സിൽവർ ലൈൻ:പ്രളയബാധിത പ്രദേശത്തെ പ്രശ്നങ്ങൾ നിസ്സാരമാക്കി
text_fieldsകോട്ടയം: 2018ലെ പ്രളയം മുക്കിയയിടങ്ങളിൽ കെ-റെയിലിനായി നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ എന്ത് മാറ്റം വരുത്തുമെന്നതിൽ വ്യക്തതയില്ല. സെൻറർ ഫോർ എൻവയൺമെൻറ് ആൻഡ് ഡെവലപ്മെൻറ് നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിൽ ഇക്കാര്യം വ്യക്തമല്ല. ഇനിയൊരു പ്രളയമുണ്ടായാൽ സിൽവർ ലൈൻ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്കും ധാരണയില്ല.
2018ലെ വെള്ളപ്പൊക്ക സമയത്ത് ഏറ്റവും കൂടുതൽ വെള്ളം പൊങ്ങിയ സ്ഥലങ്ങളിലൊക്കെ റവന്യൂ അധികൃതർ ഫ്ലഡ് മാർക്ക് രേഖപ്പെടുത്തിയിരുന്നു. പരിസ്ഥിതി ആഘാത പഠനത്തിൽ ഒരിടത്തും ഈ മാർക്കുകളെക്കുറിച്ച് പറയുന്നില്ല. പകരം 280 മുതൽ 316 വരെ പേജുകളിൽ ഹൈഡ്രോളജി എന്ന തലക്കെട്ടിൽ പദ്ധതി പ്രദേശത്ത് ഹൈഡ്രോളജിക്കൽ എൻവയൺമെന്റ് ഇംപാക്ട് സോണുകൾ ഉണ്ടെന്ന് പറയുന്നു. ആകെ 164 സോണാണുള്ളത്. അതിൽ 91 എണ്ണം മോഡറേറ്റ് ഇംപാക്ട് സോണും 51 എണ്ണം ഹൈ ഇംപാക്ട് സോണും 22 എണ്ണം വെരി ഹൈ ഇംപാക്ട് സോണുമാണ്. 539.45 കിലോമീറ്റർ ദൂരമുള്ള സിൽവർ ലൈനിൽ 292.73 കിലോമീറ്റർ ദൂരത്തിൽ മതിലുകളും 101.74 കിലോമീറ്റർ ദൂരത്തിൽ കട്ടിങ്ങുകളും ഉണ്ട്. ഇവിടെയൊക്കെ വെള്ളപ്പൊക്കത്തിന്റെ ആഘാതത്തെപ്പറ്റി കാര്യമായ പഠനം നടത്തിയിട്ടില്ല.
ശബരി റെയിൽപാതക്ക് പാരിസ്ഥിതിക ആഘാതപഠനം നടത്തിയത് കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു. ഇന്ത്യൻ റെയിൽവേ അടക്കം നടത്തുന്ന നിരവധി ഗതാഗത പദ്ധതികൾക്കായി സർവേ നടത്തിയത് നാറ്റ്പാക്കായിരുന്നു. ഇടതുസർക്കാറിന്റെ പൊതുനയം സർക്കാർ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. എന്നിട്ടും 2019 സെപ്റ്റംബർ 30ന് സിൽവർ ലൈനിന്റെ പരിസ്ഥിതി ആഘാത പഠനത്തിന് ചുമതല ഏൽപിച്ചത് സെൻറർ ഫോർ എൻവയൺമെൻറ് ആൻഡ് ഡെവലപ്മെൻറ് എന്ന എൻ.ജി.ഒയെയാണ്. 11 ജില്ലയിലൂടെ കടന്നുപോകുന്ന പാതയുടെ നിർമാണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ അവർ എടുത്തത് വെറും ഒമ്പതുമാസമാണ്.
316 പേജാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ളത്. മേൽപാലം പണിയുന്നിടത്ത് 15 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കും. കട്ട് ആൻഡ് കവർ മേഖലയിൽ 25 മുതൽ 40 മീറ്റർ വരെ വീതിയിൽ ഭൂമി ഏറ്റെടുക്കണം. മറ്റുള്ളിടത്ത് 20 മുതൽ 25 മീറ്റർ വരെ വീതിയിൽ ഏറ്റെടുക്കും. ഇതുകൂടാതെ, സിൽവർ ലൈനിന്റെ മൊത്തം നീളത്തിൽ നാലുമീറ്റർ വീതിയിൽ റോഡിനും സ്ഥലം ഏറ്റെടുക്കണം. ഇതിനിടെ, എത്ര പാർപ്പിടങ്ങൾ നഷ്ടപ്പെടുമെന്നോ ഏതൊക്കെ വില്ലേജുകളിൽ ആഘാതം സൃഷ്ടിക്കുമെന്നോ റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.