സിൽവർ ലൈൻ: ആശങ്കയും ആക്ഷേപവും ഗൗരവതരം –യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതിപ്രദേശത്തെ ജനങ്ങൾക്കിടയിൽ ഉയർന്ന ആശങ്കയും ആക്ഷേപങ്ങളും ഗൗരവതരമെന്ന് ഇതുസംബന്ധിച്ച് പഠിക്കാൻ ഡോ. എം.കെ മുനീർ കൺവീനറായി യു.ഡി.എഫ് നിയോഗിച്ച ഉപസമിതി വിലയിരുത്തി.
പദ്ധതിയുടെ ഭാഗമായ സ്ഥലമേറ്റെടുക്കൽ എത്രപേരെ പ്രതികൂലമായി ബാധിക്കുമെന്നത് സംബന്ധിച്ചും തൃപ്തികരമായ പുനരധിവാസം, ന്യായമായ നഷ്ടപരിഹാരം എന്നിവയെക്കുറിച്ചും വസ്തുനിഷ്ഠ പഠനം നടന്നിട്ടില്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് പറയാനുള്ളത് കേൾക്കാനും ഔദ്യോഗികസംവിധാനങ്ങൾ ശ്രമിച്ചില്ല.
പദ്ധതിയുടെ ലാഭക്ഷമത, പരിസ്ഥിതി ആഘാതം എന്നിവയെക്കുറിച്ച് സംശയമുയർന്നിട്ടുണ്ട്. തിരുവനന്തപുരം മുതൽ തിരൂർവരെ ഭാഗത്ത് നിലവിലെ ലൈനുമായി ചേർന്ന് സിഗ്നൽ സംവിധാനം നവീകരിച്ചും വളവുകൾ നേരെയാക്കിയും പുതിയ ലൈനിനുള്ള സാധ്യത പരിശോധിക്കണം. ജനങ്ങളുടെ ആശങ്കയും പരാതികളും പരിഹരിച്ചശേഷമേ പദ്ധതിയുമായി മുന്നോട്ടുപോകാവൂവെന്ന് ഉപസമിതി നിർദേശിച്ചു.
ഇതിനായി ജനങ്ങളിൽനിന്ന് പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കാൻ ജൂലൈ 24ന് രാവിലെ കോട്ടയത്തും 30ന് കോഴിക്കോട്ടും ഉപസമിതി യോഗങ്ങൾ സംഘടിപ്പിക്കും.
ഉപസമിതി അംഗങ്ങളായ കെ.സി. ജോസഫ്, സി.പി. ജോൺ, വി.ടി. ബൽറാം, ജി. ദേവരാജൻ, ജോൺ ജോൺ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.