സിൽവർലൈൻ: മുഖ്യമന്ത്രിയുടെ വാദം തള്ളി വിവരാവകാശ രേഖ
text_fieldsതിരുവനന്തപുരം: സിൽവർലൈൻ ഡി.പി.ആർ അപൂർണമാണെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി റെയിൽവേ ബോർഡിൽനിന്നുള്ള വിവരാവകാശ രേഖ. 2020 ജൂണിൽ ഡി.പി.ആർ സമർപ്പിച്ചിട്ടുണ്ടെങ്കിലും മതിയായ സാങ്കേതിക വിവരങ്ങളില്ലെന്നും ഇതു നൽകണമെന്ന് കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരാവകാശ രേഖ അടിവരയിടുന്നു.
അലൈൻമെന്റ് പ്ലാൻ, റെയിൽവേ ഭൂമിയുടെയും സ്വകാര്യഭൂമിയുടെയും വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 2022 ഫെബ്രുവരി രണ്ടിന് ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു. എന്നാൽ, ഇങ്ങനെയൊന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. സിൽവർ ലൈനിനായി ഭൂമിയേറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ പിൻവലിച്ചെങ്കിലും പദ്ധതിയിൽനിന്ന് പിന്മാറില്ലെന്നാണ് സർക്കാർ നിയമസഭയിൽ ആവർത്തിക്കുന്നത്. സിൽവർ ലൈൻ പദ്ധതി നിർത്തിവെക്കാൻ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്രാനുമതി കിട്ടുന്ന മുറക്ക് സാമൂഹികാഘാത പഠനമടക്കം ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും വിവിധ ദിവസങ്ങളിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലും വ്യക്തമാക്കിയിരുന്നു. പദ്ധതി മുന്നൊരുക്കത്തിനും പഠനങ്ങൾക്കുമായി 57.84 കോടിയിലേറെ ഇതിനകം ചെലവഴിച്ചെങ്കിലും പഠനങ്ങൾ അപൂർണമാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
സിൽവർ ലൈനിൽ റെയിൽവേ ഭൂമി വിട്ടുകിട്ടൽ നിർണായകമാണെന്നിരിക്കെ റെയിൽവേ ബോർഡ് അഞ്ചുതവണയാണ് വിവരങ്ങളാരാഞ്ഞ് കത്തയച്ചത്. ഡി.പി.ആറിലെ സംശയങ്ങൾ ദൂരീകരിക്കാനുള്ള വിശദാംശങ്ങൾക്കായി 2021 ജൂലൈ 11നാണ് ആദ്യ കത്ത് കെ-റെയിലിന് നൽകിയത്. ആവശ്യമുള്ള റെയിൽവേ ഭൂമിയുടെ ലൈൻ ഡയഗ്രമും സ്കെച്ചും സ്റ്റേഷനുകളുടെ ഭൂമിശാസ്ത്ര വിവരങ്ങളും മാത്രമാണ് തുടക്കത്തിൽ കെ-റെയിൽ നൽകിയത്.
എന്നാൽ, ഈ വിശദാംശങ്ങൾ വെച്ച് മാത്രം റെയിൽവേ ഭൂമിയുടെ വിനിയോഗം സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താനാവില്ലെന്നും അതിനാൽ വിശദ പ്രപ്പോസൽ നൽകണമെന്നുമായിരുന്നു റെയിൽവേ ബോർഡിന്റെ നിലപാട്. തുടർന്ന് 2021 ആഗസ്റ്റ് എട്ട്, 2021 ഒക്ടോബർ 22, 2022 മേയ് അഞ്ച് തീയതികളിലും റെയിൽവേ ബോർഡ് കത്തയച്ചു. ഈ കത്ത് വിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടി രേഖകൾ എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ട് 2022 ആഗസ്റ്റ് 30നും കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.