നിയമാനുമതി നേടിയെടുക്കാൻ വേഗപാത റിപ്പോർട്ടുകൾ അടിക്കടി തിരുത്തി
text_fieldsകോഴിക്കോട് : സിൽവർലൈൻ വേഗ റെയിൽപാതക്കുള്ള പദ്ധതി ചെലവിൽ ഒന്നര വർഷം കൊണ്ട് ഒരേ കമ്പനി തന്നെ മാറ്റം വരുത്തിയത് പല തവണ. 2020 മാർച്ചിൽ വിദേശ കമ്പനിയായ സിസ്ട്ര തയാറാക്കിയ ആദ്യ പ്രോജക്ട് റിപ്പോർട്ട് പ്രകാരം 15,538 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കൽ ഉൾെപ്പടെ വേഗപാതയുടെ ചെലവ് 71,063 കോടിയായിരുന്നു. നിർമാണം പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുന്നതിനാൽ പദ്ധതി ചെലവ് ഇരട്ടിയോളമെത്തുമെന്ന് സാങ്കേതിക വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിരുന്നു.
സിൽവർ ലൈനിെൻറ ഇരട്ടി വേഗമുള്ള ഹൈ സ്പീഡ് റെയിലിനു വേണ്ടി വരുന്ന ചെലവിനോട് അടുത്തു നിൽക്കുന്ന സെമി ഹൈ സ്പീഡിെൻറ പിറകെ പോകുന്നതിെൻറ സാമ്പത്തിക യുക്തി 2020 ൽ തന്നെ പലരും ചൂണ്ടിക്കാട്ടിയപ്പോൾ, 56,443 കോടി രൂപ എസ്റ്റിമേറ്റ് കാണിക്കുന്ന രണ്ടാമതൊരു റിപ്പോർട്ട് 2020 മേയിൽ തന്നെ സിസ്ട്ര തയാറാക്കി. അലൈൻമെൻറിൽ കാര്യമായ മാറ്റമില്ലാതെ ഇത്രയും കോടി ഒറ്റയടിക്ക് കുറഞ്ഞതിന് വിശദീകരണമില്ല.
തുക കുറച്ചു കാണിച്ചതിെൻറ പേരിൽ നിതി ആയോഗ് പദ്ധതി റിപ്പോർട്ടിനെ ചോദ്യം ചെയ്തു. ഇതേത്തുടർന്നാണ്, 64,941 കോടി രൂപയുടെ പുതിയൊരു കണക്ക് അവതരിപ്പിച്ചത്. ഇതിൽ കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ കടം വാങ്ങുന്നതിനും മറ്റും പുറമെ, 33,000 കോടി രൂപ ജൈക്കയിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ കടം വാങ്ങാനാണ് തീരുമാനം.
പദ്ധതി ചെലവ് കുറച്ച് കാണിച്ച് വിമർശനം ഒഴിവാക്കി അനുമതി നേടിയെടുക്കാനാണ് കെ.ആർ.ഡി.സി.എല്ലിെൻറ ശ്രമമെന്ന് പ്രതിരോധ സമിതി കൺവീനർ എം.ടി. തോമസ് ആരോപിച്ചു. ഒന്നര ശതമാനം വാർഷിക പലിശയാകുന്നതോടെ കടം കുത്തനെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നതെന്ന് കോഴിക്കോട് ജില്ല സമരസമിതി ചെയർമാൻ ടി.ടി. ഇസ്മയിൽ പറഞ്ഞു. സാമൂഹിക പരിസ്ഥിതിക ദുരന്തങ്ങൾക്കു കൂടി കേരളം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും ഇസ്മയിൽ പറയുന്നു. 529.45 കി.മീ. വരുന്ന തിരുവനന്തപുരം-കാസർകോട് പാതക്ക് 11,837 കോടി മുടക്കിൽ 1126.45 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നാണ് ഡി.പി.ആർ പറയുന്നത്.
എന്നാൽ, തിരുവനന്തപുരം മുതൽ തിരൂർ വരെ നിലവിലെ റെയിൽപാതയിൽ നിന്നും ശരാശരി അഞ്ച് കി.മീ. മാറി ഭൂമി ഏറ്റെടുക്കേണ്ടി വരുന്നതിനാൽ ആയിരക്കണക്കിനേക്കർ സ്ഥലം വേണ്ടി വരും. കെ - റെയിലിെൻറ സമ്മർദപ്രകാരം വൈദഗ്ധ്യം ഉപയോഗിക്കാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് സമരസമിതി ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.