സിൽവർ ലൈൻ; ഭൂമിയേറ്റെടുക്കലിൽ പിന്നോട്ടില്ല
text_fieldsതിരുവനന്തപുരം: സിൽവർ ലൈനിൽ കേന്ദ്രാനുമതിയും വിദേശവായ്പയും വഴിമുട്ടി നിൽക്കുന്നതിനിടെ ഭൂമിയേറ്റെടുക്കലിൽനിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി സർക്കാർ. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കേണ്ട സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടറുടെയും സ്‌പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ ഓഫിസ് ജീവനക്കാരും അടക്കമുള്ളവരുടെയും ഡെപ്യൂട്ടേഷൻ ഒരു വര്‍ഷത്തേക്ക് നീട്ടി റവന്യൂ വകുപ്പ് ഉത്തരവിറക്കി.
സാമൂഹികാഘാത പഠനത്തിന് നിയോഗിച്ച ഏജൻസികളുടെ കാലാവധി നീട്ടാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഭൂമിയേറ്റെടുക്കൽ സെല്ലുകളിലെ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിയത്. എറണാകുളം കേന്ദ്രമാക്കി സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിലെ ഏഴു തസ്തികകളും സ്‌പെഷല്‍ തഹസില്‍ദാറുടെ ഓഫിസിലെ 18 തസ്തികകള്‍ക്കുമാണ് തുടര്‍ച്ചാനുമതി. 18 പേര്‍ വീതമടങ്ങുന്ന സ്പെഷല്‍ തഹസില്‍ദാര്‍മാരുടെ 11 യൂനിറ്റുകളാണ് സംസ്ഥാനത്തുള്ളത്.
ആഗസ്റ്റ് 17ന് കാലാവധി പൂര്‍ത്തിയായ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് 18 മുതല്‍ ഒരുവര്‍ഷം കൂടി തുടര്‍ച്ചാനുമതി നല്‍കിയാണ് ഉത്തരവ്. ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടേണ്ടതുണ്ടോയെന്ന ചോദ്യവുമായി റവന്യൂ മന്ത്രി കെ. രാജന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പച്ചക്കൊടി കാട്ടിയിരുന്നു. പിന്നാലെയാണ് ഭൂമി ഏറ്റെടുക്കല്‍ വിഭാഗം സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ ഓഫിസുകളിലെ ജീവനക്കാര്‍ക്ക് തുടര്‍ച്ചാനുമതി നല്‍കിയത്.
സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടർ കൂടാതെ ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലര്‍ക്ക്, ഓഫിസ് അറ്റന്റന്റ്, കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ എന്നിവരുടെ ഓരോ തസ്തികയും ക്ലര്‍ക്കിന്‍റെ രണ്ട് തസ്തികക്കുമാണ് തുടര്‍ച്ചാനുമതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസ്. അതേസമയം ഇവര്‍ക്ക് തുടര്‍ച്ചാനുമതി നല്‍കാത്തതിനാല്‍ രണ്ടുമാസമായി ശമ്പളം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനാണ് ഉത്തരവിറക്കിയതെന്നാണ് റവന്യു മന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.