സിൽവർ ലൈൻ പദ്ധതി;ബാധ്യത ഏറ്റെടുക്കില്ലെന്ന് കേന്ദ്രം നേരത്തേ അറിയിച്ചതായി വിവരാവകാശ രേഖ
text_fieldsമലപ്പുറം: കേരളത്തെ രണ്ടായി പകുത്തു മാറ്റുന്ന അർധ അതിവേഗ പാത എന്ന സിൽവർ ലൈൻ പദ്ധതിയുടെ വൻ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം നേരത്തേ തന്നെ നിലപാട് സ്വീകരിച്ചതായി വിവരാവകാശ രേഖ.
പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തില്ലെന്നും പുറം പാർട്ടികളുമായി നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ ബാധ്യത കേന്ദ്രം ഏറ്റെടുക്കില്ലെന്നും നീതി ആയോഗ് 2021 മാർച്ച് 31ന് തന്നെ സംസ്ഥാന സർക്കാറിെന രേഖാമൂലം അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി നീതി ആയോഗിെൻറ നിലപാട് ആവർത്തിക്കുക മാത്രമാണ് ചെയ്തത്.
പദ്ധതി തുകയുടെ കാര്യത്തിലും നീതി ആയോഗ് ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 63,941 കോടി രൂപയാണ് സംസ്ഥാന സർക്കാർ പദ്ധതിക്കായി മൊത്തം ചെലവ് കണക്കാക്കുന്നത്. എന്നാൽ, 1,26,081 കോടി രൂപ വേണ്ടിവരുമെന്നാണ് നീതി ആയോഗിെൻറ കണക്ക്. ഇതുതന്നെ 2018ലെ നിരക്കുെവച്ചാണ്. കമ്പിയുടെയും സിമൻറിെൻറയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും വില ഇരട്ടിയിലധികം വർധിച്ചതിനാൽ പദ്ധതി പൂർത്തിയാവുേമ്പാഴേക്ക് രണ്ട് ലക്ഷം കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പദ്ധതിക്കായി 33,700 കോടി വായ്പ ആവശ്യപ്പെട്ട് കേരളം നൽകിയ അപേക്ഷ 2020 സെപ്റ്റംബർ മൂന്നിന് തന്നെ കേന്ദ്ര ധനമന്ത്രാലയം തള്ളിയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളിയിൽനിന്ന് തുടങ്ങി കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം വഴി കാസർകോട് അവസാനിക്കുന്ന 529.45 കി.മീറ്റർ നീളമുള്ള പാതയാണിത്. സ്റ്റാൻഡേർഡ് ഗേജിലാണ് ഇത് നിർമിക്കുക എന്നാണ് സർക്കാർ തിരുവനന്തപുരത്തെ സ്വകാര്യ ഏജൻസിയെകൊണ്ടുണ്ടാക്കിയ ദ്രുത പാരിസ്ഥിതികാഘാത പഠന റിപ്പോർട്ടിൽ പറയുന്നത്.
ഈ റിപ്പോർട്ടിന് നിലവാരമില്ലെന്ന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആശയ വിനിമയം നടത്തിയ ജപ്പാൻ ഇൻറർനാഷനൽ കോപ്പറേഷൻ ഏജൻസി (ജൈക്ക) എന്ന കമ്പനി വിമർശനമുന്നയിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പാരിസ്ഥിതിക ആഘാത പഠനം വീണ്ടും നടത്താൻ സർക്കാർ പുതിയ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജപ്പാനിൽ നിന്ന് സഹായം ലഭിക്കണമെങ്കിൽ അവിടെ നിന്നുള്ള ഉപകരണങ്ങൾ ഉപയോഗിക്കണമെന്ന ഉപാദി കൂടി ജൈക്ക അവർ മുന്നോട്ട് വെച്ചിട്ടുണ്ട്.
പദ്ധതിയുമായി മുന്നോട്ടു പോകും –മന്ത്രി വി. അബ്ദുറഹിമാൻ
കോഴിക്കോട്: കെ.റെയിലുമായി സർക്കാർ മുന്നോട്ടുതന്നെ പോകുമെന്ന് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സാമ്പത്തിക, സാങ്കേതിക കാര്യങ്ങളിലെ വ്യക്തത മാത്രമാണ് കേന്ദ്ര റെയിൽവേ മന്ത്രി കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ കൃത്യമായ മറുപടി സംസ്ഥാന സർക്കാർ നൽകും. പദ്ധതിയോട് ഇപ്പോഴും അനുകൂല നിലപാടുതന്നെയാണ് കേന്ദ്ര സർക്കാറിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.