൈയും നാലുലക്ഷം ജനസംഖ്യയുള്ള കൊച്ചിയും തമ്മിൽ കൃത്യമായ താരതമ്യം സാധിക്കുമെന്നിരിക്കെ മുംബൈ മെട്രോയേക്കാൾ കൂടുതൽ ആളുകൾ കൊച്ചി മെട്രോയെ ആശ്രയിക്കുമെന്നായിരുന്നു സർക്കാർ അവകാശവാദം. കണക്കുകൂട്ടൽ പിഴച്ചതോടെ കനത്ത നഷ്ടമാണ് കൊച്ചി മെട്രോ പ്രതിവർഷം ഏറ്റുവാങ്ങുന്നത്. സ്വന്തം കാറിൽ യാത്ര ചെയ്യുന്നവരെയാണ് സിൽവർ ലൈൻ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് സർക്കാറും അധികൃതരും ആവർത്തിക്കുന്നത്. പല പ്രധാന നഗരങ്ങളെയും സ്പർശിക്കാതെയാണ് സിൽവർ കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ സ്വന്തം കാറിൽ യാത്ര ചെയ്യുന്ന എത്ര പേർ അതുപേക്ഷിച്ച് സിൽവർലൈനിനെ ആശ്രയിക്കുമെന്നതിലും ഉറപ്പില്ല.
പ്രതീക്ഷിക്കുന്ന വരുമാനം
(തുക കോടിയിൽ)
വർഷം ടിക്കറ്റ് ചരക്ക്
2025-2026 2276 237
2032-2033 4504 374
2042-2043 10361 669
2052-2053 21827 1198
2062-2063 42476 2146
2072-2073 81139 3844
ലക്ഷ്യം കച്ചവടം –വി.ഡി. സതീശൻ
മലപ്പുറം: സിൽവർ ലൈന്‍ പദ്ധതിയുടെ പൂര്‍ണ രൂപം പുറത്തിറക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പദ്ധതി ജനങ്ങളോട് പറയാന്‍ എന്തിനാണ് മടി. രാജ്യ സുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യമല്ലല്ലോ ഇത്. സര്‍ക്കാറിന് കച്ചവടലക്ഷ്യം മാത്രമാണ് ഉള്ളത്. വിദേശ കമ്പനികളെ കണ്ടെത്തി കമീഷന് ഒരുക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെടും എന്നു പറഞ്ഞ് ബുള്ളറ്റ് ട്രെയിനെതിരെ പ്രതിഷേധിച്ചവർക്ക് ഇക്കാര്യത്തില്‍ മറ്റൊരു നിലപാടാണ്. ഇത് ഇരട്ടത്താപ്പാണ്. പദ്ധതിക്കെതിരെ യു.ഡി.എഫും കോണ്‍ഗ്രസും ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കും - അദ്ദേഹം പറഞ്ഞു.
സർക്കാർ കൂടെയുണ്ട് –കോടിയേരി
അടൂർ: കേരള വികസനത്തിന് കെ-റെയിൽപോലുള്ള പദ്ധതികൾ അനിവാര്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം ജില്ല സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ-റെയിലിെൻറ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവർക്ക് വിഷമം ഉണ്ടാകും. എന്നാൽ, ഇവരുടെകൂടെ സർക്കാറുണ്ടാകും. പുനരധിവാസ സൗകര്യം സർക്കാർ ചെയ്യും. ആരെയും കണ്ണീർ കുടിപ്പിക്കില്ല. ഭൂമി നഷ്ടപ്പെടുന്നവരല്ല ഇതിനെ എതിർക്കുന്നത്. യു.ഡി.എഫും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയും കൂടിച്ചേർന്ന് സംയുക്ത സംവിധാനം രൂപംകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കെ-റെയിൽ പദ്ധതിക്കെതിരെ കലാപം സംഘടിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിൽ എട്ട് സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. അതിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നുണ്ട്. അവിടെയൊന്നും കോൺഗ്രസും ബി.ജെ.പിയും എതിർക്കുന്നില്ല. ഇവിടെ മാത്രമാണ് എതിർപ്പ്. രാഷ്ട്രീയമായ എതിർപ്പിനുമുന്നിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കില്ല -കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.