സിൽവർ ലൈൻ സംവാദം: അപ്രതീക്ഷിത കല്ലുകടി
text_fieldsതിരുവനന്തപുരം: എതിർക്കുന്നവരെ കൂടി ഉൾപ്പെടുത്തിയുള്ള സിൽവർ ലൈൻ സംവാദ നീക്കം തുടക്കത്തിൽ വലിയ സ്വീകാര്യതയാണ് സർക്കാറിന് നേടിക്കൊടുത്തതെങ്കിലും ഏകപക്ഷീയ നടപടികളും രാഷ്ട്രീയ ഇടപെടലുകളും കൊണ്ടെത്തിച്ചത് അപ്രതീക്ഷിത കല്ലുകടികളിൽ. സംവാദത്തിൽനിന്ന് ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയത് രാഷ്ട്രീയ സമ്മർദം മൂലമാണെന്ന് ആക്ഷേപം ശക്തമായിരിക്കെയാണ് പദ്ധതിയെ എതിർത്ത് സംസാരിക്കേണ്ട അലോക് വർമയുടെയും ശ്രീധർ രാധാകൃഷ്ണന്‍റെയും പിന്മാറ്റം. ജോസഫ് സി. മാത്യുവിന് പകരം കണ്ടെത്തിയ ശ്രീധർ ക്ഷണം നിരസിച്ചതും തിരിച്ചടിയായി.
സർക്കാർ പരിപാടിയെന്ന നിലയിൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം അതിഥികളെ ക്ഷണിക്കുകയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്ത ശേഷം സർക്കാർ പിന്മാറിയതാണ് ഇരുവരെയും ചൊടിപ്പിച്ചത്. ഒപ്പം ക്ഷണക്കത്തിലെ ചില പരമാർശങ്ങളും കടുത്ത വിയോജിപ്പിന് ഇടയാക്കി. ''സംസ്ഥാനത്തിന്‍റെ ബഹുമുഖ വികസനത്തിനും വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന സെമി ഹൈസ്പീഡ് റെയിൽ പാതയായ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് കേരളത്തിലെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങൾ അറിയിക്കുക'' എന്നതാണ് സംവാദത്തിന്‍റെ ലക്ഷ്യമായി കത്തിൽ പറയുന്നത്. ഇതാണ് ദുരുദ്ദേശ്യപരമെന്ന് അലോക് വർമ ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയെ എതിർക്കുന്ന വിദഗ്ധരുടെ ആശങ്ക സംഘാടകർ ശ്രദ്ധിക്കുകയോ ഗൗരവമായി പരിഗണിക്കുകയോ ചെയ്യില്ലെന്ന സൂചനയാണ് ഇതിലുള്ളതെന്ന് അലോക് വർമ വ്യക്തമാക്കുന്നു.
പദ്ധതിയുടെ മഹാത്മ്യം വിദഗ്ധരിലൂടെ കുടുതൽ മനസ്സിലാക്കാനാണ് സംവാദം നടത്തുന്നതെന്നാണ് കത്തിൽനിന്നു മനസ്സിലാക്കാനാകുന്നതെന്ന് ശ്രീധർ രാധാകൃഷ്ണൻ 'മാധ്യമ'ത്താട് പറഞ്ഞു. പദ്ധതിയെ പ്രോത്സാഹിപ്പിക്കാനും നല്ലതു പറയാനുമാണോ എന്ന സംശയമാണ് കത്ത് കിട്ടിയപ്പോൾ തോന്നിയത്. കേൾക്കേണ്ടത്, സർക്കാർതന്നെ കേൾക്കണം. എന്നാൽ, കേൾക്കുന്നതിൽനിന്ന് സർക്കാർ പിന്മാറിയെന്നാണ് മനസ്സിലാവുന്നതെന്നും സിൽവർ ലൈനിനുവേണ്ടിയുള്ള പി.ആർ വർക്കാക്കി ഇതിനെ മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. സംവാദവുമായി മുന്നോട്ടുപോകാനാണ് കെ-റെയിൽ തീരുമാനം. അലോക് കുമാർ വർമയുടെയും ശ്രീധർ രാധാകൃഷ്ണന്‍റെയും പിന്മാറ്റ വാർത്ത പുറത്തുവന്നശേഷവും 28ന് നടക്കുന്ന സംവാദത്തിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ച് കെ-റെയിലിന്‍റെ അറിയിപ്പ് എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.