സിൽവർലൈൻ ഡി.പി.ആറിന് അന്തിമാനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം; സർവേ നടത്താതെ എങ്ങനെ ഡി.പി.ആർ തയാറാക്കിയെന്ന് ഹൈകോടതി
text_fieldsകൊച്ചി: സർവേ നടത്താതെ എങ്ങനെയാണ് സിൽവർലൈൻ പദ്ധതിക്ക് വിശദപദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കിയതെന്ന് ഹൈകോടതി. ഇത് ഏത് സർവേയുടെ അടിസ്ഥാനത്തിലാണ് നടന്നതെന്നും കോടതി ചോദിച്ചു.
ഫിസിക്കൽ സർവേ നടത്താതെ ഡി.പി.ആർ തയാറാക്കാനാകുമോ എന്നതടക്കം വിശദീകരിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ എങ്ങനെയാണ് കെ-റെയിലിനായുള്ള ഭൂമി ഏറ്റെടുക്കലിൽ ബാധകമാകുകയെന്ന് അറിയിക്കാൻ സർക്കാറിന് നിർദേശം നൽകിയുള്ള ഇടക്കാല ഉത്തരവിലാണ് കോടതി ഈ സംശയം ഉന്നയിച്ചത്.
ഏരിയൽ സർവേയുടെ അടിസ്ഥാനത്തിലാണ് ഡി.പി.ആർ തയാറാക്കിയതെന്ന സർക്കാർ വിശദീകരണവും ഡി.പി.ആറിന് അന്തിമാനുമതി നൽകിയിട്ടില്ലെന്ന കേന്ദ്ര വിശദീകരണവും കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്. ഹരജി ഫെബ്രുവരി ഏഴിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
അപ്പോൾ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ നിർദേശിച്ച കോടതി, അതുവരെ ഹരജിക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നത് നീട്ടിവെക്കണമെന്നും ആവശ്യപ്പെട്ടു. ഹരജികളിൽ കോടതി മുമ്പ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകൾ തുടരും. അതേസമയം അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന 2013ലെ നിയമപ്രകാരം ബന്ധപ്പെട്ട അധികാരികൾക്ക് നടപടികൾ സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.
പദ്ധതിയുടെ സർവേ ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഡി.പി.ആർ തയാറാക്കിയശേഷം എന്തിനാണ് സർവേ ആക്ട് പ്രകാരം ഇപ്പോൾ സർവേ നടത്തുന്നതെന്ന ചോദ്യത്തിന്, സാമൂഹികാഘാത പഠനത്തിനായാണെന്നായിരുന്നു സർക്കാറിന്റെ മറുപടി.
റെയിൽവേ ബോർഡ് തത്ത്വത്തിൽ അംഗീകാരം നൽകുകയും ഡി.പി.ആർ തയാറാക്കുകയും ചെയ്തശേഷം ഇത്തരമൊരു സർവേ എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി പ്രതികരിച്ചു. ഇതിന് സർക്കാറിന് അധികാരമില്ലെന്ന് ഹരജിക്കാർ ആരോപിച്ചു. ഇപ്പോഴത്തെ വിശദീകരണം പൂർണമല്ലാത്തതിനാൽ വിശദ മറുപടിക്ക് സർക്കാർ സമയംതേടി. 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ചാണ് സർവേ അടക്കമുള്ള നടപടി സ്വീകരിക്കേണ്ടത്. ചില ജില്ലകളിൽ ഇത്തരം വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സർക്കാറും കെ-റെയിലും അറിയിച്ചു.
നിയമപരമല്ലാതെയിട്ട കല്ലുകളുടെ കാര്യത്തിൽ എന്ത് ചെയ്തുവെന്ന് കോടതി ആരാഞ്ഞു. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകൾ ഇടുന്നത് കോടതി വിലക്കിയതോടെ ജനങ്ങൾ ഇതിനോടകം ഇരുന്നൂറോളം കല്ലുകൾ നീക്കി റീത്ത് വെച്ചതായി കെ-റെയിൽ അഭിഭാഷകൻ പറഞ്ഞു. ജനങ്ങളെ ശത്രുവായി കാണേണ്ടതില്ലെന്നും അതിലൊക്കെ നിയമപരമായി നടപടി സ്വീകരിക്കാമെന്നുമായിരുന്നു കോടതിയുടെ മറുപടി.
ഡി.പി.ആറിന് അന്തിമാനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ
കെ-റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ സമർപ്പിച്ച വിശദ പദ്ധതിരേഖക്ക് (ഡി.പി.ആർ) അന്തിമാനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയെ അറിയിച്ചു. റെയിൽവേ ബോർഡിന്‍റെ മുന്നിലുള്ള ഡി.പി.ആറുമായി ബന്ധപ്പെട്ട് കൂടുതൽ സാങ്കേതികരേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അസി. സോളിസിറ്റർ ജനറൽ എസ്. മനു വിശദീകരിച്ചു.
പദ്ധതിക്ക് വേണ്ടിവരുന്ന റെയിൽവേ ഭൂമി, സ്വകാര്യ ഭൂമി, അലൈൻമെന്റ് പ്ലാൻ, നിലവിലെ റെയിൽവെ നെറ്റ്‌വർക്കിനെ ബാധിക്കുന്ന നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം തേടിയിട്ടുണ്ട്. ഡി.പി.ആറും ഇക്കാര്യങ്ങളും പരിശോധിച്ച് സാമ്പത്തികമായി ലാഭകരമായ പദ്ധതിയാണോയെന്ന് നിതി ആയോഗും കേന്ദ്ര ധനമന്ത്രാലയവും ഉറപ്പാക്കിയശേഷം മാത്രമായിരിക്കും അന്തിമാനുമതി നൽകുകയുള്ളൂവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.