സിൽവർലൈൻ: സർക്കാറും സി.പി.എമ്മും അഴിമതിയുടെ പങ്ക് പറ്റിയെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ പേരിൽ വലിയ ഡീൽ നടന്നു കഴിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജപ്പാനിലെ ഒരു കമ്പനിയുമായി പിണറായി സർക്കാർ ധാരണയുണ്ടാക്കിയിരുന്നു. അതിന്‍റെ പ്രത്യുപകാരം സി.പി.എമ്മിനും സർക്കാറിനും അന്ന് തന്നെ ലഭിച്ചിരുന്നുവെന്നും സുരേന്ദ്രൻ പഞ്ഞു.
ജപ്പാനിൽ എടുക്കാചരക്കായി കിടക്കുന്ന സാധന സാമഗ്രികൾ വാങ്ങാമെന്ന് സർക്കാർ കമ്പനിക്ക് ഉറപ്പ് നൽകിയിരുന്നു. ഇത് വലിയ അഴിമതി ലക്ഷ്യമിട്ടാണെന്നും ആസൂത്രിതമായ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എവിടെ നിന്നാണ് സിൽവർലൈനിന് വേണ്ടി കടം എടുക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം.
കല്ലിടലിന്‍റെ പേരിൽ സർക്കാർ ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണെന്നും റെയിൽവേ വകുപ്പിന്‍റെ അനുമതി ലഭിക്കാതെയാണ് സർവേ നടക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരെ അറിയിക്കാതെ ഗേറ്റ് ചാടിക്കടന്നാണ് പൊലീസ് അതിക്രമം നടത്തുന്നത്. ശബരിമലയിലേത് പോലെ സർക്കാറിന് ഈ കാര്യത്തിലും പിന്നോട്ട് പോവേണ്ടി വരുമെന്നും സുരേന്ദ്രൻ ഓർമിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ സർവേ കല്ലുകളും ബി.ജെ.പി പ്രവർത്തകർ പിഴുതെടുക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് പറഞ്ഞു. പിഴുതെടുക്കുന്ന കല്ലുകൾ മുഖ്യമന്ത്രിയുടെ വസതിയിൽ സ്ഥാപിക്കും. നാളെ രാവിലെ 9 മണിക്ക് ചിറയിൻകീഴ് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നും പറിക്കുന്ന സർവേ കല്ലുകൾ ക്ലിഫ്ഹൗസിൽ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ. സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ ആറ്റിങ്ങൽ ചെറുവള്ളിമുക്കിൽ കെ-റെയിൽ സർവേ കല്ല് സ്ഥാപിച്ച പ്രദേശങ്ങൾ സന്ദർശിച്ച് പിഴുത് മാറ്റി. ബി.ജെ.പി ജില്ല അധ്യക്ഷൻ വി.വി. രാജേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി ജെ.ആർ. പദ്മകുമാർ, ജില്ല ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് തുടങ്ങിയവർ സർവേ കല്ലുകൾ പിഴുതുമാറ്റുന്നതിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.