സിൽവർ ലൈൻ സമരം: കേസുകൾ പിൻവലിച്ചേക്കില്ല, അറസ്റ്റുണ്ടാവില്ല
text_fieldsതിരുവനന്തപുരം: കല്ലിടൽ തൽക്കാലത്തേക്ക് നിർത്തിയെങ്കിലും സില്‍വർ ലൈന്‍ പദ്ധതിക്കെതിരായ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിച്ചേക്കില്ല. തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനം. എന്നാൽ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തുടർനടപടികളുണ്ടാകൂവെന്നാണ് വിവരം.
കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് സർക്കാറിൽനിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. നിർദേശം ലഭിച്ചാൽ മാത്രമേ കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. എന്നാല്‍, അറസ്റ്റും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതും ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് പൊലീസ് നീങ്ങില്ലെന്നാണ് സൂചന.
കല്ലിടലുമായി ബന്ധപ്പെട്ട് ശക്തമായ പ്രക്ഷോഭമാണുണ്ടായത്. വിവിധ ജില്ലകളിലായി 700ലേറെപ്പേര്‍ക്കെതിരെയാണ് കേസെടുത്തത്. 280 ലധികം കേസുകൾ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ കോട്ടയത്താണ്-38. കണ്ണൂർ- 17, കോഴിക്കോട്- 14, കൊല്ലം- 10, തിരുവനന്തപുരം- 12 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. രണ്ട് മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം. കേസ് പിന്‍വലിക്കാൻ നടപടി തുടങ്ങേണ്ടത് കുറ്റപത്രം നല്‍കിയ ശേഷമാണെന്നതിനാല്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കട്ടേയെന്നാണ് പൊലീസിന്‍റെ നിലപാട്. കേസുകൾ പിന്‍വലിച്ചാല്‍ സമരം വീണ്ടും ശക്തിപ്പെടുമെന്നതിനാല്‍ അത്തരം നടപടികള്‍ വേണ്ടെന്നാണ് ഭരണതലത്തിലുള്ള തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.