സിൽവർലൈൻ: ഇ-ശ്രീധരന്റെ ബദൽ വേണ്ടെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: അതിവേഗ പാതക്കുവേണ്ടി ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് സർക്കാർ. കേന്ദ്രാനുമതിയിൽ വഴിമുട്ടിയതോടെ പ്രവർത്തനങ്ങളെല്ലാം നിലച്ചെങ്കിലും വേഗപാതയുടെ കാര്യത്തിൽ പ്രഥമ പരിഗണന സിൽവർ ലൈനിന് നൽകിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം.
ഇതോടെ ഡൽഹിയിലെ സർക്കാർ പ്രതിനിധി കെ.വി. തോമസ് ഇടപെട്ടു നടത്തിയ സിൽവർ ലൈൻ നയതന്ത്രവും പാളി. കെ.വി. തോമസ് ആവശ്യപ്പെട്ടതിനനുസരിച്ച് രണ്ട ദിവസത്തിനകം ബദൽപദ്ധതി സമർപ്പിച്ചെന്നും എന്നാൽ, കെ.വി തോമസോ സംസ്ഥാന സർക്കാറോ പ്രതികരണമറിയിച്ചിട്ടില്ലെന്നും നേരത്തേതന്നെ ശ്രീധരൻ വ്യക്തമാക്കിയിരുന്നു. ‘സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് ’ കെ.വി തോമസ് പറഞ്ഞൊഴിഞ്ഞു. പിന്നാലെയാണ് കാര്യങ്ങളിൽ വ്യക്തത വരുത്തി കേന്ദ്രാനുമതി കിട്ടിയാൽ മുഖ്യപരിഗണന സിൽവർ ലൈനിനാണെന്ന സർക്കാർ തീരുമാനം.
ഇ. ശ്രീധരനെ മുന്നിൽ നിർത്തി നിലവിലെ സിൽവർ ലൈൻ ഡി.പി.ആറും പദ്ധതിരേഖയും അനുസരിച്ചുള്ള പദ്ധതിക്ക് കേന്ദ്രത്തിൽ അനുകൂല സാഹചര്യം സൃഷ്ടിക്കലായിരുന്നു സർക്കാർ ലക്ഷ്യം. എന്നാൽ, സിൽവർ ലൈൻ ഒന്നാകെ അപ്രായോഗികമാണെന്ന് തുറന്നടിച്ച ശ്രീധരൻ, സിൽവർ ലൈനിൽനിന്ന് തീർത്തും വ്യത്യസ്തമായ ബദൽ രേഖയാണ് സമർപ്പിച്ചത്.
സിൽവർ ലൈനിൽ ശ്രീധരനെ സഹകരിപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്ന സർക്കാറിനെ സംബന്ധിച്ച് ഈ ബദൽ പദ്ധതി നിർദേശം അപ്രതീക്ഷിതമായിരുന്നു. അതിവേഗ പാതക്കായാലും അർധ അതിവേഗ പാതക്കായാലും പുതിയ ഡി.പി.ആർ തയാറാക്കണമെന്ന ശ്രീധരന്റെ ആവശ്യം സർക്കാറിന്റെ കൈയിലൊതുങ്ങുന്നതുമായിരുന്നില്ല. ഇതോടെയാണ് നീക്കം ഉപേക്ഷിച്ച് കൈകഴുകുന്നത്. അതേസമയം, പദ്ധതിക്ക് കേന്ദ്രം അനുമതി കിട്ടാഞ്ഞതോടെ സിൽവർ ലൈൻ പ്രവർത്തനങ്ങൾ പൂർണമായും നിലച്ച മട്ടാണ്.
പദ്ധതിയുടെ നിർവഹണച്ചുമതലയുണ്ടായിരുന്ന കെ-റെയിൽ, ഇപ്പോൾ മറ്റ് കൺസൽട്ടൻസി ചുമതലകളിലാണ്. വന്ദേഭാരതിലെ തിരക്ക് ചൂണ്ടിക്കാട്ടി, അതിവേഗ യാത്രക്ക് ജനം എതിരല്ലെന്ന് സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണമല്ലാതെ കാര്യമായ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. പ്രവർത്തനങ്ങളെല്ലാം നിശ്ചലമായെങ്കിലും പദ്ധതിയിൽനിന്ന് പിന്മാറിയെന്ന് പ്രഖ്യാപിക്കാൻ സർക്കാർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.