സിൽവർ ലൈൻ: തിരശ്ശീല വീണത് ‘അതിവേഗ അവകാശവാദ’ങ്ങൾക്ക്
text_fieldsതിരുവനന്തപുരം: കേന്ദ്രാനുമതിക്ക് മുമ്പേ പിടിവാശിക്കും ഇ. ശ്രീധരനെ മുൻനിർത്തിയുള്ള ബദൽ പാത നീക്കത്തിനും പിന്നാലെ ‘സിൽവർ ലൈനുമായി തൽക്കാലം മുന്നോട്ടില്ലെന്ന’ മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിലോടെ തിരശ്ശീല വീണത് വിയോജിപ്പുകൾ പരിഗണിക്കാതെയുള്ള അതിവേഗ അവകാശവാദങ്ങൾക്ക്.
ഡി.പി.ആർ മുതൽ സർവേയും സ്ഥലമേറ്റെടുക്കൽ നീക്കവും ധിറുതിപിടിച്ചുള്ള നടപടികളും ദുരൂഹതകളും വലിയ ചോദ്യങ്ങളായപ്പോഴും സർക്കാർ കണ്ണടച്ചു. 100 കോടിവരെ ചെലവിട്ട് പ്രാഥമിക പ്രവർത്തനങ്ങൾ നടത്താമെന്ന കേന്ദ്രാനുവാദത്തെ പദ്ധതിക്കുള്ള പ്രാഥമികാനുമതിയായി വ്യാഖ്യാനിച്ചായിരുന്നു തിരക്കിട്ട ചെലവഴിക്കലും പ്രവർത്തനങ്ങളും. കേന്ദ്രാനുമതിയില്ലാതെ ഭൂമിയേറ്റെടുക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെ ഭൂമിയേറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു. ഒരു തുണ്ട് ഭൂമിയേറ്റെടുത്തില്ലെങ്കിലും ശമ്പളം നൽകിയത് കെ-റെയിലാണ്. അപ്പോഴും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നിയമസഭക്ക് അകത്തും പുറത്തും ആവർത്തിച്ച മുഖ്യമന്ത്രിയാണ് ഇപ്പോൾ നിലപാട് തിരുത്തിയത്. ഇതുവഴി, സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും 64.72 കോടിയാണ് ഇതിനായി ചെലവിട്ടത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിധിക്ക് ശേഷമാണ് സിൽവർ ലൈൻ വിഷയത്തിൽ സർക്കാറിലും മുന്നണിയിലും വീണ്ടുവിചാരമുണ്ടായത്. വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള പോരാട്ടം എന്ന നിലയിലേക്കുവരെ ഇത് വഴിമാറി. ഈ സാഹചര്യത്തിൽ എൽ.ഡി.എഫിനേറ്റ കനത്ത പരാജയം സിൽവർ ലൈനിനെതിരായ ജനകീയ വിധിയെഴുത്തായി വിലയിരുത്തപ്പെട്ടു. പിന്നാലെ ബലം പ്രയോഗിച്ചുള്ള കല്ലിടലിൽനിന്ന് പിൻവാങ്ങി.
വൈകാതെ ഭൂമിയേറ്റെടുക്കൽ സെല്ലുകൾ നിർത്തി. ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. പദ്ധതി വഴിമുട്ടിയ സാഹചര്യത്തിലാണ് കെ.വി. തോമസ് വഴി ഇ. ശ്രീധരനുമായി ബന്ധപ്പെട്ട് കേന്ദ്ര കടമ്പകൾ മറികടക്കാനുള്ള നയതന്ത്ര വഴി തുറന്നത്. പദ്ധതിയുടെ അനുമതിക്ക് ഇ. ശ്രീധരനെ മുൻനിർത്തി കേന്ദ്രത്തിൽ അനുകൂല സാഹചര്യം സൃഷ്ടിക്കലായിരുന്നു ലക്ഷ്യം. എന്നാൽ, സിൽവർ ലൈൻ പദ്ധതിരേഖ അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടിയ ശ്രീധരൻ ബദൽ പദ്ധതിരേഖതന്നെ സമർപ്പിച്ചു. ഇതോടെ സർക്കാർ ശ്രമങ്ങൾ അന്ത്യം കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.