സിൽവർ ലൈൻ: റെയിൽവേ ഭൂമി മുതൽ സാങ്കേതിക കടമ്പകൾ
text_fieldsതിരുവനന്തപുരം: സാങ്കേതിക-പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ തുടർനീക്കങ്ങൾക്ക് സഹകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കിയെങ്കിലും സംസ്ഥാന സർക്കാറിനെ സംബന്ധിച്ച് പദ്ധതിവഴിയിലെ പ്രധാന കീറാമുട്ടി സാങ്കേതിക കടമ്പകളാണ്. പദ്ധതിക്കായി കേരളം സമർപ്പിച്ച ഡി.പി.ആർ അപൂർണമാണെന്ന് രണ്ടാഴ്ച മുമ്പ് നൽകിയ വിവരാവകാശ മറുപടിയിലും റെയിൽവേ ബോർഡ് വ്യക്തമാക്കിയിരുന്നു.
2020 ജൂണിലാണ് സിൽവർ ലൈനിനായി ഡി.പി.ആർ സമർപ്പിച്ചത്. പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുകിട്ടൽ നിർണായകമാണെന്നിരിക്കെ ഇതു സംബന്ധിച്ച് വിശദാംശങ്ങൾ ആരാഞ്ഞ് 2021 ജൂലൈ 11, 2021 ആഗസ്റ്റ് എട്ട്, 2021 ഒക്ടോബർ 22, 2022 മേയ് അഞ്ച്, 2022 ആഗസ്റ്റ് 30 നും റെയിൽവേ ബോർഡ് കത്തയച്ചിരുന്നു. ആവശ്യമുള്ള റെയിൽവേ ഭൂമിയുടെ ലൈൻ ഡയഗ്രമും സ്കെച്ചും സ്റ്റേഷനുകളുടെ ഭൂമിശാസ്ത്ര വിവരങ്ങളും മാത്രമാണ് കെ-റെയിൽ കേന്ദ്രത്തിന് നൽകിയത്.
എന്നാൽ, ഈ വിശദാംശങ്ങൾ വെച്ച് മാത്രം റെയിൽവേ ഭൂമിയുടെ വിനിയോഗം സംബന്ധിച്ച് കൃത്യമായി നിഗമനത്തിലെത്താനാവില്ലെന്നും അതുകൊണ്ട് വിശദമായി പ്രപ്പോസൽ നൽകണമെന്നാണ് റെയിൽവേ ബോർഡിന്റെ നിലപാട്. തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഡി.പി.ആർ അപൂർണമെന്ന നിലപാട് റെയിൽവേ ബോർഡ് തുടരുന്നത്.
റെയിൽവേയുടെ 198 കിലോമീറ്റർ ഭൂമിയിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുന്നത്. 40.35 ഹെക്ടര്‍ വേണ്ടതായ കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ റെയില്‍വേ ഭൂമി ആവശ്യമുള്ളത്. കെ-റെയിലുമായുള്ള സംയുക്ത പരിശോധനക്കു ശേഷം ഇതു വിട്ടുനൽകാനാവില്ലെന്ന് നേരത്തേതന്നെ ദക്ഷിണ റെയിൽവേ വ്യക്തമാക്കിയിരുന്നു.
നിലവിലെ അലൈൻമെന്റ് കൂടിയാലോചനകളില്ലാതെയാണെന്നാണ് റെയിൽവേ നിലപാട്. ഈ ഭൂമിയിൽ നല്ലൊരു പങ്കും വികസനാവശ്യത്തിനായി റെയിൽവേ മാറ്റിവെച്ചതാണെന്നും ദക്ഷിണ റെയിൽവേ പറയുന്നു. ഈ സാഹചര്യത്തിൽ പകരം ഏതു ഭൂമി എന്നതിലും കെ-റെയിലിന് കൃത്യമായ വിശദീകരണമില്ല.
ബലംപ്രയോഗിച്ചുള്ള കുറ്റിയടിക്കലും പൊലീസ് നടപടിയുമായി സർക്കാർ മുന്നോട്ടുപോയിരുന്നെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേറ്റ കനത്തതിരിച്ചടിയുടെ പശ്ചാത്തലത്തിൽ സിൽവർ ലൈൻ പ്രവർത്തനങ്ങളിൽനിന്നെല്ലാം പിന്മാറിയിരുന്നു. ഭൂമിയേറ്റെടുക്കലിനുള്ള റവന്യൂ ഉദ്യോഗസ്ഥരെ പിൻവലിക്കുകയും സാമൂഹികാഘാത പഠന ഏജൻസികളുടെ കാലാവധി പുതുക്കേണ്ടെന്നും തീരുമാനിച്ചതോടെ ഏറക്കുറെ പ്രവർത്തനങ്ങൾ നിശ്ചലമാണ്. ഇ. ശ്രീധരനെ മുൻനിർത്തി സിൽവർലൈൻ പദ്ധതി വീണ്ടും സജീവമാക്കാനുള്ള സർക്കാർ ശ്രമം നടത്തിയെങ്കിലും അതും ലക്ഷ്യം കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.