സിൽവർ ലൈൻ കേരളത്തെ മറ്റൊരു നന്ദ്രിഗ്രാമാക്കി മാറ്റും- രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: നിയമസഭയില്‍ സില്‍വര്‍ലൈന്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടക്കവെ സര്‍ക്കാരിനെ കടന്നാക്രമിച്ച് രമേശ് ചെന്നിത്തല. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ജനങ്ങള്‍ നടത്തുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് ചെന്നിത്തല പറഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വകവെക്കാതെ പദ്ധതി ജനങ്ങളുടെ മേൽ അടിച്ചേല്‍പ്പിക്കുകയാണ്. എന്ത് വന്നാലും പദ്ധതി നടപ്പിലാക്കും എന്നാണ് പറയുന്നത്. ഇത് തന്നെയാണ് നന്ദിഗ്രാമിലും പറഞ്ഞത്. അഹങ്കാരവും ധിക്കാരവുമാണ് ബംഗാളില്‍ നിങ്ങളെ സര്‍വ നാശത്തിലേക്ക് എത്തിച്ചത്. കെ റെയില്‍ മറ്റൊരു നന്ദിഗ്രാമായി മാറുമെന്നും ചെന്നിത്തല പറഞ്ഞു.
നിലവിലെ റെയില്‍വേ ലൈനിന്റെ വളവുകളും തിരിവുകളും സിഗ്‌നലിങും പരിഹരിച്ചാല്‍ 5 മണിക്കൂറില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താം. ആയിരക്കണക്കിന് ജനങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതി എന്തിനാണ്?- ചെന്നിത്തല ചോദിച്ചു. ഇടത് അനുകൂലികളായ പരിസ്ഥിതി വാദികളും ഇടതുപക്ഷ സഹയാത്രികരും ശാസ്ത്ര സാഹിത്യ പരിഷത്തും ഉള്‍പ്പടെ പദ്ധതിയെ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈനിന്റെ മറവില്‍ അഴിമതിയും കമീഷനുമാണ് ലക്ഷ്യമെന്ന് ചെന്നിത്തല ആരോപിച്ചു. പദ്ധതി നടപ്പാക്കാനുള്ള പണത്തെ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ്. സംസ്ഥാനത്തിന് അനാവശ്യമായ ഒരു പദ്ധതിയാണ് സില്‍വര്‍ ലൈനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.