സിൽവർ ലൈൻ: ഭൂമിയേറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിക്കും; മറ്റു ചുമതലകൾക്ക് വിന്യസിക്കും
text_fieldsതിരുവനന്തപുരം: സിൽവർലൈൻ വിഷയത്തിൽ സർക്കാറിന്‍റെ രണ്ടാം യുടേൺ. പദ്ധതിക്ക് ഭൂമിയേറ്റെടുക്കാൻ വിവിധ ജില്ലകളിൽ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനും അവർക്ക് മറ്റു ചുമതലകൾ നൽകാനുമാണ് തീരുമാനം. പദ്ധതിക്ക് കേന്ദ്രാനുമതി വൈകുന്നതും സാമൂഹികാഘാത പഠനം അനിശ്ചിതത്വത്തിലുമായ സാഹചര്യത്തിലാണ് തീരുമാനം.
മഞ്ഞക്കുറ്റികൾ സ്ഥാപിച്ചുള്ള സാമൂഹികാഘാത പഠനം കനത്തപ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ പിൻവലിച്ച് പകരം ജിയോ ടാഗിങ് ഏർപ്പെടുത്തിയ നയപരമായ പിൻവാങ്ങലിനു ശേഷം അടുത്ത ചുവടുമാറ്റമാണിത്. അതേസമയം, ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതല്ലാതെ സെല്ലുകൾ അവസാനിപ്പിക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് 11 ജില്ലകളിലായി 205 ഓളം റവന്യൂ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. ഒന്നര വർഷമായി ഇവർക്ക് കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഒരു വർഷത്തേക്കായിരുന്നു ഇവരുടെ നിയമനം. കഴിഞ്ഞ ആഗസ്റ്റ് 17ന് ഈ സമയപരിധി അവസാനിച്ചതിനെ തുടർന്ന് സെപ്റ്റംബറിലാണ് ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.
എറണാകുളം, കേന്ദ്രമാക്കി സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടറും അദ്ദേഹത്തിന്‍റെ ഓഫിസും ജില്ലകളിൽ 18 പേര്‍ വീതമടങ്ങുന്ന സ്‌പെഷല്‍ തഹസില്‍ദാര്‍മാരുടെ 11 യൂനിറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. സാമൂഹികാഘാത പഠനം സമയബന്ധിതമായി നടക്കുമെന്നും ഭൂമിയേറ്റെടുത്ത് വേഗത്തിൽ പദ്ധതിയിലേക്ക് നീങ്ങാമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു കേന്ദ്രാനുമതി കിട്ടും മുമ്പേ ധിറുതി പിടിച്ച് ഭൂമിയേറ്റെടുക്കൽ സെല്ലുകൾ ആരംഭിച്ചത്.
എന്നാൽ, സർക്കാർ പ്രതീക്ഷകൾക്ക് വിരുദ്ധമായി കനത്തചെറുത്തുനിൽപ്പാണ് സംസ്ഥാന വ്യാപകമായി ഉയർന്നത്. ഉദ്യോഗസ്ഥരെ പിൻവലിക്കുന്നതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും. ഇതുസംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് കെ-റെയിൽ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.