സിൽവർ ലൈൻ: ഡി.പി.ആറില്‍ കൂടുതല്‍ അപകടങ്ങള്‍ ബോധ്യമായി -കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: അന്‍വര്‍ സാദത്ത് എം.എല്‍.എ അവകാശലംഘനത്തിനു മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയതിനെ തുടര്‍ന്നു പുറത്തുവിട്ട സില്‍വര്‍ ലൈന്‍ വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) പ്രതീക്ഷിച്ചതിനെക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണെന്നു കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. അപകടം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഇക്കാലമത്രയും ഡി.പി.ആര്‍ രഹസ്യമായി സൂക്ഷിച്ചത്.
പ്രതിരോധ മന്ത്രാലയം, വ്യോമസേന മന്ത്രാലയം, ക്ലാസിഫൈഡ് ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ സാങ്കേതികത്വം ഉപയോഗിച്ച് നാട്ടുകാരെ പേടിപ്പിച്ച് അനായാസം പാത ഉണ്ടാക്കാമെന്നാണ് സര്‍ക്കാര്‍ കരുതിയത്. ഡി.പി.ആര്‍ പുറത്തുവന്നതോടെ യു.ഡി.എഫും കോണ്‍ഗ്രസും സ്വീകരിച്ച നിലപാട് നൂറു ശതമാനം ശരിയായിരുന്നെന്നു ബോധ്യമായി. ഇതു പദ്ധതിക്കെതിരായ പ്രക്ഷോഭത്തിനു കൂടുതല്‍ കരുത്തുപകരുമെന്നും സുധാകരന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ നിലവിലെ ഗതാഗത സംവിധാനങ്ങളെല്ലാം പരാജയമാണെന്ന് വരുത്തിത്തീർക്കാന്‍ ഡി.പി.ആര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. 2020 ആഗസ്റ്റ് 18ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഡിപ്പാര്‍ട്ട്‌മെന്റെ ഓഫ് ഇക്കണോമിക് അഫയേഴ്‌സ് യോഗത്തിലെ തീരുമാനം ഇതോടൊപ്പം കൂട്ടിവായിക്കണം.
കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് 5,900 കോടിയുടെ 12 പദ്ധതികളും നടപടിക്രമങ്ങളിലുള്ളത് 37,300 കോടിയുടെ എട്ട് പദ്ധതികളുമാണ്. ഇതില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനും മറ്റു പദ്ധതികള്‍ ഉപേക്ഷിച്ച് ആ ഫണ്ട് മറ്റു സംസ്ഥാനങ്ങള്‍ക്ക് നൽകാനും തീരുമാനിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സഹായം ലഭ്യമാക്കാന്‍ കേരളത്തിന്റെ മറ്റു പദ്ധതികളെ കുരുതി കഴിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്.
കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും കണക്കിലെടുക്കാതെ സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് കനത്ത ആഘാതമേൽപ്പിക്കുന്നതാണ് പദ്ധതിയെന്നു വ്യക്തം. എന്നാല്‍, തിരുവനന്തപുരത്തുള്ള ഒരു ഏജന്‍സി ദ്രുതഗതിയിലുള്ളതും വളരെ ശുഷ്‌കവും ഒട്ടും പര്യാപ്തവുമല്ലാത്ത പാരിസ്ഥിതിക ആഘാത പഠനം നടത്തി സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വെള്ളപൂശുകയാണു ചെയ്തത്. ഇതൊരു അംഗീകൃത ഏജന്‍സി പോലും അല്ല.
പദ്ധതിയുടെ ചെലവു കുറച്ചുകാണിക്കാന്‍ ഡി.പി.ആറില്‍ ധാരാളം തിരിമറി കാട്ടിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന വരുത്തിയപ്പോള്‍, നിര്‍മാണച്ചെലവ് കുത്തനെ കുറച്ചു കാട്ടുകയും ചെയ്തു. നിലവിലുള്ള റോഡുകളോ റെയില്‍വെ ലൈനുകളോ മെച്ചപ്പെടുത്തരുത്, റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും സംസ്ഥാനത്തിനു ഹാനികരമാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.