സിന്ധുവിന്‍റെ ആത്മഹത്യ വകുപ്പുതല റിപ്പോർട്ട് സമർപ്പിച്ചു
text_fieldsമാനന്തവാടി: ജോയന്റ് ആർ.ടി ഓഫിസ് ജീവനക്കാരി സിന്ധു ആത്മഹത്യചെയ്ത സംഭവത്തിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. മോട്ടോർ വാഹന വകുപ്പ് കമീഷണർ എം.ആർ. അജിത്ത് കുമാറിനാണ് റിപ്പോർട്ട് നൽകിയത്. മോട്ടോർ വാഹന വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി കമീഷണർ ആർ. രാജീവ് ജില്ലയിലെത്തി തെളിവെടുപ്പ് നടത്തിയാണ് റിപ്പോർട്ട് നൽകിയത്.
സിന്ധുവിന്‍റെ മരണത്തിൽ ഓഫിസ് ജീവനക്കാർക്ക് നേരിട്ട് പങ്കില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് ഡെപ്യൂട്ടി കമീഷണറുടെ റിപ്പോർട്ട് എന്നാണ് സൂചന. വകുപ്പുതല നടപടികളുടെ ഭാഗമായി മാനന്തവാടി ഓഫിസിലെ ജീവനക്കാർക്ക് സ്ഥാനചലനം ഉണ്ടായേക്കാനാണ് സാധ്യത.വയനാട് ആർ.ടി.ഒ ഇ. മോഹൻ ദാസ്, മാനന്തവാടി ജോയന്റ് ആർ.ടി.ഒ വിനോദ് കൃഷ്ണ എന്നിവരിൽനിന്നും മൊഴിയെടുത്തിരുന്നു.
നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച ജൂനിയർ സൂപ്രണ്ട് അജിത കുമാരിയും ഓഫിസിലെത്തി മൊഴിനൽകിയിരുന്നു. പ്രത്യേകം തയാറാക്കിയ ചോദ്യാവലിയിലാണ് ജീവനക്കാർ മൊഴി രേഖപ്പെടുത്തി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.സിന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഓഫിസിലെ ജീവനക്കാർക്കെതിരെ വ്യാപക പരാതികൾ ഉയരുകയും പൊലീസ് കണ്ടെടുത്ത കുറിപ്പുകളിൽ ചില ജീവനക്കാരുടെ പേരുകൾ പരാമർശിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
ട്രാൻസ്പോർട്ട് ഓഫിസറെ ചോദ്യം ചെയ്തു
മാനന്തവാടി: കൈക്കൂലിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്ന് ഭിന്നശേഷിക്കാരിയായ മോട്ടോർ വാഹന ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ഇ. മോഹൻദാസിനെ ചോദ്യം ചെയ്തു. കേസന്വേഷണ ചുമതലയുള്ള മാനന്തവാടി എസ്.എച്ച്.ഒ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്‌ച ആർ.ടി.ഒ ഓഫിസിൽ വെച്ച് ചോദ്യംചെയ്തത്.
ഇതിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി ജോയന്റ് ആർ.ടി.ഒ ഓഫിസിൽനിന്ന് മുമ്പ് മൊഴിയെടുത്ത ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. ആത്മഹത്യക്ക് മുമ്പ് എഴുതിയ കുറിപ്പിൽ പരാമർശിച്ചവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഏപ്രിൽ ആറിനാണ് എള്ളുമന്ദം പുളിയാർ മറ്റത്തിൽ സിന്ധു ആത്മഹത്യ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.