സിൽവർ ലൈൻ; ഡി.പി.ആർ അപൂർണമെന്ന് ആവർത്തിച്ച് റെയിൽവേ
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേരളം സമർപ്പിച്ച ഡി.പി.ആർ അപൂർണമെന്നും പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്നും ആവർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പദ്ധതി അംഗീകാരത്തിന് വേണ്ട അടിസ്ഥാനവിവരങ്ങൾ ഉൾക്കൊള്ളുന്ന അലൈൻമെന്റ് പ്ലാൻ ഡി.പി.ആറിലില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. എത്ര ഭൂമി വേണമെന്നതിന് ആവശ്യമായ വിശദാംശങ്ങളും ഉൾപ്പെടുത്തിയിട്ടില്ല.
നിലവിലെ റെയിൽവേ ലൈനിനെ എവിടെയെല്ലാം സിൽവർ ലൈൻ മുറിച്ചുകടക്കുമെന്ന വ്യക്തമായ വിവരമില്ലെന്നും മതിയായ രേഖകൾ സമർപ്പിക്കാൻ പലവട്ടം ആവർത്തിച്ചിട്ടും കൃത്യമായ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നുമാണ് റെയിൽവേ ബോർഡിന്റെ വിശദീകരണം. 2020 ജൂണിലാണ് സിൽവർ ലൈനിനായി ഡി.പി.ആർ സമർപ്പിച്ചത്.
പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുകിട്ടൽ നിർണായകമാണെന്നിരിക്കെ റെയിൽവേ ബോർഡ് അഞ്ച് തവണ വിവരങ്ങളാരാഞ്ഞ് കത്തയച്ചിരുന്നു.
റെയിൽവേയുമായി ആലോചിക്കാതെ അവരുടെ 198 കിലോമീറ്റർ ഭൂമിയിലൂടെ സിൽവർ ലൈൻ കടന്നുപോകുന്ന രീതിയിലാണ് നിലവിലെ അലൈൻമെന്റ്. ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് റെയിൽവേ അറിയിച്ചതോടെ 530 കിലോമീറ്ററുള്ള സിൽവർ ലൈനിന്റെ മൊത്തം ദൂരത്തിന്റെ മുന്നിലൊരു ഭാഗത്തിന് അലൈൻമെന്റ് ഇല്ലാതായി. നിലവിലെ അലൈൻമെന്റ് കൂടിയാലോചനകളില്ലാതെയാണെന്നാണ് റെയിൽവേ നിലപാട്. സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഭാവി റെയിൽ വികസനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും നേരത്തെ റെയിൽവേ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളം പോലൊരു സംസ്ഥാനത്ത് ഇപ്പോൾ നിശ്ചയിച്ച ഇടങ്ങളിൽ പകരം ഭൂമി കണ്ടെത്തി അനുയോജ്യമായ അലൈൽമെന്റ് കണ്ടുപിടിക്കുക അസാധ്യമാണെന്ന് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി ഭാരവാഹി കെ. ശൈവപ്രസാദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.