സിൽവർ ലൈൻ: ഭൂമി മരവിപ്പിക്കൽ ഉത്തരവ് പിൻവലിക്കണം -സമരസമിതി
text_fieldsതിരുവനന്തപുരം: ഭൂമി മരവിപ്പിക്കൽ ഉത്തരവുകളും കള്ളക്കേസുകളും പിൻവലിച്ച് കെ റെയിൽ പദ്ധതി സംബന്ധമായ എല്ലാ നടപടികളും അവസാനിപ്പിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് വിരാമമിടണമെന്ന് വി.എം. സുധീരൻ. സംസ്ഥാന കെ-റെയിൽ-സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതിയുടെ മൂന്നാം ഘട്ട സമരപരിപാടികളുടെ ഭാഗമായ ഉപവാസം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരാഴ്ചക്കാലം നീണ്ട ആകാശ സർവേയെ മാത്രം അടിസ്ഥാനമാക്കി തട്ടിക്കൂട്ടി ഉണ്ടാക്കിയ നിലവിലെ സിൽവർ ലൈൻ ഡി.പി.ആർ ഉപയോഗിച്ച് റെയിൽ ലൈൻ ഉണ്ടാക്കുക അപ്രായോഗികമെന്ന് സുധീരൻ പറഞ്ഞു.
ഭൂമി ഏറ്റെടുക്കൽ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മൂന്നൂറിലധികം സമരസമിതികളിലെ 25,000 പേർ റെയിൽ മന്ത്രിക്ക് അയക്കാൻ ഒപ്പുവെച്ച ഭീമ ഹരജി അഴിയൂർ രാമചന്ദ്രനിൽനിന്ന് സംസ്ഥാന രക്ഷാധികാരി ജോസഫ് എം. പുതുശ്ശേരി ഏറ്റുവാങ്ങി.
മൂന്നാം ഘട്ട സമരപരിപാടികൾ ഉപവാസസമരത്തോടെ സമാപിച്ചു. സമരസമിതി സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ്, പരിസ്ഥിതി ശാസ്ത്രജ്ഞൻ ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി. മാത്യു, വി.വി. രാജേഷ്, എം.പി. ബാബുരാജ്, എസ്. രാജീവൻ, എ. ഷൈജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.