സിൽവർ ലൈൻ: എതിർക്കുന്ന വിദഗ്ധരുമായി സംവാദത്തിന് സർക്കാർ
text_fieldsതിരുവനന്തപുരം: കല്ലിടലിനെതിരെ തെരുവിൽ പ്രതിഷേധമിരമ്പുന്നതിനിടെ സിൽലൈൻ പദ്ധതിക്കെതിരെ എതിർപ്പുന്നയിച്ച വിദഗ്ധരുമായി സംവാദത്തിന് സർക്കാർ.
അലോക് വർമ, ആർ.വി.ജി. മേനോൻ, ജോസഫ് സി. മാത്യു എന്നിവരുമായടക്കം ഈമാസം 28ന് സംവാദം നടത്താനാണ് തീരുമാനം. കെ-റെയിലിനെ അനുകൂലിക്കുന്നവരും ചർച്ചയിൽ പങ്കെടുക്കും. പദ്ധതിക്കെതിരെ വിദഗ്ധർ വിമർശിക്കുമ്പോഴും അതിനെല്ലാം അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടുപോകലായിരുന്നു ഇതുവരെയുള്ള സർക്കാർ ലൈൻ. എന്നാൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്ന ഘട്ടത്തിൽ ഈ നിലപാടിൽനിന്ന് ചുവടുമാറ്റമാണ് വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള സംവാദനീക്കം. സംവാദത്തിനായി ക്ഷണം കിട്ടിയ അലോക് വർമ പദ്ധതിക്കായി പ്രാരംഭപഠനം നടത്തിയ മുൻ ചീഫ് ബ്രിഡ്ജ് എൻജിനീയറാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടിരുന്നു. അതേസമയം സർക്കാർ സംവാദത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ ക്ഷണം കിട്ടിയാൽ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മുൻ റെയിൽവേ എൻജിനീയർ സുബോധ് ജെയിൻ, ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥ്, ട്രിവാൻഡ്രം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് രഘുചന്ദ്രൻനായർ എന്നിവരാണ് പദ്ധതിക്കായി വാദിക്കാനെത്തുന്നത്.
ശാസ്ത്ര സാങ്കേതിക പ്രിൻസിപ്പൽ സെക്രട്ടറി കെ.പി. സുധീറാണ് മോഡറേറ്റർ. അതേസമയം പ്രതിഷേധം തുടരുന്ന സമരസമിതി നേതാക്കളെ വിളിക്കാത്തതിൽ വിമർശനമുയരുന്നുണ്ട്. പദ്ധതിക്കെതിരെ തുടർച്ചയായി വിമർശനമുന്നയിക്കുന്ന അലോക്വർമക്കെതിരെ കഴിഞ്ഞ ദിവസം കെ-റെയിൽ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തിന്റെ ആവശ്യങ്ങളും യാഥാർഥ്യങ്ങളും മനസ്സിലാക്കാതെ വലിയൊരു അടിസ്ഥാന സൗകര്യ വികസന പദ്ധതിയെ തടസ്സപ്പെടുത്താനാണ് അലോക്വർമ ശ്രമിക്കുന്നതെന്നായിരുന്നു വിമർശനം. 107 ദിവസം മാത്രം പദ്ധതിയുടെ സാധ്യത പഠനത്തിനുവേണ്ടി പ്രവര്‍ത്തിച്ച ടീമംഗമായിരുന്നു അലോക് വര്‍മ.
വെറും മൂന്നുമാസത്തെ അനുഭവംവെച്ച് പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതില്‍ അർഥവുമില്ലെന്നായിരുന്നു ഫേസ്ബുക്ക് വഴിയുടെ വിമർശനം. പിന്നാലെയാണ് സംവാദത്തിന് ക്ഷണിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.