സിൽവർ ലൈൻ: സ്ഥലമേറ്റെടുക്കാൻ കേന്ദ്ര വിജ്ഞാപനത്തിന്റെ ആവശ്യമില്ലെന്ന് റെയിൽവേ മന്ത്രാലയം
text_fieldsകൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ (വേഗ റെയിൽ) സ്ഥലമേറ്റെടുക്കൽ നടപടികളെ ഹൈകോടതിയിൽ പിന്തുണച്ച് കേന്ദ്രസർക്കാർ. ഇത് പ്രത്യേക റെയിൽവേ പദ്ധതിയായി വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ സ്ഥലമേറ്റെടുക്കാൻ കേന്ദ്ര വിജ്ഞാപനത്തിന്റെ ആവശ്യമില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെ പിന്തുണക്കുന്ന നടപടിയാണ് റെയിൽവേ മന്ത്രാലയത്തിൽനിന്നുണ്ടായത്. കെ-റെയിലും സമാനവാദമാണ് ഉന്നയിച്ചത്.
കേന്ദ്ര വിജ്ഞാപനമില്ലാതെ ഭൂമിയേറ്റെടുക്കൽ സാധ്യമല്ലെന്നടക്കം ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശികൾ നൽകിയ ഹരജികളിലാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകളും കെ-റെയിലും ഒരേ നിലപാടെടുത്തത്. ഹരജികൾ ജസ്റ്റിസ് എൻ. നഗരേഷ് വിധി പറയാൻ മാറ്റി.
പദ്ധതിക്ക് കേന്ദ്രസർക്കാറിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. സംസ്ഥാന സർക്കാറിന്റെ പദ്ധതി പ്രത്യേക കമ്പനിയായ കെ-റെയിൽ മുഖേനയാണ് നടപ്പാക്കുന്നത്. കമ്പനിയിൽ 51 ശതമാനം പങ്കാളിത്തം സംസ്ഥാന സർക്കാറിനും 49 ശതമാനം റെയിൽവേക്കുമാണ്. പദ്ധതിക്ക് റെയിൽവേ ബോർഡ് നേരത്തേതന്നെ തത്ത്വത്തിൽ അംഗീകാരം നൽകിയതാണ്.
പ്രത്യേക റെയിൽ പദ്ധതി അല്ലാത്തതിനാൽ സ്ഥലം ഏറ്റെടുക്കാൻ കേന്ദ്ര വിജ്ഞാപനം വേണ്ടെന്നും എ.ജി ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിക്കുന്നതായി റെയിൽവേ മന്ത്രാലയത്തിന്റെ അഭിഭാഷകനും അറിയിച്ചു. പ്രത്യേക റെയിൽവേ പദ്ധതിയായി വിജ്ഞാപനം ചെയ്താൽ മാത്രമേ റെയിൽവേ നിയമം ബാധകമാകൂവെന്നും സ്ഥലമെടുപ്പിന് കേന്ദ്ര വിജ്ഞാപനം വേണ്ടത് അപ്പോൾ മാത്രമാണെന്നും കെ-റെയിലിന്റെ അഭിഭാഷകൻ വാദിച്ചു.
റെയിൽവേയുടെ പദ്ധതികൾക്കും സംസ്ഥാനമാണ് ഭൂമി ഏറ്റെടുത്തുനൽകുന്നത്. സിൽവർ ലൈൻ പദ്ധതിക്ക് റെയിൽവേ ബോർഡ് തത്ത്വത്തിൽ അംഗീകാരം നൽകിയതിനാൽ ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ നടത്തേണ്ടത് സംസ്ഥാന സർക്കാറാണ്. പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ലെന്നും കെ-റെയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.