ഒരേസമയം രണ്ട് ഐ.എ.എസുകാർക്ക് സസ്പെൻഷൻ സംസ്ഥാന ചരിത്രത്തിൽ അപൂർവം
text_fieldsതിരുവനന്തപുരം: രണ്ട് ഉന്നത സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കെതിരെ ഒരേസമയം സസ്പെൻഷൻ സംസ്ഥാന ചരിത്രത്തിലെ അപൂർവത. വ്യവസായ വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെയും കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിനെയുമാണ് സംസ്ഥാന സർക്കാർ ഒരേദിവസം സസ്പെൻഡ് ചെയ്തത്. സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കിടയിൽ ഇത്ര ഗൗരവതരമായ പെരുമാറ്റച്ചട്ടലംഘനം സംസ്ഥാനത്ത് ആദ്യമെന്ന് ഒരു മുൻ ചീഫ് സെക്രട്ടറി പറഞ്ഞു. തിരുവനന്തപുരം കലക്ടറായിരുന്ന ജെറോമിക് ജോർജ് ചികിത്സക്കായി ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തിയെന്ന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചതാണ് അടുത്തിടെയുണ്ടായ പ്രധാന നടപടി.
പ്രധാന തസ്തികയിലുള്ള സിവിൽ സർവിസ് ഉദ്യോഗസ്ഥൻ മതാടിസ്ഥാനത്തിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കി സമൂഹത്തിൽ ഭിന്നത പരത്താൻ ശ്രമിക്കുന്ന തരത്തിലുള്ള ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കേന്ദ്ര സർക്കാറിനെ പ്രീണിപ്പിച്ച് ഉന്നതസ്ഥാനം നേടാനായിരുന്നു ശ്രമമെന്ന വിവരവും പുറത്തുവന്നു. അടുത്ത സംസ്ഥാന പൊലീസ് മേധാവിക്കസേര ഉറപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് ദേശീയ നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു.
ഗോപാലകൃഷ്ണനെതിരായ വാർത്ത പുറത്തായതിലുള്ള പകപോക്കലായാണ് പ്രശാന്തിനെതിരെ തുടർച്ചയായി വാർത്തകൾ വന്നതെന്ന് പറയപ്പെടുന്നു. ഇരുവരുടെയും നടപടിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലും ഭിന്നാഭിപ്രായമാണ്. സർക്കാർ ഉത്തരവിടാതെ സ്വന്തം നിലക്കാണ് പ്രശാന്തിനെതിരെ ജയതിലക് റിപ്പോർട്ട് നൽകിയതെന്ന് ഒരു വിഭാഗം പറയുന്നു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും അന്തിമ തീരുമാനമെടുക്കും മുമ്പ് ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി റിപ്പോർട്ട് വിവരാവകാശനിയമപ്രകാരം പോലും പുറത്തുവിടാൻ പാടില്ലെന്ന ഹൈകോടതി ഉത്തരവിന്റെ ലംഘനമാണിതെന്നും പ്രശാന്തിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ, മുതിർന്ന ഉദ്യോഗസ്ഥന്റെ ഫോട്ടോ ഉൾപ്പെടെ ഉപയോഗിച്ച് സമൂഹമാധ്യമത്തിൽ രൂക്ഷപ്രതികരണം നടത്തുന്നത് അച്ചടക്കലംഘനമാണെന്ന് ജയതിലകിനോട് അടുപ്പമുള്ളവർ വാദിക്കുന്നു. പ്രശ്നം വഷളാകുംമുമ്പ് ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കേണ്ടിയിരുന്നെന്ന അഭിപ്രായവുമുണ്ട്.
ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ നടപടി വൈകിപ്പിക്കാനായിരുന്നു സർക്കാർ ഉദ്ദേശിച്ചിരുന്നത്. സർക്കാറിന്‍റെ പ്രതിച്ഛായ തകർക്കുംവിധം ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി സമൂഹമാധ്യമത്തിൽ സജീവമായതോടെ നടപടിക്ക് സർക്കാർ നിർബന്ധിതമാകുകയായിരുന്നു.
അതേസമയം, സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കിടയിലെ അഭിപ്രായഭിന്നത പുതിയതല്ലെന്നും അച്ചടക്ക നടപടികളിൽ ഇടപെടാറില്ലെന്നുമാണ് ഇക്കാര്യത്തിൽ ഐ.എ.എസ് അസോസിയന്‍റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.