സിൽവർ ലൈൻ: മഞ്ഞക്കുറ്റിയെ ന്യായീകരിച്ച് കെ-റെയിൽ
text_fieldsകോട്ടയം: സിൽവർ ലൈൻ പദ്ധതിക്ക് അതിരടയാളം സ്ഥാപിച്ചതിനെ ന്യായീകരിച്ചും സംസ്ഥാന സർക്കാറിന് ഇതിനുള്ള അധികാരമുണ്ടെന്ന് വാദിച്ചും കെ-റെയിൽ. പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സർക്കാറിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത പഠനം നടത്താനും അധികാരമുണ്ടെന്നും അതിന് കേന്ദ്ര സർക്കാറിന്‍റെയോ റെയിൽവേ ബോർഡിന്‍റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്നും കെ-റെയിൽ വ്യക്തമാക്കുന്നു.
സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് അനധികൃതമാണെന്ന കേന്ദ്ര നിലപാടിന് മറുപടിയായി നൽകിയ ഫേസ്ബുക്ക് കുറിപ്പിലാണ് കെ-റെയിൽ വിശദീകരണമുള്ളത്.
കുറിപ്പിൽ പറയുന്നത്:
പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയിട്ടില്ല. അതിന് മുന്നോടിയായ സാമൂഹികാഘാത പഠന നടപടികളാണ് ആരംഭിച്ചത്. അതിര് സ്ഥാപിച്ചത് ഈ ആവശ്യത്തിനായിരുന്നു. പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ സ്വീകരിച്ചത്.
ഭൂമി ഏറ്റെടുക്കൽ അനധികൃതമെന്ന രീതിയിൽ വന്ന വാർത്തകൾ ശരിയല്ല. ഭൂമി ഏറ്റെടുക്കാൻ കെ-റെയിൽ നടപടി ആരംഭിച്ചിട്ടില്ല. അന്തിമാനുമതി കിട്ടിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ എന്ന് സംസ്ഥാന സർക്കാറും കെ-റെയിലും നേരത്തേ വ്യക്തമാക്കിയതുമാണ്.
സർക്കാർ പദ്ധതികൾക്ക് നിക്ഷേപത്തിനു മുന്നോടിയായി ചെയ്യാവുന്ന 14 കാര്യങ്ങൾ 2016 ആഗസ്റ്റ് അഞ്ചിന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഓഫിസ് മെമ്മോറാണ്ടത്തിൽ പറയുന്നുണ്ട്. അതനുസരിച്ച് സാധ്യത പഠനങ്ങൾ നടത്തൽ, വിശദമായ പദ്ധതിരേഖ തയാറാക്കൽ ഉൾപ്പെടെ കാര്യങ്ങൾ ചെയ്യാനാകും. ഇതനുസരിച്ച് പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സർക്കാറിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത വിലയിരുത്തൽ പഠനം നടത്താനും അധികാരമുണ്ട്.
അതുകൊണ്ടുതന്നെ അലൈൻമെന്‍റിന്‍റെ അതിർത്തിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാനും അധികാരമുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംസ്ഥാന സർക്കാറിന്‍റെ അധികാര പരിധിയിൽ വരുന്ന വിഷയമാണ്. അതിന് കേന്ദ്ര സർക്കാറിന്‍റെയോ റെയിൽവേ ബോർഡിന്‍റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ല. ഡി.പി.ആർ കേന്ദ്ര റെയിൽവേ ബോർഡ് പരിശോധിച്ചു വരുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.