സിൽവർ ലൈൻ പദ്ധതി വിഡ്ഢിത്തം, കേരളത്തെ വിഭജിക്കും- ഇ. ശ്രീധരൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതി വലിയ വിഡ്ഢിത്തമാണെന്നാണ് മെട്രോമാന്‍റെ പരാമര്‍ശം. പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും സില്‍വര്‍ ലൈനിന്‍റെ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് കെ റെയിൽ നിർമാണം നടന്നാൽ കേരളത്തെ വിഭജിക്കുന്ന 'ചൈനാ മതിൽ' രൂപപ്പെടുമെന്നും ശ്രീധരന്‍ പറഞ്ഞു.
"പാതയുടെ അലൈൻമെന്റ് ശരിയല്ല. തിരൂർ മുതൽ കാസർകോട് വരെ റെയിൽപാതയ്ക്കു സമാന്തരമായി വേഗപാത നിർമിക്കുന്നത് ഭാവിയിൽ റെയിൽപാത വികസനത്തെ ബാധിക്കുമെന്നതിനാൽ റെയിൽവേ എതിർക്കുകയാണ്. 140 കിലോമീറ്റർ പാത കടന്നുപോകുന്നത് നെൽവയലുകളിലൂടെയാണ്. ഇതു വേഗപാതക്ക് അനുയോജ്യമല്ല. നിലവിലെ പാതയിൽ നിന്നു മാറി ഭൂമിക്കടിയിലൂടെയോ തൂണുകളിലോ ആണു വേഗപാത നിർമിക്കേണ്ടത്. ലോകത്തെവിടെയും വേഗപാതകൾ തറനിരപ്പിൽ നിർമിക്കാറില്ല" ഇ.ശ്രീധരന്‍ വ്യക്തമാക്കി.
സിൽവർ ലൈനിന് 75,000 കോടി ചെലവാകുമെന്നാണ് കരുതുന്നത്. പൂർത്തിയാകുമ്പോൾ ചെലവ് 1.10 ലക്ഷം കോടിയാകും.പദ്ധതിച്ചെലവ്, ഉദ്ദേശിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവയൊന്നും വിശ്വസനീയമല്ല. പദ്ധതി രൂപരേഖ പൊതു ഇടത്തിൽ ലഭ്യമാക്കിയിട്ടില്ല. ഇതുവരെ നേരിട്ടുള്ള ലൊക്കേഷൻ സർവേ നടത്തിയിട്ടില്ല. ഗൂഗിൾ മാപ്പും ലിഡാർ സർവേയും ഉപയോഗിച്ച് അലൈൻമെന്റ് തയാറാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
'നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണു രൂപരേഖ തയാറാക്കിയത്. 20,000 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടിവരും. 2025ൽ നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനം ഏജൻസിയുടെ അറിവില്ലായ്മയുടെ തെളിവാണ്. നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഏജൻസിയായ ഡി.എം.ആർ.സിക്കു പോലും എട്ടുമുതൽ 10 വർഷം വരെ വേണ്ടിവരും പദ്ധതി പൂര്‍ത്തിയാക്കാന്‍. പദ്ധതി പ്രഖ്യാപിച്ചിട്ട് അഞ്ചു വർഷമായിട്ടും ഒരു മേൽപാലം പോലും നിർമിക്കാനായിട്ടില്ല' അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.