സിൽവർലൈൻ: കണ്ണൂരിൽ കല്ലിട്ടത് മൂന്നിലൊന്ന് ദൂരം മാത്രം
text_fieldsകണ്ണൂർ: തിരുവനന്തപുരം - കാസർകോട് സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാതപഠനം നടത്തുന്ന ആദ്യ ജില്ലയായ കണ്ണൂരിൽ അലൈൻമെന്റ് തിട്ടപ്പെടുത്തി കല്ലിടൽ പൂർത്തിയായത് മൂന്നിലൊന്ന് ദൂരം മാത്രം. കണ്ണൂരിൽ 62 കി.മീറ്ററിലാണ് സിൽവർലൈൻ കടന്നുപോകുന്നത്. ഇതിൽ 23 കി.മീ. ദൂരമാണ് കല്ലിട്ടത്. മൂന്നിൽ രണ്ടു ദൂരം കല്ലിടൽ ജോലി ബാക്കിനിൽക്കെ നടക്കുന്ന സാമൂഹിക ആഘാത പഠനം എത്രത്തോളം കൃത്യമാകുമെന്ന ആശങ്കയുണ്ട്. അലൈൻമെന്റ് കൃത്യമായാൽ മാത്രമേ സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിക്ക് ഏറ്റെടുക്കുന്ന സ്ഥലത്തെ വീടുകൾ, കൃഷി ഭൂമി, വ്യാപാര സ്ഥാപനങ്ങൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കാനാകൂ.
കോട്ടയം കേന്ദ്രമായുള്ള കേരള വളന്ററി ഹെൽത്ത് സർവിസ് സ്ഥാപനത്തിനാണ് കണ്ണൂരിൽ സാമൂഹിക ആഘാത പഠന ചുമതല. 100 ദിവസം കൊണ്ട് പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വെള്ളിയാഴ്ച ഇറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിലുള്ളത്. ജില്ലയിൽ സിൽവർലൈൻ അലൈൻമെന്റ് തിട്ടപ്പെടുത്തി കല്ലിടൽ തുടങ്ങിയിട്ട് മൂന്നു മാസമായി. ഇതുവരെ പകുതി പോലും കല്ലിടാനായില്ല. സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന ദൂരം പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടിവരും. ഈ സാഹചര്യത്തിൽ 100 ദിവസം കൊണ്ട് ജില്ലയിലെ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കുകയെന്നത് കരാർ ഏജൻസിക്ക് വെല്ലുവിളിയാണ്.
സർക്കാറിന്റെ തിടുക്കപ്പെട്ടുള്ള നീക്കത്തിൽ സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭകർ ഗൂഢനീക്കം ആരോപിക്കുന്നുണ്ട്. കൃത്യമായി വിവരങ്ങൾ ശേഖരിക്കാതെ പദ്ധതിക്ക് അനുകൂലമായ റിപ്പോർട്ട് തട്ടിക്കൂട്ടാനുള്ള നീക്കമായാണ് സംശയിക്കുന്നത്. കണ്ണൂരിൽ 19 വില്ലേജുകളിലായി 106 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇത് ഭൂരിഭാഗവും നിലവിലെ റെയിൽപാതയോടു ചേർന്ന സ്ഥലമാണ്. കണ്ണൂർ പള്ളിക്കുന്നിൽനിന്ന് മാടായി വരെയുള്ള ഭാഗത്താണ് കല്ലിടൽ പൂർത്തിയാക്കിയത്. പള്ളിക്കുന്ന് മുതൽ മാഹി വരെയുള്ള കല്ലിടലാണ് ജില്ലയിൽ ബാക്കിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.