സിൽവർ ലൈൻ: അന്തിമാനുമതിയായില്ല, പണവും; ഭൂമിയേറ്റെടുക്കാൻ ധിറുതി
text_fieldsതിരുവനന്തപുരം: സിൽവർ ലൈനിന് കേന്ദ്രത്തിെൻറ അന്തിമാനുമതിയോ നിർമാണത്തിനുള്ള സാമ്പത്തിക കരുതലോ കൈവശം ലഭിക്കും മുമ്പേ സർക്കാറിന് ധിറുതി ഭൂമിയേറ്റെടുക്കലിൽ. നിക്ഷേപത്തിന് മുമ്പുള്ള നടപടിക്രമങ്ങൾക്കുള്ള അനുമതിയാണ് പദ്ധതിക്ക് ഇതുവരെ ലഭിച്ചത്. എന്നാൽ പാത കടന്നുപോകുന്ന 11 ജില്ലകളിൽ റവന്യൂ ഉദ്യോഗസ്ഥരെയും ഇവരുടെ ഏകോപനത്തിന് ഡെപ്യൂട്ടി കലക്ടറെയും നിയമിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
ഏരിയല്‍ സര്‍വേയില്‍ രേഖപ്പെടുത്തിയ ഭൂമി കല്ലിട്ട് അതിര് തിരിക്കുന്നതടക്കമുള്ള ഉത്തരവാദിത്തം റവന്യൂവകുപ്പിലെ ഈ ഉദ്യോഗസ്ഥർക്കാണ്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് ഭൂമിയേറ്റെടുക്കാൻ തിരക്കിട്ട നീക്കം ഉദ്യോഗസ്ഥ തലത്തിൽ നിന്നുണ്ടായ സാഹചര്യത്തിൽ ഭൂമിയേറ്റെടുക്കൽ 'കേന്ദ്രാനുമതിക്ക് ശേഷ'മെന്ന കാര്യം അടിവരയിട്ട് അന്നത്തെ റവന്യൂമന്ത്രി ഫയലിൽ (B1/322/2020/REV) കുറിച്ചിരുന്നു. പക്ഷേ, പുതിയ സർക്കാർ ഈ നിലപാട് മറികടന്ന് മുന്നോട്ടുപോവുന്നെന്നാണ് ഭൂമിയേറ്റെടുക്കലിനുള്ള ധിറുതിയിൽനിന്ന് മനസ്സിലാവുന്നത്.
നിലവിലെ സാമൂഹികാഘാത പഠന പ്രകാരം 1383 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി വേണ്ടിവരുക. ഇതിൽ 185 ഹെക്ടർ റെയിൽവേയുടെ കൈവശമാണ്. ശേഷിക്കുന്ന 1198 ഹെക്ടർ സ്വകാര്യ ഭൂമിയും. ഏറ്റെടുക്കുന്നതിൽ 67 ശതമാനം പഞ്ചായത്ത് മേഖലകളിലും 15 ശതമാനം മുനിസിപ്പാലിറ്റികളിലും ശേഷിക്കുന്നത് കോർപറേഷൻ പരിധിയിലുമാണ്.
സിൽവർ ലൈനിൽ സംസ്ഥാന സർക്കാറിെൻറ വിഹിതം 3253 കോടിയാണ്. റെയിൽവേയുടേത് 2180 കോടി രൂപയും 975 കോടി രൂപ വിലവരുന്ന ഭൂമിയും ചേർത്ത് 3125 കോടിയും. ഇതാണ് കൈവശമുണ്ടെന്ന് ഉറപ്പിക്കാവുന്ന ആകെ തുക. 64,000 കോടിൽ ബാക്കി വായ്പയോ സ്വകാര്യപങ്കാളിത്തമോ വഴി പ്രതീക്ഷിക്കുന്ന തുകയാണ്. സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിൽ 4252 കോടി വ്യക്തികളിൽ നിന്ന് സമാഹരിക്കാനാണ് സർക്കാർ നീക്കം.
ജൈക്ക, എ.ഡി.ബി, എ.ഐ.ഐ.ബി (ഏഷ്യൻ ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെൻറ് ബാങ്ക്), ജർമൻ ബാങ്കായ കെ.എസ്.ഡബ്ല്യു എന്നിവരിൽ നിന്നാണ് 33,700 കോടി വായ്പയെടുക്കുന്നത്. ഈ ബാങ്കുകളെല്ലാം വായ്പ അനൗദ്യോഗികമായി അംഗീകരിച്ചതായി കെ-റെയിൽ വിശദീകരിക്കുമ്പോഴും ഔദ്യോഗിക ചർച്ച ഇനിയും തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.