സിൽവർ ലൈൻ അറ്റകുറ്റപ്പണി: ചെറുതല്ല തുടർചെലവ്
text_fieldsതിരുവനന്തപുരം: സിൽവർ ലൈനിൽ ഒരു കിലോമീറ്റർ അറ്റകുറ്റപ്പണിക്ക് പ്രതിവർഷം കണക്കാക്കുന്നത് 1.02 കോടി രൂപ. ആദ്യ 10 വർഷമാണ് ഈ ചെലവ്. ശേഷം 1.31 കോടിയാകുമെന്ന് ഡി.പി.ആർ സംക്ഷിപ്തത്തിൽ വ്യക്തമാക്കുന്നു. കിലോമീറ്ററിൽ നിന്നുള്ള പ്രതിവർഷ വരുമാന വിശദാംശം ലഭ്യമല്ലെങ്കിലും നിർമാണശേഷവും ചെലവുകൾ കുറയില്ലെന്ന് കണക്കുകൾ അടിവരയിടുന്നു.
എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിച്ചാണ് സ്റ്റേഷൻ നിർമാണം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃൂശൂർ, കോഴിക്കോട്, കാസർകോട് എന്നിവയാണ് എ ക്ലാസിൽ. ഇതിൽ കാസർകോടൊഴികെ ആറും കോർപറേഷൻ പരിധിയിലാണ്. ടെർമിനൽ സ്റ്റേഷനായതിനാലാണ് കാസർകോടിന് എ ക്ലാസ് പദവി. ചെങ്ങന്നൂർ, കോട്ടയം, തിരൂർ എന്നിവയാണ് ബി വിഭാഗത്തിൽ. കൊച്ചി വിമാനത്താവളത്തിന് സമീപത്തെ സ്റ്റേഷനാണ് സി ക്ലാസിൽ. 11 സ്റ്റേഷനുകളുടെ നിർമാണത്തിനായി കണക്കാക്കുന്നത് 973 കോടി രൂപ. കൊച്ചുവേളി, എറണാകുളം, തൃശൂർ സ്റ്റേഷനുകൾ ഭൂനിരപ്പിൽ നിന്ന് ഉയരത്തിൽ തൂണുകളിലും കോഴിക്കോട് സ്റ്റേഷൻ ഭൂമിക്കടിയിലും ശേഷിക്കുന്ന ഏഴെണ്ണം ഭൂനിരപ്പിലുമാണ്.
ഓരോ സ്റ്റേഷനിൽനിന്നും 500 മീറ്റർ വരെ 'പ്രോക്സിമിറ്റി സ്റ്റേഷൻ സോണാ'യാണ് കണക്കാക്കുന്നത്. 500 മീറ്റർ മുതൽ 1000 മീറ്റർ വരെ നോൺ പ്രോക്സിമിറ്റി സോണാണ്. 1000 മീറ്റർ പരിധിക്ക് പുറത്ത് നോൺ സ്റ്റേഷൻ സോണും. ചരക്ക് ലോറികൾ ട്രെയിനുകളിൽ കൊണ്ടുവരുന്ന സംവിധാനമായ റോ റോ സർവിസുകൾക്കായുള്ള ലോഡിങ് പോയന്റുകൾ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കാസർകോട് എന്നിവിടങ്ങളിലാണ്.
കൊച്ചുവേളിയിൽനിന്ന് നിലവിലെ റെയിൽവേ പാതക്ക് സമാന്തരമായി മുരുക്കുംപുഴ വരെയെത്തുന്ന സിൽവർ ലൈൻ ഇവിടെനിന്ന് തിരിഞ്ഞ് എൻ.എച്ച് 66 ഉം കടന്നാണ് കൊല്ലത്തെത്തുക. കൊല്ലം റെയിൽവേ സ്റ്റേഷന്റെ ഏഴ് കിലോമീറ്റർ അകലെയാണ് സിൽവർ ലൈൻ സ്റ്റേഷൻ. കൊല്ലം-മധുര ഹൈവേയും കൊല്ലം-പുനലൂർ റെയിൽവേ ലൈനും മുറിച്ച് കടന്നാണ് പാത ചെങ്ങന്നൂരിലെത്തുന്നത്. നിലവിലെ ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് 4.5 കിലോമീറ്റർ അകലെയാണ് സിൽവർ ലൈൻ സ്റ്റേഷൻ. എറണാകുളത്ത് സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.8 കിലോമീറ്റർ മാറിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.