സിൽവർ ലൈൻ: 806 സസ്യവർഗങ്ങളെ കുടിയൊഴിക്കേണ്ടിവരും
text_fieldsതിരുവനന്തപുരം: സിൽവർ ലൈനിന്റെ ഭാഗമായി 'കുടിയൊഴിപ്പി'ക്കേണ്ടിവരുന്നത് 806 സസ്യവർഗങ്ങളെയെന്ന് വിശദ പദ്ധതിരേഖ. കൃഷ്ണപ്പൂവ് മുതൽ അമൂല്യ ഔഷധഗുണമുള്ള കടലാടിവരെ പിഴുതെറിയേണ്ടിവരും. അലൈൻമെൻറിൽ വനമേഖല ഉൾപ്പെടുന്നില്ലെങ്കിലും 18 മുതൽ 25 മീറ്റർ വരെ വീതിയിൽ മരങ്ങൾ മുറിക്കുന്നതും കുറ്റിക്കാടുകൾ വെട്ടുന്നതും ഭൂമിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും. അതിനാൽ ജനങ്ങൾക്ക് കൃത്യമായ വിവരം നൽകി പിന്തുണ ഉറപ്പാക്കി പദ്ധതി നടപ്പാക്കണമെന്നും ഡി.പി.ആർ നിർദേശിക്കുന്നു.
സിൽവർ ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽനിന്ന് വെട്ടിമാറ്റുന്നവയിൽ 58 ശതമാനവും ഔഷധസസ്യങ്ങളാണ്. ഏഴെണ്ണം വംശനാശ ഭീഷണിനേരിടുന്നവയാണ്. മാടായിപാറ, ഫറോക്ക്, എടപ്പാൾ ഭാഗങ്ങളിലാണ് ഇത്തരം സസ്യങ്ങളുള്ളത്.
സസ്യജാലകങ്ങളിൽ ഭൂരിഭാഗവും പച്ചമരുന്നാണ്- 466. 247 ഇനം ഔഷധ സസ്യങ്ങൾ ചതുപ്പുകൾ, നെൽവയലുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ വളരുന്നവയാണ്. മരങ്ങൾ, ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ എന്നിവ വെട്ടിമാറ്റുന്നത് സസ്യങ്ങളുടെ ആവരണത്തെയും പ്രാദേശിക ഭൂപ്രകൃതിയെയും പ്രതികൂലമായി ബാധിക്കുമെന്നും ഡി.പി.ആറിൽ വ്യക്തമാക്കുന്നു. കേരളത്തിൽ മാത്രം കാണപ്പെടുന്ന സസ്യവർഗത്തിൽപ്പെട്ട 10 ഇനം ചെടികളും തെക്കൻപശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 14 ഇനം സസ്യലതാദികളും നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി നഷ്ടപ്പെടും. നിർദിഷ്ട റെയിൽ ഇടനാഴി കടന്നുപോകുന്നതിൽ ഭൂരിഭാഗവും കൃഷി ചെയ്യുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ നെൽവയൽ പ്രദേശങ്ങളിലൂടെയാണ്.
ഇത് പ്രദേശവാസികളുടെ കുടിവെള്ളത്തെയും സസ്യജന്തുജാലങ്ങളുടെ നിലനിൽപ്പിനെയും ബാധിക്കും. ഇതിനു പുറമെ, നിരവധി തെങ്ങിൻ തോട്ടങ്ങളും പ്ലാവ്, മാവ്, ആഞ്ഞിലി, തേക്ക്, റബർ, ആൽ, വേപ്പ് തുടങ്ങിയവയും പദ്ധതിക്കായി നശിപ്പിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.