സിൽവർലൈൻ വിശദാംശം വേണം; ദക്ഷിണ റെയിൽവേക്ക് നിർദേശവുമായി റെയിൽവേ ബോർഡ്
text_fieldsതിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കായി കെ-റെയിൽ സമർപ്പിച്ച വിശദാംശങ്ങള്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് വീണ്ടും റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. ഗതിശക്തി വിഭാഗം ഡയറക്ടര്‍ എഫ്.എ. അഹ്മദാണ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കിയത്.
കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നേരത്തേ റെയില്‍വേ ബോര്‍ഡ് കെ-റെയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു. സില്‍വര്‍ലൈൻ അലൈന്മെന്റില് വരുന്ന റെയില്‍വേ ഭൂമിയുടെയും നിലവിലെ റെയില്‍വേ കെട്ടിടങ്ങളുടെയും റെയില്‍വേ ക്രോസുകളുടെയും വിശദ രൂപരേഖ സമര്‍പ്പിക്കാനാണ് റെയില്‍വേ ബോര്‍ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടത്. 2020 സെപ്റ്റംബര്‍ ഒമ്പതിനാണ് സില്‍വര്‍ലൈന്‍ ഡി.പി.ആര് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡി.പി.ആര് പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ മറുപടി നല്‍കിയിരുന്നു. റെയില്‍വേ ഭൂമിയുടെയും ലെവല്‍ ക്രോസുകളുടെയും വിശദാംശങ്ങള്‍ക്കായി കെ-റെയിലും ദക്ഷിണ റെയില്‍വേയും സംയുക്ത പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയെ തുടര്‍ന്നാണ് സില്‍വര്‍ലൈനിന് ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ ഭൂമിയുടെ വിവരങ്ങള്‍ സമര്‍പ്പിച്ചത്. പദ്ധതി കടന്നുപോകുന്ന ഒമ്പത് ജില്ലകളില്‍ റെയില്‍വേ ഭൂമി സില്‍വര്‍ലൈനിന് ആവശ്യമായി വരുന്നുണ്ട്. തിരുവനന്തപുരം, കോല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണിത്.
ആകെ189.6 കിലോമീറ്റര്‍ ദൂരത്തില്‍ 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുക. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 3.6 ഹെക്ടര്‍ സ്ഥലത്തെ കെട്ടിടങ്ങള്‍ നില്ക്കുന്ന സ്ഥലവും സില്‍വര്‍ലൈനിന് ആവശ്യമാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ റെയില്‍വേ ഭൂമി ആവശ്യം; 40.35 ഹെക്ടര്‍. മലപ്പുറം ജില്ലയില്‍ 26.30 ഹെക്ടറും കണ്ണൂരില്‍ 20.65 ഹെക്ടറും ഭൂമി വേണ്ടിവരും.
നിലവിലെ റെയില്‍വേ സ്റ്റേഷനുകളോടു ചേര്‍ന്നു കടന്നുപോകുന്ന സില്‍വര്‍ലൈനിന്റെ രൂപരേഖയും സമര്‍പ്പിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ഏതാനും റെയില്‍വേ മേൽപാലങ്ങളും അടിപ്പാതകളും ഏറ്റെടുക്കേണ്ടി വരുന്ന റെയില്‍വേ വസ്തുവിന്റെ പട്ടികയില്‍ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.