സിൽവർ ലൈൻ പദ്ധതി: ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി
text_fieldsകൊച്ചി: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സംസ്ഥാന സർക്കാർ. സർവേ നടപടികൾ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നത്.
പദ്ധതിയുടെ ഡി.പി.ആർ തയാറാക്കിയത് എങ്ങനെയാണെന്നും ഏതുതരം സർവേയാണ് നടത്തിയതെന്നും വിശദീകരിക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഈ നിർദേശം ഒഴിവാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു.
ഹൈകോടതിയെ സമീപിച്ച ഹരജിക്കാർ പദ്ധതിയുടെ ഡി.പി.ആർ സംബന്ധിച്ച് ഒരു ഘട്ടത്തിലും ആക്ഷേപം ഉന്നയിച്ചിട്ടില്ല. ഡി.പി.ആറിനെ കുറിച്ചുള്ള സിംഗിൾ ബെഞ്ച് പരാമർശങ്ങളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭാഗങ്ങളും ഹരജിയുടെ പരിഗണനാ പരിധിക്ക് അപ്പുറമാണെന്നും സർക്കാർ വാദിക്കുന്നു.
ഈ സാഹചര്യത്തിൽ ഡി.പി.ആറുമായി ബന്ധപ്പെട്ട നടപടികൾ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാൻ നിർബന്ധിക്കരുത്. സർക്കാർ വാദങ്ങൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
സർവേ നിർത്തിവെക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാന വ്യവഹാരങ്ങൾക്ക് വഴിവെക്കും. സാമൂഹിക ആഘാതസർവേ നിർത്തിവെക്കുന്നത് പദ്ധതി വൈകാൻ ഇടയാക്കുമെന്നും ചെലവ് വർധിക്കുമെന്നും അപ്പീലിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.