സിൽവർ ലൈൻ: പൊരുത്തമില്ലാതെ നിരക്കും കണക്കും
text_fieldsതിരുവനന്തപുരം: കനത്ത സാമ്പത്തിക ബാധ്യതയേറ്റെടുത്ത് സംസ്ഥാനം നിർമിക്കാനുദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതിയിൽ പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്കിലും വരുമാനത്തിലും തൊഴിലവസരങ്ങളിലുമെല്ലാം പൊരുത്തപ്പെടാത്ത കണക്കുകൾ.
കെ റെയിലിെൻറ കണക്ക് പ്രകാരം കിലോമീറ്ററിന് 2.75 രൂപയാണ് യാത്രക്കൂലി. ഇത് ഫസ്റ്റ് ക്ലാസ് എ.സി നിരക്കിനെക്കാൾ 28 ശതമാനം കുറവും സെക്കൻഡ് എ.സിയെക്കാൾ 20 ശതമാനവും ശതാബ്ദി നിരക്കിെനക്കാൾ 83 ശതമാനവും കൂടുതലുമാണ്. പദ്ധതിച്ചെലവ് 64,000 കോടി എന്ന് അടിസ്ഥാനപ്പെടുത്തിയാണ് 2.75 രൂപ കണക്കാക്കുന്നത്. എന്നാൽ, നിതി ആയോഗ് തന്നെ ചൂണ്ടിക്കാട്ടുന്നത് പദ്ധതിച്ചെലവ് 1.26 ലക്ഷം കോടി (1,26,081) രൂപയാകുമെന്നാണ്. ഫലത്തിൽ യാത്രക്കൂലി കിലോമീറ്ററിന് നാല് രൂപയിലേറെയാകും.
സ്വന്തം കാറിൽ യാത്ര െചയ്യുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് അധികൃതർ ആവർത്തിക്കുന്നത്. പല പ്രധാന നഗരങ്ങളെയും സ്പർശിക്കാതെയാണ് പാത കടന്നുപോകുന്നത്. സ്റ്റേഷനുകളും കുറവാണ്. ഇൗ സാഹചര്യത്തിൽ എത്ര പേർ കാർ ഉപേക്ഷിച്ച് സിൽവർലൈനിനെ ആശ്രയിക്കുമെന്നതിലും ഉറപ്പില്ല.
നിർമാണ ഘട്ടത്തിൽ അര ലക്ഷത്തോളവും പിന്നീട് 10000 പേർക്കും തൊഴിൽ എന്നാണ് സർക്കാർ വാഗ്ദാനം. ഒരു സ്റ്റേഷനിൽ 30 പേർക്ക് വീതവും (ആകെ 11 സ്റ്റേഷൻ) ഒരു ട്രെയിനിൽ 25 പേർക്ക് വീതവും (ആകെ 20 ട്രെയിൻ) മൂന്ന് ഷിഫ്റ്റിൽ എട്ടു മണിക്കൂർ ഡ്യൂട്ടി കണക്കാക്കിയാൽ പോലും പരമാവധി 3500 ൽ കൂടുതൽ പേർക്ക് ജോലി കിട്ടില്ല. നിർമാണ ഘട്ടത്തിലെ അര ലക്ഷം ജോലി താൽക്കാലികമായിരിക്കും. അതിലധികവും കരാറുകാർ നിശ്ചയിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളുമായിരിക്കും. സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ടൗൺഷിപ്പുകൾ ഉയർന്നുവരുമെന്നതാണ് മറ്റൊരു വാഗ്ദാനം. റിയൽ എസ്റ്റേറ്റ് സ്വഭാവത്തിലുള്ള ഇത്തരം ടൗൺഷിപ്പുകൾക്കാകെട്ട 20 വർഷത്തിലേറെ സമയമെടുക്കും. അപ്പോേഴക്കും സാഹചര്യങ്ങളും സൗകര്യങ്ങളും ഏറെ മാറും.
യാത്രനിരക്ക് (കിലോമീറ്ററിന്)
ഫസ്റ്റ് എ.സി 3.84 രൂപ
സെക്കൻറ് എ.സി 2.29 രൂപ
തേർഡ് എ.സി 1.54 രൂപ
ജനശതാബ്ദി 1.50 രൂപ
ഗരീബ്രഥ് 0.96 രൂപ
സ്ലീപ്പർ ക്ലാസ് 0.62 രൂപ
സിൽവർ ലൈൻ 2.75 രൂപ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.