സിൽവർ ലൈൻ: അലോക് വർമയുടെ റിപ്പോർട്ടിലെ പോരായ്മ നിരത്തി കെ-റെയിൽ
text_fieldsതിരുവനന്തപുരം: സിൽവർ ലൈനിനെതിരെ സിസ്ട്ര മുൻ ഡെപ്യൂട്ടി ഡയറക്ടർ അലോക്കുമാർ വർമ തുടർച്ചയായി വിമർശനമുന്നയിക്കുന്ന പശ്ചാത്തലത്തിൽ തിരിച്ചടിച്ചും അദ്ദേഹം തയാറാക്കിയ കരട് സാധ്യതാപഠന റിപ്പോർട്ടിലെ പോരായ്മകൾ അക്കമിട്ട് നിരത്തിയും കെ-റെയിൽ. അലോക്കുമാര്‍ വര്‍മ സമര്‍പ്പിച്ച റിപ്പോർട്ട് കേരളത്തിെൻറ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെയാണ് തയാറാക്കിയതെന്ന് കെ-റെയിൽ ചൂണ്ടിക്കാട്ടുന്നു.
10 സ്റ്റേഷനുകള്‍ വേണ്ടിടത്ത് നിര്‍ദേശിച്ചത് 15 എണ്ണമാണ്. വ്യവസായ പാര്‍ക്കുകളെയും ഐ.ടി പാര്‍ക്കുകളെയും സ്മാര്‍ട്ട് സിറ്റികളെയും അവഗണിച്ചു. അലൈന്‍മെന്‍റ് തെരഞ്ഞെടുത്തത് തീരദേശങ്ങളിലൂടെയാണ്. തീരദേശ നിയന്ത്രണ നിയമം പാലിച്ചില്ല.
മറ്റ് ഗതാഗത സംവിധാനങ്ങളുമായുള്ള കണക്ടിവിറ്റി പരിഗണിച്ചില്ല. കൊച്ചി മെട്രോയെയും കോഴിക്കോട്, തിരുവനന്തപുരം നിര്‍ദിഷ്ട മെട്രോകളെയും അവഗണിച്ചു. സ്‌റ്റേഷനുകള്‍ പലതും നിര്‍ദേശിച്ചത് ജനനിബിഡ കേന്ദ്രങ്ങളില്‍. എറണാകുളം സ്‌റ്റേഷന്‍ നിര്‍ദേശിച്ചത് കുമ്പളം ദ്വീപിലായിരുന്നു. ഏറ്റെടുക്കേണ്ട ഭൂമിയും പദ്ധതി ചെലവും വളരെ കൂടുതലായിരുന്നു. റിപ്പോര്‍ട്ടിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടി സിസ്ട്ര മാനേജിങ് ഡയറക്ടർക്ക് കെ-റെയില്‍ എം.ഡി വി. അജിത് കുമാര്‍ 2019 മാര്‍ച്ച് 25ന് കത്തയച്ചിരുന്നു.
സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചും അലൈന്‍മെന്‍റിനെക്കുറിച്ചും പ്രാഥമിക പഠനം മാത്രമാണ് അലോക്വര്‍മയുടെ കാലയളവില്‍ നടത്തിയത്. 2019 ഫെബ്രുവരിയില്‍ കരട് സാധ്യതാപഠന റിപ്പോര്‍ട്ട് അദ്ദേഹം സിസ്ട്രക്ക് സമര്‍പ്പിച്ചു.
സാങ്കേതിക മികവില്ലെന്ന് കണ്ടെത്തിയതിനാല്‍ ഇത് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ പരിഗണിച്ചില്ല. മാര്‍ച്ചില്‍ അലോക്വര്‍മ സിസ്ട്രയിലെ സേവനം അവസാനിപ്പിച്ച് മടങ്ങി. ഇതിനുശേഷമാണ് സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാധ്യത പഠന റിപ്പോര്‍ട്ടിനും ഡി.പി.ആറിനും ആവശ്യമായ പഠനങ്ങള്‍ സിസ്ട്ര നടത്തിയതെന്നും കെ-റെയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.