‘ചവച്ചരച്ച് മുഖത്തേക്ക് തുപ്പരുത്... ജെബി മേത്തറോടുളള ചെറിയ അഭ്യർഥനയാണ്’; മഹിള കോൺഗ്രസിനെ വിടാതെ സിമി റോസ്ബെല്‍
text_fieldsകൊച്ചി: സ്വകാര്യ ടിവി ചാനൽ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി മുന്‍ എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ്ബെല്‍ ജോൺ. കോൺഗ്രസിൽ തന്നെ പിന്തുണക്കുന്ന നിരവധി പേരുണ്ടെന്നും അതിന് ഉദാഹരണമാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെന്നും സിമി റോസ്ബെല്‍ പറഞ്ഞു.
സി.പി.എമ്മുമായി ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വെല്ലുവിളിക്കുകയാണ്. തെളിഞ്ഞാൽ ശിരസ് മുണ്ഡനം ചെയ്ത് കെ.പി.സി.സിക്ക് സമർപ്പിക്കും. ലതിക സുഭാഷിനെ പോലെ കരഞ്ഞോണ്ടല്ല, ചിരിച്ചു കൊണ്ടാണ് സമർപ്പിക്കുകയെന്നും സിമി പറഞ്ഞു.
സിമി റോസ്ബെല്ലിനോട് നേരിട്ട് ഏറ്റുമുട്ടാനുള്ള ഭയം കൊണ്ട് സി.പി.എമ്മിനെ കൂട്ടുപിടിച്ചതാണോ എന്ന് സംശയമുണ്ട്. നിലവിലെ വനിത നേതൃത്വം വാലാട്ടികളും സ്തുതിപാഠകരുമാണ്. തന്നോട് ചെയ്തത് അനീതിയാണെന്ന് ചെന്നിത്തലക്ക് മാത്രമല്ല കേരളത്തിലെ മുഴുവൻ മാധ്യമപ്രവർത്തകർക്കും തോന്നിയിട്ടുണ്ട്.
കെ.പി.സി.സിയിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുപറയാൻ കൊള്ളില്ലെന്നും ലജ്ജാകരമാണെന്നുമുള്ള വയനാട് ക്യാമ്പിലെ പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയെ കുറിച്ച് അന്വേഷിക്കണം. റോസക്കുട്ടി ടീച്ചറും ലതിക സുഭാഷും പത്മജ വേണുഗോപാലും ഷാഹിദ കമാലും അടക്കമുള്ള ഞങ്ങൾ കെ.പി.സി.സിയിൽ എന്താണ് നടക്കുന്നതെന്ന് കണ്ടിട്ടില്ല. എന്താണ് കണ്ടതെന്ന് പ്രതിപക്ഷ നേതാവാണ് വ്യക്തമാക്കേണ്ടത്.
കഴിഞ്ഞ രണ്ട് വർഷം മുമ്പുവരെ ജെബി മേത്തർ എന്ന ഒരു നേതാവിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് ഡൽഹിയിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞത്. കെ. കരുണാകരനും എ.കെ. ആന്‍റണിയും വഹിച്ച രാജ്യസഭ സീറ്റുകൾ അവരുടെ മക്കളായ പത്മജക്കും അനിൽ ആന്‍റണിക്കും നൽകാമായിരുന്നു. 10 വർഷമായി ജെബി മേത്തറെ ആർക്കെങ്കിലും അറിയാമോ.
തന്നെ പുറത്താക്കാൻ വേണ്ടി മാത്രം ഒരു സംഘത്തെ ഉണ്ടാക്കിയിട്ടുണ്ട്. എന്താണ് ഈ പാർട്ടിയിൽ നടക്കുന്നത്. ഞങ്ങൾക്ക് പൊതുരംഗത്ത് പ്രവർത്തിക്കേണ്ടേ. നേതാക്കളുടെ ഗുഡ് ബുക്കിൽ വന്നാൽ മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളോ -സിമി റോസ്ബെൽ ചോദിച്ചു.
ചവച്ചരച്ച് സീനിയേഴ്സിന്‍റെ മുഖത്തേക്ക് തുപ്പരുതെന്നും ജെബി മേത്തറോടുളള ചെറിയ അഭ്യർഥനയാണിതെന്നും സിമി റോസ്ബെൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചതിനാണ് സിമി റോസ്ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചത്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലേയും കെ.പി.സി.സി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നല്‍കിയ പരാതിയില്‍ കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഷാനിമോൾ ഉസ്മാൻ, ബിന്ദുകൃഷ്ണ, പി.കെ. ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ.എ. തുളസി, ജെബി മേത്തർ എം.പി എന്നിവരടക്കമുള്ള വനിതാ നേതാക്കളാണ് നടപടി ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.