സിൽവർലൈൻ: പരിഷത്തിനെയും പ്രതിപക്ഷത്തെയും തള്ളി -സി.പി.എം
text_fieldsതിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിപക്ഷത്തിെൻറയും ശാസ്ത്രസാഹിത്യ പരിഷത്തിെൻറയും വിമർശനങ്ങളെ തള്ളി സി.പി.എം. തെറ്റായ പ്രചാരണങ്ങൾ നടത്തി വികസനത്തെ വിവാദക്കുരുക്കിലാക്കാൻ ശ്രമിക്കുന്നവർ അതിൽനിന്ന് പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ശാസ്ത്രീയമായ പഠനം നടത്താതെയാണ് സെമി ഹൈസ്പീഡ് റെയിലിനെതിരെ പലരും വിമർശനമുന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശാസ്ത്രസാഹിത്യ പരിഷത്തടക്കം പദ്ധതിക്കെതിരെ എതിർപ്പുന്നയിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി.
സംസ്ഥാനത്തിെൻറ വികസനപ്രവർത്തനങ്ങൾക്ക് വേഗം വരുത്തുന്നതിന് സർക്കാർ മുൻകൈയെടുക്കുമ്പോൾ അതിന് വിഘാതം സൃഷ്ടിക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷത്തിേൻറത് നിഷേധാത്മക സമീപനമാണ്.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഗെയിലിനെതിരെയും സമരമുണ്ടായിരുന്നു. ഗെയിൽ യാഥാർഥ്യമായപ്പോൾ ജനങ്ങൾക്ക് ഗുണകരമായെന്നും വിജയരാഘവൻ പറഞ്ഞു. വ്യക്തതയുള്ള പരിപാടിയാണ് സെമിഹൈസ്പീഡ് റെയിൽ. വ്യക്തതക്കുറവുള്ളവരാണ് പിന്മാറേണ്ടത്. അനേക വർഷത്തേക്കുള്ള ധനനിക്ഷേപമാണ് ഈ പദ്ധതി. കേരളത്തിൽ നിക്ഷേപം വരണമെങ്കിൽ അടിസ്ഥാന സൗകര്യമുണ്ടാകണം. അതിൽ വേണ്ടത്ര മുന്നോട്ട് പോകാൻ നമുക്കായില്ല. അത് വേഗത്തിൽ തിരുത്തുന്നതിെൻറ ഭാഗമായാണ് സുതാര്യമായ ഈ പദ്ധതി.
മുമ്പ് എക്സ്പ്രസ് വേ പദ്ധതി യു.ഡി.എഫ് കൊണ്ടുവന്നപ്പോൾ എതിർത്തത് സി.പി.എമ്മല്ലേയെന്ന ചോദ്യത്തിന് 'വികസനത്തിന് എൽ.ഡി.എഫ് സർക്കാർ മുൻകൈയെടുത്താൽ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളിൽ ചിലർ, നിങ്ങൾ പണ്ട് ഇതിനെതിര് നിന്നതല്ലേയെന്ന ചില സൗജന്യങ്ങൾ നമുക്ക് നൽകാറുണ്ടെ'ന്നായിരുന്നു വിജയരാഘവെൻറ മറുപടി.
'വിമാനത്താവളം അദാനി ഏറ്റെടുത്തെങ്കിലും നിലപാടിൽ മാറ്റമില്ല'
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ് ഏറ്റെടുത്തെങ്കിലും സംസ്ഥാന സർക്കാർ അതിനെതിരെ നേരത്തേ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും സാധ്യമായ പരമാവധി നടപടികളുമായി മുന്നോട്ട് പോകുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.