സിൽവർ ലൈൻ സംവാദം; ജോസഫ് സി. മാത്യുവിനെ ഒഴിവാക്കി
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ നടക്കുന്ന സംവാദത്തിൽനിന്ന് കാരണമൊന്നും പറയാതെ അവസാന നിമിഷം ഐ.ടി വിദഗ്ധനും സാമൂഹിക നിരീക്ഷകനുമായ ജോസഫ് സി. മാത്യുവിനെ ഒഴിവാക്കി. ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം ഔദ്യോഗികമായി ക്ഷണിക്കുകയും പങ്കെടുക്കാമെന്ന് ഉറപ്പുനൽകുകയും പേരുൾപ്പെടുത്തി നോട്ടീസ് തയാറാക്കുകയും ചെയ്ത ശേഷമാണ് ഒഴിവാക്കൽ. പകരം പരിസ്ഥിതി ഗവേഷകന് ശ്രീധര്‍ രാധാകൃഷ്ണനെയാണ് എതിർക്കുന്നവരുടെ പാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പേരുവിവരങ്ങളടങ്ങിയ പുതുക്കിയ നോട്ടീസും വാർത്തക്കുറിപ്പും കെ-റെയിൽ പുറത്തുവിട്ടിട്ടും ഒഴിവാക്കിയ കാര്യം ജോസഫ് സി. മാത്യുവിനെ അറിയിച്ചിട്ടില്ല. എന്നാൽ നേരേത്ത തയാറാക്കിയ നോട്ടീസ് അന്തിമമായിരുന്നില്ലെന്നും പാനലിൽ ഇതല്ലാതെ മറ്റ് മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്നുമാണ് കെ-റെയിൽ വിശദീകരണം. ജോസഫ് സി. മാത്യുവിനെ മാറ്റിയത് എന്തിനെന്ന് കെ-റെയിൽ വിശദീകരിക്കുന്നുമില്ല.
പദ്ധതിയെ എതിർത്ത് സംസാരിക്കാൻ ആർ.വി.ജി. മേനോൻ, അലോക് വർമ, ജോസഫ് സി. മാത്യു എന്നിവരെയാണ് നിശ്ചയിച്ചിരുന്നത്. മുൻ റെയിൽവേ എൻജിനീയർ സുബോധ് ജെയിൻ, ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥ്, ട്രിവാൻഡ്രം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രൻനായർ എന്നിവരെ അനുകൂലിച്ച് സംസാരിക്കാനും. എന്നാൽ അസൗകര്യം മൂലം സജി ഗോപിനാഥ് സംവാദത്തിൽ പങ്കെടുക്കില്ല. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതെന്നാണ് വിവരം. എന്നാൽ, പേരുവെട്ടലിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലും സമ്മർദവുമാണെന്ന ആരോപണവും ശക്തമാണ്. ആർ.വി.ജി. മേനോനും അലോക് കുമാർ വർമയും സാങ്കേതിക കാരണങ്ങളും പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടിയാണ് പദ്ധതിയെ എതിർക്കുന്നത്.
എന്നാൽ ജോസഫ് സി. മാത്യു 'ഇതൊരു ഇടതുപക്ഷ വികസന ബദലല്ല' എന്ന രാഷ്ട്രീയ കാരണവും പരിസ്ഥിതി പ്രശ്നങ്ങളും കൂടി ഉന്നയിച്ചാണ് പദ്ധതിയെ വിമർശിക്കുന്നത്. ഈ നിലപാടാകണം അദ്ദേഹത്തെ ചർച്ചയിൽനിന്ന് മാറ്റാൻ പ്രേരകമായതെന്നാണ് വിവരം.
ഒഴിവാക്കൽ രാഷ്ട്രീയ കാരണങ്ങളാൽ, അവർ ചോദ്യങ്ങളെ ഭയപ്പെടുന്നു -ജോസഫ് സി. മാത്യു
തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽനിന്ന് തന്നെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും രാഷ്ട്രീയ ചോദ്യങ്ങളെ അവർ ഭയപ്പെടുകയാണെന്നും ജോസഫ് സി. മാത്യു. ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസിൽനിന്ന് ഒഴിവാക്കിയാലും ചോദ്യം അവിടെത്തന്നെ നിലനിൽക്കും. പാനലിൽനിന്ന് മാറ്റിയ കാര്യം അറിയിക്കാനുള്ള സാമാന്യമര്യാദപോലും കാണിച്ചില്ല. മാധ്യമ വാർത്തകളിൽനിന്നാണ് താനിക്കാര്യം അറിഞ്ഞത്. പാനലിൽ മാറ്റം വരുത്താൻ അവർ ആഗ്രഹിക്കുന്നെങ്കിൽ അത് എന്തുകൊണ്ടാണെന്ന് പറഞ്ഞില്ലെങ്കിലും അക്കാര്യം തന്നെ വിളിച്ചുപറയാം. അതൊരു സാമാന്യമര്യാദയാണ്. മര്യാദക്ക് പരിപാടി നടത്താൻ കഴിവില്ലാത്തവർ എങ്ങനെയാണ് ട്രെയിൻ ഓടിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
74 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെ സിൽവർ ലൈൻ നടപ്പാക്കാമെന്ന് സി.പി.എം നയപരമായി തീരുമാനമെടുത്തിട്ടുണ്ടോ? സി.പി.എമ്മിന്റെ നയത്തിന് വിരുദ്ധമായ കാര്യം എങ്ങനെയാണ് സംസ്ഥാന സർക്കാർ കേന്ദ്ര റെയിൽവേ ബോർഡിനെ അറിയിക്കുക. ഇത്തരം അസ്വസ്ഥതകൾ ഉളവാക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്ന വ്യക്തിക്ക് എന്തിനാണ് വേദി ഒരുക്കുന്നതെന്ന് അവർ ചിന്തിച്ചിട്ടുണ്ടാകും. ഐ.ടി വിദഗ്ധനായതു കൊണ്ടാണോ ഒഴിവാക്കിയതെന്ന ചോദ്യത്തിന് 19ന് ശേഷം തന്റെ പ്രൊഫൈലിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്നും അതിനുമുമ്പും അങ്ങനെത്തന്നെയായിരുന്നെന്നുമായിരുന്നു മറുപടി.
ജോസഫിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയക്കളി -വി.ഡി. സതീശൻ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദത്തിനുള്ള പാനലില്‍നിന്ന് ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയക്കളികളാണെന്നും കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള നടപടിയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കെ- റെയില്‍ കോർപറേഷന്റെ ഇടപെടലിനെ തുടര്‍ന്നുള്ള ഒഴിവാക്കല്‍ ദുരൂഹമാണ്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ- റെയില്‍ എം.ഡിയുടെ സ്ഥാനമെന്നും സതീശൻ ചോദിച്ചു. പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും സില്‍വര്‍ ലൈന്‍ പദ്ധതി ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ഉറച്ച നിലപാടുള്ളയാളാണ് ജോസഫ്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത മുഖമുദ്രയാക്കിയ സര്‍ക്കാറില്‍നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. ഇടതല്ല, ഇവര്‍ തീവ്ര വലതുപക്ഷ സര്‍ക്കാറാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.