Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിൽവർലൈൻ...

സിൽവർലൈൻ ഉച്ചയുറക്കത്തിൽ കണ്ട പകൽക്കിനാവല്ല; പ്രകൃതിയെ ഉൻമൂലനം ചെയ്യുന്ന കേന്ദ്രപദ്ധതികൾക്ക്​ കേരളം കീഴടങ്ങില്ല -കോടിയേരി

text_fields
bookmark_border
സിൽവർലൈൻ ഉച്ചയുറക്കത്തിൽ കണ്ട പകൽക്കിനാവല്ല; പ്രകൃതിയെ ഉൻമൂലനം ചെയ്യുന്ന കേന്ദ്രപദ്ധതികൾക്ക്​ കേരളം കീഴടങ്ങില്ല -കോടിയേരി
cancel

തിരുവനന്തപുരം: പ്രകൃതിയെ ഉൻമൂലനം ചെയ്യുന്ന വികസനപദ്ധതികളുമായി കേന്ദ്രസർക്കാരോ മറ്റ് ഏജൻസികളോ വന്നാൽ അതിന് കേരളം കീഴടങ്ങില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിൽവർലൈൻ പദ്ധതി ആരെങ്കിലും ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന ഒരു വികസനപദ്ധതിയല്ല. ഇതിനെ തകർക്കാൻ വിമോചന സമരമാതൃകയിൽ പ്രതിപക്ഷം രംഗത്തിറങ്ങിയിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

കാലാവസ്ഥാ വ്യതിയാനം ലോകത്തെ പിടിച്ചുകുലുക്കുന്ന പ്രശ്നമാണ്. അത് മനസ്സിലാക്കി പ്രത്യേക പദ്ധതികളും മുൻകരുതൽ നയവും കേരളം നടപ്പാക്കുമെന്നും ദേശാഭിമാനിയിൽ എഴുതിയ 'നേർവഴി' എന്ന പംക്​തിയിൽ കോടിയേരി വ്യക്​തമാക്കി. സമുദ്രവും തീരവും ഖനനത്തിന് കോർപറേറ്റുകൾക്ക് തുറന്നുകൊടുക്കുന്ന കേന്ദ്രത്തിന്‍റെ ബ്ലൂ ഇക്കോണമി നയത്തെ സംസ്ഥാനം എതിർക്കുന്നത്​ ഇതിന്‍റെ ഭാഗമാണ്​. ഭരണഘടനാമൂല്യം തകർക്കുന്ന പൗരത്വഭേദഗതി നിയമത്തെ എന്നപോലെ, സാമ്പത്തികനയത്തിൽ കേന്ദ്രസർക്കാരിന്‍റെ കോർപറേറ്റ് വൽക്കരണത്തെയും എൽ.ഡി.എഫ് സർക്കാർ തിരസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലേഖനത്തിൽനിന്ന്​:

'ആരെങ്കിലും ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന ഒരു വികസനപദ്ധതിയല്ല സിൽവർലൈൻ. എൽ.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് മുന്നിൽവച്ച് അംഗീകാരം നേടിയ വികസനപദ്ധതിയാണിത്. ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യ കിറ്റ് വിതരണത്തെ അവഹേളിക്കാനും ഇറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സിൽവർലൈൻ പദ്ധതിയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എൽ.ഡി.എഫ് സർക്കാരിനെ ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും വൻ ഗൂഢപ്രവർത്തനങ്ങളും പ്രചാരണങ്ങളും നടത്തുകയാണ്. ഇം.എം.എസ് സർക്കാറിനെ വീഴ്ത്താൻ വിമോചനസമരം നടത്തിയ മാതൃകയിൽ എൽ.ഡി.എഫ് സർക്കാറിനെതിരെ വിമോചനസമരം നടത്താൻ കോൺഗ്രസ് മുതൽ ബി.ജെ.പിവരെയും ആർ.എസ്.എസ് മുതൽ ജമാഅത്തെ ഇസ്​ലാമിവരെയും കൈകോർക്കുകയാണ്. ഈ പ്രതിലോമ രാഷ്ട്രീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ കേരള ജനതയെ പ്രബുദ്ധരാക്കി രംഗത്തിറക്കണം. ഇക്കാര്യത്തിൽ പ്രത്യേക ക്യാമ്പയിൻ എൽ.ഡി.എഫ് സർക്കാരിനൊപ്പം സി.പി.എമ്മും നടത്തും.

വിശദ പദ്ധതിരേഖ (ഡിപിആർ) പുറത്തുവിടണമെന്നും പ്രതിപക്ഷത്തിന്‍റെ ആശങ്കകൾ പരിഹരിക്കണമെന്നും താൻ ഉന്നയിച്ച ആറ് ചോദ്യത്തിന്‌ ഉത്തരം നൽകണമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത്. പദ്ധതിയുടെ സംക്ഷിപ്ത റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചു. വിശദ പദ്ധതിരേഖ ആവശ്യപ്പെടുന്ന പ്രതിപക്ഷം അങ്ങനെയെങ്കിൽ ആ രേഖ വരുംമുമ്പേ എന്തിനാണ് കാര്യമറിയാതെ പദ്ധതിയെ തള്ളിപ്പറയുന്നത്.

അർധ അതിവേഗപാത വന്നാൽ എൽഡിഎഫ് സർക്കാരിന്‍റെ ഭരണകാലത്ത് ജനങ്ങൾക്ക് സംസ്ഥാനത്തിന്‍റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക്‌ എത്താൻ സാധിക്കും. അത് ഭാവിയിൽ യുഡിഎഫ്–-ബിജെപി ബഹുജനാടിത്തറയിൽ ചോർച്ചയുണ്ടാക്കുമെന്ന ആശങ്കയാണ് സതീശൻ ഉൾപ്പെടെയുള്ളവരെ സർക്കാർവിരുദ്ധ സമരത്തിന് പ്രേരിപ്പിക്കുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി ഭരണം. അതുകൊണ്ടാണ്, സിൽവർലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റിയത്. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്‍റെ മുൻകൈയിൽ 18 പുതിയ ഹൈസ്പീഡ്​ ലൈൻ നടപ്പാക്കുന്നുണ്ട്​. അതിൽ കേരളമില്ല.

കേന്ദ്രം യുപിയിൽ ഉൾപ്പെടെ നടപ്പാക്കുന്ന അതിവേഗ റെയിൽ പദ്ധതികൾക്കെതിരെ രാഹുലോ പ്രിയങ്കയോ കോൺഗ്രസ്‌ നേതാക്കളോ ഒരു സത്യഗ്രഹവും നടത്തുന്നില്ല. കേന്ദ്ര അവഗണനയെ സ്വന്തം പദ്ധതികൊണ്ട് ചെറുക്കുന്ന കേരള സർക്കാരിനെ പിന്തുണയ്ക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ കേരളീയന്‍റെയും കടമയാണ്. പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും സൃഷ്ടിച്ചിരിക്കുന്ന തെറ്റിദ്ധാരണ മാറ്റേണ്ടതുണ്ട്. പ്രതിപക്ഷ ചേരിയിൽത്തന്നെയുള്ള ചിലർ ആരോഗ്യകരമായ ചില സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ആശയവിനിമയം നടത്തി കേരളത്തെ ഒന്നിച്ചു കൊണ്ടുപോയി വികസനപദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാരിന് താൽപ്പര്യം. അതിനുവേണ്ടിയാണ് മുഖ്യമന്ത്രി നേതൃത്വം നൽകി വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി ആശയവിനിമയ സംഗമങ്ങൾ നടത്താൻ പോകുന്നത്.''

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodiyeri balakrishnanSilverlineK-Rail
News Summary - Silverline is not daydream; Kerala will not allow central projects that destroy nature - Kodiyeri
Next Story