സിൽവർ ലൈൻ: ഭൂമി ക്രയവിക്രയത്തിന് തടസമില്ലെന്ന് കെ.രാജൻ
text_fieldsതിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്ക് ഏറ്റെടുക്കുന്നതിന് കല്ലിട്ട ഭൂമി ക്രയവിക്രയം നടത്തുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ യതൊരു നിയന്ത്രണങ്ങളും നിലവിലില്ലെന്ന് മന്ത്രി കെ.രാജൻ. ഇത് സംബന്ധിച്ച് 2022 ഏപ്രിൽ 21ന് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയെന്നും അദ്ദേഹം നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് രേഖാമൂലം മറുപടി നൽകി.
ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി എൽ.എ.ആർ.ആർ നിയമത്തിലെ വകുപ്പ് 11(ഒന്ന്) പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഈ ഭൂമിയിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ ക്രയവിക്രയങ്ങൾ നടത്തുന്നതിനോ നിയന്ത്രണമില്ല. പദ്ധതിയോടനുബന്ധിച്ചുള്ള ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച് മുഴുവൻ ഉദ്യോഗസ്ഥരെയും പുനർവിന്യസിപ്പിച്ചു.
സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് സ്റ്റേറ്റ് ലെവൽ എംപാനൽ ലിസ്റ്റിൽനിന്നും എസ്.ഐ.എ ഏജൻസികളെ തെരഞ്ഞെടുത്ത് നാല്(ഒന്ന്) വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2013-ലെ നിയമപ്രകാരം സാമൂഹ്യ പ്രത്യഘാത പഠന യൂനിറ്റിനെ നിയമിച്ച് ആറ് മാസത്തിനുള്ളിൽ അന്തിമ പഠന റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്.
എന്നാൽ, ഈ കാലയളവിനുള്ളിൽ സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തീകരിക്കാത്ത പക്ഷം സെക്ഷൻ നാല്(ഒന്ന് ) പ്രകാരമുള്ള പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് വീണ്ടും പഠനം നടത്തണമെന്നാണ് വ്യവസ്ഥ. റെയിൽവേ ബോർഡിന്റെ അന്തിമ അനുമതിലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അനുമതി ലഭിച്ചതിനുശേഷം മാത്രം നിയമത്തിലെ വകുപ്പ് നാല് (ഒന്ന്) പ്രകാരം പുനർ വിജ്ഞാപനം ചെയ്താൽ മതിയെന്ന് തീരുമാനമെടുത്തുവെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.