സിൽവർ ലൈൻ: ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് എൽ.ഡി.എഫിൽ അഭിപ്രായം
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് ജനങ്ങൾക്ക് വലിയ തോതിൽ ആശങ്കയുണ്ടെന്ന് എൽ.ഡി.എഫ് സംസ്ഥാന സമിതിയിൽ ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം. പദ്ധതിബാധിതരുടെ ആശങ്ക അകറ്റണം. ബുധനാഴ്ച ചേർന്ന മുന്നണി നേതൃയോഗത്തിൽ കെ-റെയിൽ വിഷയം അജണ്ടയായി ഉൾപ്പെടുത്തിയിരുന്നു. യോഗത്തിൽ പദ്ധതിയെ ആരും എതിർത്തില്ല. യു.ഡി.എഫും ബി.ജെ.പിയും ഒരു വിഭാഗം മാധ്യമങ്ങളും ഏകപക്ഷീയമായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയസമരം നടത്തുന്നെന്ന വലിയിരുത്തലാണുണ്ടായത്.
വീടുകൾ കയറി വിശദീകരിച്ചപ്പോൾ ചെറിയ വിഭാഗം ആളുകൾ മാത്രമാണ് പദ്ധതിയെ ചോദ്യംചെയ്തതെന്ന് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. എന്താണ് വസ്തുത എന്നും സർക്കാർ പദ്ധതികൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും വേണം വിശദീകരിക്കാനെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലുമുള്ള എൽ.ഡി.എഫിന്‍റെ വിശദീകരണം സർക്കാർ മുൻകൂട്ടി കാര്യങ്ങൾ തീരുമാനിക്കുന്നതിന്‍റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ ഘട്ടത്തിലും അനുമതി ലഭിച്ചാൽ അത് ഉടൻ നടപ്പാക്കുന്നതിലേക്ക് സർക്കാർ നീങ്ങും. പദ്ധതിക്കായി വിദേശ വായ്പ കൃത്യമായി ചെലവഴിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും അവരുടെ മുന്നിൽ പോയി കാര്യങ്ങൾ വിശദീകരിക്കണമെന്നും സി.പി.ഐ പ്രതിനിധികൾ പറഞ്ഞു. ഇപ്പോൾ യു.ഡി.എഫും ബി.ജെ.പിയും പറയുന്നതാണ് ജനം കേൾക്കുന്നത്. എൽ.ഡി.എഫിന്‍റെ പ്രകടനപത്രികയിൽ പറഞ്ഞതല്ലാതെ കൂടുതലായി ഒന്നും മുന്നണി ജനങ്ങളോട് വിശദീകരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. നഷ്ടപരിഹാരം നൽകുന്നതടക്കം കാര്യങ്ങൾ വിശദീകരിക്കണമെന്നും അഭിപ്രായമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.