സിൽവർ ലൈൻ: നാടിന് വിനാശമുണ്ടാക്കുന്ന വികസനമല്ല വേണ്ടത് -മേധ പട്കര്‍
text_fieldsതിരുവനന്തപുരം: നാടിന് വിനാശം സൃഷ്ടിക്കുന്ന വികസനമല്ല ഭരണാധികാരികള്‍ സൃഷ്ടിക്കേണ്ടതെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. കെ-റെയിൽ പദ്ധതിക്കെതിരെ സമരംചെയ്യുന്ന ജനങ്ങളെ കേൾക്കാനും ചർച്ചനടത്താനും മുഖ്യമന്ത്രി തയാറാകണമെന്നും അവർ പറഞ്ഞു.
കെ-െറയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി നേതൃത്വത്തിൽ കാസർകോടുനിന്ന് ആരംഭിച്ച സമരജാഥയുടെ സമാപനസംഗമം സെക്രട്ടറിയേറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പദ്ധതി നടപ്പാക്കിയാല്‍ കേരളത്തിന്റെ സമഗ്രമേഖലയെയും ബാധിക്കും. തുടര്‍ച്ചയായി ഉണ്ടായ പ്രളയത്തിനുശേഷം കേരളത്തിന്റെ വികസനരീതി അധികാരികള്‍ തിരുത്തുമെന്നാണ് കരുതിയത്.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാതപഠനം പോലും നടന്നിട്ടില്ലെന്നും മേധ കുറ്റപ്പെടുത്തി. സ്വകാര്യഭൂമിയിൽ അതിക്രമിച്ചുകടക്കുക എന്നതാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. അത് എത്രയും വേഗം അവസാനിപ്പിക്കണം. കെ-റെയിൽ വേണ്ട കേരളം വേണം എന്ന മുദ്രാവാക്യം ജനങ്ങൾക്കൊപ്പം ഏറ്റുവിളിച്ചാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.
സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ബുള്ളറ്റ് െട്രയിനിന് എതിരായ സമരത്തിൽ ഒപ്പമുള്ള സി.പി.എം നേതൃത്വം നൽകുന്ന സർക്കാറാണ് കെ-െറയിലിന് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിരുദ്ധ സമര നേതാവ് ശശികാന്ത് സോനാവാനേ പറഞ്ഞു. ആശാന് സ്ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.
കെ-റെയിൽ ചെറുത്ത് നിൽപ്പിൽ പൊലീസ് നടപടിയെ അതിജീവിച്ച അഞ്ച് വനിതാപ്രവർത്തകരായ സിന്ധു ജെയിംസ് ചെങ്ങന്നൂർ, ആരിഫ പരപ്പനങ്ങാടി, റോസിലിൻ ഫിലിപ് മാടപ്പള്ളി, ദീപ എസ്. മുള്ളിയൻകാവ്, സുധ എസ്. തഴുത്തല എന്നിവർ ചേർന്ന് സമരജ്വാല തെളിച്ചു. സമിതി സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ് സമരജ്വാല ഏറ്റുവാങ്ങി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എം. ഹസൻ, പി.എം.എ സലാം, മോൻസ് ജോസഫ് എം.എൽ.എ, സി.ആർ. നീലകണ്ഠൻ, ജയ്സൺ ജോസഫ്, എസ്. രാജീവൻ, എ.എൻ. രാജൻബാബു, ജോസഫ് എം. പുതുശ്ശേരി, പ്രഫ. കുസുമം ജോസഫ്, മനോജ് കുമാർ, ശ്രീധർ രാധാകൃഷ്ണൻ, ഡോ. എം.പി. മത്തായി, ജോൺ പെരുവന്താനം, ഗ്ലേവിയസ് അലക്സാണ്ടർ, പ്രഫ. ജോസ് മാത്യു, അജിത് യാദവ്, ഷബീർ ആസാദ്, അനിത ശാന്തി, കെ.പി. രവിശങ്കർ, ജോൺ ജോസഫ്, വി.ജെ. ലാലി, വി.കെ. രവീന്ദ്രൻ, എം.എസ്. വേണുഗോപാൽ, സജി കെ. ചേരമൻ, കാർത്തിക് ശശിധരൻ, റസാഖ് പലേരി തുടങ്ങിയവർ പങ്കെടുത്തു.
ലാത്തിച്ചാർജ്, ഗ്രനേഡ്, സംഘർഷം
സിൽവർ ലൈൻ പദ്ധതിക്കെതിരെ വ്യാഴാഴ്ചയും സംസ്ഥാന വ്യാപകമായി പ്രതിഷേധം ആളിക്കത്തി. ജലപീരങ്കിയും ലാത്തിയും കണ്ണീർ വാതകവും കൊണ്ട് സമരത്തെ നേരിടാനെത്തിയ അധികൃതർക്ക് പക്ഷേ ജനകീയസമരത്തിന് മുന്നിൽ തോറ്റുപിന്മാറേണ്ടി വന്നു. സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തൃശൂർ, കോഴിക്കോട് കലക്ടറേറ്റ് വളപ്പിൽ പ്രതീകാത്മകമായി പ്രതിഷേധക്കുറ്റി സ്ഥാപിച്ചു.
തൃശൂരിൽ ബാരിക്കേഡ് മറികടന്ന് കലക്ടറേറ്റ് വളപ്പിൽ പ്രവേശിച്ചവർക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. കോട്ടയം പാറമ്പുഴ കുഴിയാലിപ്പടിയില്‍ സർവേക്കല്ലിടാനുള്ള മൂന്നാം ദിവസത്തെ ശ്രമവും ജനകീയപ്രതിരോധത്തിനു മുന്നിൽ പാഴായി. മലപ്പുറം പൊന്നാനി താലൂക്കിൽ കല്ലിടാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ ഉദ്യോഗസ്ഥർ മടങ്ങി.
യൂത്ത് കോൺഗ്രസ് കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സർവേ കല്ല് സ്ഥാപിച്ച് നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. സമരക്കാരും പൊലീസും തമ്മിലുണ്ടായ ഉന്തുംതള്ളുമാണ് സംഘർഷമായത്. ഇതോടെ, പൊലീസ് സമരക്കാർക്കുനേരെ ജലപീരങ്കിയും രണ്ടുതവണ ഗ്രനേഡും പ്രയോഗിച്ചു. സമരക്കാരുടെ സമീപത്താണ് ഗ്രനേഡ് പൊട്ടിത്തെറിച്ചതെങ്കിലും ആർക്കും പരിക്കില്ല. പിന്നീട് റോഡ് ഉപരോധിച്ചവരും കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ അടക്കമുള്ള നേതാക്കളും ഉൾപ്പെടെ ഇരുപതിലേറെ പേരെ അറസ്റ്റ്ചെയ്തു നീക്കി.
തൃശൂരിൽ ബാരിക്കേഡ് മറികടന്ന് കലക്ടറേറ്റ് വളപ്പിൽ പ്രവേശിച്ച യൂത്ത് കോൺഗ്രസുകാർക്ക് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. പ്രതിഷേധക്കുറ്റി പൊലീസ് ഉടൻ നീക്കി. കലക്ടറേറ്റിന് പുറത്ത് സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
ലാത്തിച്ചാർജിൽ പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതില്‍ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഏറെനേരം കുത്തിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ച ശേഷമാണ് സമരക്കാർ പിരിഞ്ഞത്. മലപ്പുറം പൊന്നാനി താലൂക്കിൽ കല്ലിടാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ ഉദ്യോഗസ്ഥർ മടങ്ങി.
രണ്ടാംദിവസം സ്വകാര്യ ഭൂമിയിൽ കല്ലിടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായത്. വ്യാഴാഴ്ച രാവിലെ 9.30ഓടെ തവനൂർ കാർഷിക കോളജ് കാമ്പസിന് അകത്ത് കല്ലിട്ടശേഷം പുറത്തെ സ്വകാര്യ ഭൂമിയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാരും സമരസമിതി പ്രവർത്തകരും തടഞ്ഞത്.
കോട്ടയം പാറമ്പുഴ കുഴിയാലിപ്പടിയില്‍ വ്യാഴാഴ്ച രാവിലെ കണ്ണീർ വാതകമടക്കം വന്‍ പൊലീസ് സന്നാഹത്തോടെയാണ് അധികൃതരെത്തിയത്. എന്നാല്‍, സമരക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പൊലീസും റവന്യൂ അധികൃതരും മടങ്ങി. ഇതിനിടെ കുഴിയാലിപ്പടിയില്‍ സമരക്കാർ സ്ഥിരം പ്രതിഷേധവേദിയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.