സിൽവർലൈൻ: പ്രതിരോധിക്കാൻ സി.പി.എം ലഘുലേഖയുമായി വീടുകളിലേക്ക്
text_fieldsതിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധവും പ്രചാരണങ്ങളും ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ മറുതന്ത്രങ്ങൾ ആവിഷ്കരിച്ച് സി.പി.എം. വിശദീകരണ യോഗങ്ങളും ലഘുലേഖ വിതരണമുൾപ്പെടെ പ്രചാരണ പരിപാടികളുമായി ജനങ്ങളെ സമീപിക്കാനാണ് തീരുമാനം. ജില്ലകളിൽ പൗരപ്രമുഖരുടെ യോഗവും വിളിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ പാർട്ടിയുടെ സൈബർ വിഭാഗവും പ്രചാരണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സി.പി.ഐ, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവക്കൊപ്പം സി.പി.എമ്മിൽ നിന്ന് ഭിന്നാഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണിത്. കേരളത്തിെൻറ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള യു.ഡി.എഫ്-ബി.ജെ.പി-ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അണിനിരക്കണമെന്നും ആവശ്യപ്പെടുന്നു. അവർക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. കേരളത്തിെൻറ വികസനത്തിന് എക്കാലത്തും തുരങ്കം വെക്കുന്ന ചരിത്രമാണ് ഇക്കൂട്ടർക്കുള്ളതെന്നും ആരോപിക്കുന്നു.
കേരളത്തിന് അർഹതപ്പെട്ട വിഭവങ്ങൾ നൽകാതെ വികസന പ്രതിസന്ധി സൃഷ്ടിച്ച യു.ഡി.എഫും ബി.ജെ.പിയും വികസന പ്രവർത്തനങ്ങളെ തടയുന്നെന്നും ലഘുലേഖയിൽ ചൂണ്ടിക്കാട്ടുന്നു. കേരള സർക്കാർ 2016ൽ കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ധാരണപത്രം ഒപ്പുവെച്ചാണ് കെ റെയിൽ കമ്പനി രൂപവത്കരിച്ചത്. എന്നാൽ, ഇപ്പോൾ കേന്ദ്രസഹായം ലഭ്യമാക്കുന്നില്ല.
മുഴുവൻ ബാധ്യതയും സംസ്ഥാനത്തിനുമേൽ അടിച്ചേൽപിച്ചു. ആ സാഹചര്യത്തിലാണ് ആവശ്യമായ തുക വായ്പയിലൂടെ കണ്ടെത്താൻ സംസ്ഥാനം ശ്രമിക്കുന്നത്. എന്നാൽ, സംസ്ഥാനത്തിെൻറ ആ അവകാശവും കേന്ദ്രം നിയന്ത്രിക്കുന്നു. 63,941 കോടിയാണ് പ്രതീക്ഷിത ചെലവ്. ഒരു ലക്ഷം കോടി രൂപയിലേറെയാണെന്നു ചിലർ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ പരത്താനാണ്.
വീടുകൾ ഉൾപ്പെടെ 9314 കെട്ടിടങ്ങളെയാണ് പദ്ധതി വരുന്നത് ബാധിക്കുന്നത്. 1383 ഹെക്ടർ ഭൂമിയാണ് പുനരധിവാസത്തിനു വേണ്ടത്. സംസ്ഥാനത്തിെൻറ സാമ്പത്തിക സ്ഥിതിയെ തകർക്കുന്നതാണെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണ്. ദേശീയപാത വികസനത്തിലും ഗെയിൽ പദ്ധതിയിലുമുണ്ടായ എതിർപ്പുകളെ മറികടക്കാനായ കാര്യവും ചൂണ്ടിക്കാട്ടുന്നു.
പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ലെന്നാണ് മറ്റൊരു വാദം. പദ്ധതി യാഥാർഥ്യമാക്കുമ്പോൾ ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സി.പി.എം അവകാശപ്പെടുന്നു.
മുഖ്യമന്ത്രി പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും
സിൽവർ ലൈനിനെതിരെ വ്യാപകമായ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വസ്തുതകൾ അവരെ ധരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അറിയുന്നത്.
ഇതുസംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സി.പി.എം വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. അതിെൻറ ഭാഗമായി ജനുവരി നാലിന് തിരുവനന്തപുരം ജില്ലയിലെ പൗര പ്രമുഖരെ മുഖ്യമന്ത്രി കാണുമെന്നാണ് വിവരം. മറ്റ് ജില്ലകളിലും സമാനമായ യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.